സ്ത്രീകള്‍ക്കായി ഒരു സംഘടനയുടെ ആവശ്യമില്ലെന്ന് നടന്‍ ബൈജു. എന്താടാ എന്ന് സ്ത്രീകള്‍ ചോദിച്ചാല്‍ തന്നെ പുരുഷന്‍ ഇല്ലാതെയാകുമെന്നും അതിനുള്ള തന്റേടം സ്ത്രീക്ക് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ ബോള്‍ഡായി നിന്നാല്‍ ആരും മോശമായി പെരുമാറില്ലെന്നും ബൈജു പറഞ്ഞു.
എന്തെങ്കിലും മോശമായി സംഭവിക്കാതെ നോക്കേണ്ടത് അവരവരുടെ ഉത്തരവാദിത്തമാണെന്നും സംഭവിച്ച് കഴിഞ്ഞിട്ട് പരാതി പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ചെറുത്ത് നില്‍ക്കാന്‍ ഓരോരുത്തരും പഠിക്കണമെന്നും കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
‘ഇന്നത്തെ കാലത്ത് സ്ത്രീകള്‍ക്കായിട്ട് ഒരു സംഘടനയുടെ ആവശ്യമൊന്നുമില്ല. ഇപ്പോഴത്തെ സ്ത്രീകള്‍ വളരെ ബോള്‍ഡല്ലെ. അവരോട് ആര്‍ക്കാണ് കളിക്കാന്‍ പറ്റുന്നത്. ഒരു സ്ത്രീ എണീറ്റ് നിന്ന് എന്താടാ, നിനക്ക് എന്തുവേണം എന്ന് ചോദിച്ചാല്‍ തീര്‍ന്നു. അത്രയേയുള്ളു ഇവിടുത്തെ പുരുഷന്‍.
പത്ത് പേരുടെ മുന്നില്‍ വെച്ച് സ്ത്രീ ഒരു ചോദ്യം ചോദിച്ചാല്‍ പുരുഷന്‍ തീര്‍ന്നു. പക്ഷെ അത് ചോദിക്കാനുള്ള തന്റേടം വേണം. തന്റേടം കാണിക്കേണ്ടയിടത്ത് അത് കാണിക്കണം. പിന്നല്ലാതെ എന്തിനാണ് അങ്ങനെയൊരു വാക്ക്. അത് സ്ത്രീ കാണിക്കാന്‍ പാടില്ല പുരുഷനെ കാണിക്കാന്‍ പാടുള്ളു എന്നൊന്നുമില്ല. അവര്‍ ബോള്‍ഡായി നിന്നാല്‍ അവരുടെയടുത്ത് ആരു മോശമായി പെരുമാറില്ല.
പഴയ കാലത്തെ കഥയൊന്നും ഇനി പറഞ്ഞ് നടന്നിട്ട് കാര്യമില്ല. കഴിഞ്ഞുപോയ കാര്യങ്ങളെല്ലാം കഴിഞ്ഞ് പോയി. വ്യക്തിപരമായി നമ്മള്‍ ശക്തരാവുക എന്നതാണ് പ്രധാനം. എന്തെങ്കിലും പ്രശ്‌നം പറ്റി കഴിഞ്ഞിട്ട് സംഘടനയില്‍ പോയി പറയുന്നതിലും നല്ലത് അതല്ലേ. അങ്ങന ആകുമ്പോള്‍ പ്രശ്‌നങ്ങളെ മുളയിലെ നുള്ളാന്‍ കഴിയുമല്ലോ.
നമുക്ക് ഇഷ്ടമില്ലാത്ത കാര്യം വേറൊരാള്‍ ആവശ്യപ്പെടുകയാണെങ്കില്‍ പ്രതികരിക്കാനുള്ള അധികാരമുണ്ട്. എന്തെങ്കിലും സംഭവിക്കാതെ നോക്കേണ്ടത് അവരവരുടെ ഉത്തരാവദിത്തമാണ്. സംഭവിച്ച് കഴിഞ്ഞിട്ട് പറഞ്ഞിട്ട് കാര്യമുണ്ടോ. അപ്പോള്‍ തന്നെ ചെറുത്ത് നില്‍ക്കാന്‍ പഠിക്കണം. ഇതാണ് എന്റെ അഭിപ്രായം,’ ബൈജു പറഞ്ഞു
content highlight: baiju santhosh about crime against women