ഇത്തവണ ജയിച്ചില്ലെങ്കിൽ ഇനി മത്സരിക്കരുതെന്ന് സുരേഷ് ഗോപിയോട് പറഞ്ഞു: ബൈജു സന്തോഷ്
Entertainment
ഇത്തവണ ജയിച്ചില്ലെങ്കിൽ ഇനി മത്സരിക്കരുതെന്ന് സുരേഷ് ഗോപിയോട് പറഞ്ഞു: ബൈജു സന്തോഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 17th May 2023, 12:45 am

 

ഇത്തവണ സുരേഷ് ഗോപി ഇലക്ഷനിൽ ജയിച്ചില്ലെങ്കിൽ ഇനി മത്സരിക്കരുതെന്ന് അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ടെന്ന് നടൻ ബൈജു.
ഇനി അദ്ദേഹം മത്സരിക്കില്ലെന്ന് മറുപടി നൽകിയെന്ന് ബൈജു പറഞ്ഞു.
ക്യാൻ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബൈജു.

‘ഇനി മുകേഷിന് സീറ്റ് കിട്ടുവോ എന്ന് എനിക്കറിയില്ല. പുതിയ പിള്ളേർക്ക് കൊടുക്കാനാണ് സാധ്യത. തൃശൂരിൽ സുരേഷ് ഗോപിയും മത്സരിക്കുന്നുണ്ട്. പക്ഷെ അവിടുത്തെ ആളുകൾ എന്നോട് പറഞ്ഞത് ഇത്തവണ സുരേഷ് ഗോപി ജയിക്കുമെന്നാണ്.


കാരണം കേന്ദ്രത്തിൽ എന്തായാലും ബി.ജെ.പിയെ വരൂ എന്നാണ് എന്റെ നിഗമനം. അപ്പോൾ സുരേഷ് ഗോപി തൃശൂർ നിന്ന് ജയിച്ചാൽ ആ ജില്ലക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടാകും. ജയിച്ചാൽ എന്തെങ്കിലും ചെയ്യുന്ന ആളും ആണ് അദ്ദേഹം. ഒരു സംശയവുമില്ല. ഞാൻ പറയാതെ തന്നെ എല്ലാവർക്കും അറിയുന്ന കാര്യമാണത്. സാധ്യതയുമുണ്ട്.

ഇത്തവണ ജയിച്ചില്ലെങ്കിൽ ഇനി ഒരിക്കലും ഒരു മത്സരത്തിന് നിങ്ങൾ പോകരുതെന്ന് ഷൂട്ടിങ് സമയത്ത് അദ്ദേഹത്തോട് ഞാൻ പറഞ്ഞു. ഇത് അവസാനത്തെ മത്സരം ആയിരിക്കണം എന്നും പറഞ്ഞു. ഇനി ഞാൻ മത്സരിക്കില്ലെന്ന് പുള്ളി എന്നോട് പറയുകയും ചെയ്തു. ബാക്കി തൃശൂരത്തെ ജനങ്ങൾക്ക് വിട്ടുകൊടുക്കാം,’ അദ്ദേഹം പറഞ്ഞു.

ഗണേഷ് കുമാറിനെപ്പറ്റിയും അദ്ദേഹം പറഞ്ഞു. ഗണേഷ് ഒരു സിനിമ നടൻ എന്നതിലുപരി ഒരു നല്ല രാഷ്ട്രീയക്കാരനാണെന്ന് അദ്ദേഹം പറഞ്ഞു.
‘ഗണേഷ് ഒരു നല്ല നടൻ എന്നതിലുപരി മിടുക്കനായ രാഷ്ട്രീയക്കാരനാണ്. ജനങ്ങളുടെ മനസ്സ് അറിയാവുന്ന ഒരു പൊതുപ്രവർത്തകനാണ് ഗണേഷ്. കാരണം മന്ത്രി ആയിരുന്നപ്പോൾ അദ്ദേഹം ഒത്തിരി ശോഭിച്ചിട്ടുണ്ട്,’ ബൈജു പറഞ്ഞു.

Content Highlights: Baiju on Suresh Gopi