| Tuesday, 29th March 2022, 6:14 pm

സാഗര്‍ വിന്‍സെന്റ് നല്‍കിയത് കള്ള പരാതി; ദിലീപിന്റെ സ്വാധീനത്തിനു വഴങ്ങിയാണ് സാഗര്‍ മൊഴിമാറ്റിയത്: ബൈജു പൗലോസ് കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷി സാഗര്‍ വിന്‍സെന്റിനെതിരെ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. സാഗര്‍ നല്‍കിയത് കള്ള പരാതിയാണെന്നും പിന്നില്‍ ദിലീപിന്റെ സ്വാധീനമുണ്ടെന്നും ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ബൈജു പൗലോസ് അങ്കമാലി ജെ.എഫ്.എം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സാഗറിനെ താന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ബൈജു പൗലോസ് വ്യക്തമാക്കി.

ദിലീപിന്റെ സ്വാധീനത്തിനു വഴങ്ങിയാണ് സാഗര്‍ മൊഴിമാറ്റിയത്. ദിലീപിന്റെ സഹോദരന്‍ അനൂപും കാവ്യാമാധവന്റെ ഡ്രൈവര്‍ സുനീറൂം അഭിഭാഷകരും ചേര്‍ന്നാണ് സാഗറിനെ സ്വാധീനിച്ചതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കേസിലെ മറ്റൊരു സാക്ഷി ശരത് ബാബുവിന്റെ മൊഴിമാറ്റാന്‍ സാഗര്‍ ശ്രമിച്ചതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. ടെലിഫോണ്‍ രേഖകള്‍ അടക്കം ലഭിച്ച സാഹചര്യത്തിലാണ് വീണ്ടും സാഗറിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്നും അങ്കമാലി ജെ.എഫ്.എം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ദിലീപിന്റെ സ്വാധീനത്തിനു വഴങ്ങിയാണ് സാഗര്‍ മൊഴിമാറ്റിയതെന്ന് തെളിയിക്കുന്ന ഡിജിറ്റല്‍ തെളിവുകളും ടെലിഫോണ്‍ രേഖകളും ലഭിച്ചതായും ബൈജു പൗലോസ് കോടതിയില്‍ അറിയിച്ചു.

തുടരന്വേഷത്തിന്റെ പേരില്‍ ബൈജു പൗലോസ് തന്നെ ഉപദ്രവിക്കുമെന്ന ആശങ്കയുള്ളതായും തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് ബൈജു പൗലോസ് നല്‍കിയ നോട്ടീസിലെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു സാഗര്‍ വിന്‍സെന്റ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.

കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെ ജീവനക്കാരനായിരുന്നു സാഗര്‍ വിന്‍സെന്റ്. കേസില്‍ പ്രതി വിജീഷ് ലക്ഷ്യയില്‍ എത്തിയത് കണ്ടതായി പൊലീസിന് മൊഴി നല്‍കിയ സാഗര്‍, പിന്നീട് കോടതിയില്‍ മൊഴി മാറ്റുകയായിരുന്നു.

പൊലീസ് അന്വേഷണത്തില്‍ ആലപ്പുഴയിലെ റെയ്ബാന്‍ ഹോട്ടലില്‍ എത്തിച്ചാണ് സാഗറിനെ ദിലീപിന്റെ സംഘം മൊഴി മാറ്റാന്‍ നിര്‍ബന്ധിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഹോട്ടലില്‍ കാവ്യാമാധവന്റെ ഡ്രൈവര്‍ സുനീറും സാഗറും താമസിച്ചതിന്റെ രേഖകളും പുറത്തുവന്നിരുന്നു.

Content Highlights: Baiju Poulose says Sagar Vincent changed his mind by dileep’s councelling

We use cookies to give you the best possible experience. Learn more