കൊച്ചി: നടിയെ ആക്രമിച്ചകേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസ് നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന് വിചാരണ കോടതി. കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷ മാധ്യമങ്ങള്‍ക്ക് നല്‍കിയെന്ന പരാതിയിലാണ് നടപടി.
കേസിലെ തുടരന്വേഷണം രഹസ്യമായി സൂക്ഷിക്കണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. എന്നാല്‍ ഇത് പാലിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബൈജു പൗലോസിനോട് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ പറഞ്ഞത്.
കേസിലെ പ്രതി ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ ബാര്‍ കൗണ്‍സിലിന് കഴിഞ്ഞ ദിവസം അതിജീവിത ഔദ്യോഗിക പരാതി നല്‍കിയിരുന്നു. രാമന്‍പിള്ള ഉള്‍പ്പെടെയുള്ള അഭിഭാഷകരുടെ നിയമവിരുദ്ധ ഇടപെടലുകളില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്.
അതേസമയം, തനിക്കെതിരെ മാധ്യമവിചാരണ നടക്കുന്നുവെന്നും ഇത് തടയണമെന്നുമാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ നാലാം പ്രതി വിജീഷിന് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. നടിയെ ആക്രമിച്ച സമയത്ത് ഒന്നാം പ്രതി പള്‍സര്‍ സുനിക്കൊപ്പം വാഹനത്തിലുണ്ടായിരുന്നയാളാണ് വിജീഷ്.