സിദ്ദിഖ് സംവിധാനം ചെയ്ത് 2011ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് കാവലന്‍. സിദ്ദിഖിന്റെ തന്നെ മലയാള ചിത്രമായ ബോഡിഗാര്‍ഡിന്റെ റീമേക്കാണ് ഇത്. വിജയ് നായകനായ കാവലനില്‍ അസിന്‍, മിത്ര കുര്യന്‍, വടിവേലു, രാജ്കിരണ്‍, റോജ സെല്‍വമണി എന്നിവരാണ് പ്രധാനവേഷത്തില്‍ എത്തിയത്. ഭൂമിനാഥന്‍ എന്ന കഥാപാത്രമായി വിജയ് എത്തിയ സിനിമയില്‍ അദ്ദേഹത്തിനൊപ്പം ഫൈറ്റ് സീനില്‍ ബൈജു എഴുപുന്നയും അഭിനയിച്ചിരുന്നു.
കാവലനില്‍ വിജയ്‌യുമായി ഫൈറ്റ് ചെയ്തതിനെ കുറിച്ച് പറയുകയാണ് ബൈജു. ആദ്യമായി വിജയ് എതിരെ നില്‍ക്കുന്ന കഥാപാത്രത്തില്‍ നിന്ന് അടിവാങ്ങി താഴെ വീഴുന്നത് ഈ സിനിമയില്‍ ആണെന്നും നടന്‍ പറഞ്ഞു. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബൈജു എഴുപുന്ന. വിജയ്‌യുമായി തനിക്ക് നല്ല ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ വിജയ്‌യുമായി ഫൈറ്റ് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ കാവലന്‍ എന്ന സിനിമയില്‍ ഇരുപത് ദിവസം ഫൈറ്റ് സീനിനായി ഞാന്‍ ഉണ്ടായിരുന്നു. ആദ്യമായാണ് വിജയ് ഒരു സിനിമയില്‍ ഓപ്പോസിറ്റ് നില്‍ക്കുന്ന കഥാപാത്രത്തില്‍ നിന്ന് അടിവാങ്ങി താഴെ വീഴുന്നത്. പിന്നെ അദ്ദേഹവുമായി വേലായുധം എന്ന സിനിമ ചെയ്തു. അതിനൊക്കെ ശേഷം വിജയ്‌യുമായി അത്യാവശ്യം നല്ല ബന്ധമുണ്ട്,’ ബൈജു എഴുപുന്ന പറഞ്ഞു.
ഫൈറ്റ് സീനുകള്‍ക്ക് ഇടയില്‍ അപകടങ്ങള്‍ ഉണ്ടാകാറുണ്ടെന്നും താന്‍ ഇതുവരെ നാനൂറില്‍ അധികം ഫൈറ്റ് സീക്വന്‍സുകള്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു. എല്ലാ മാസ്റ്റര്‍മാരുടെയും കൂടെ പോയി താന്‍ ഫൈറ്റ് ചെയ്തിട്ടുണ്ടെന്നും ബൈജു കൂട്ടിച്ചേര്‍ത്തു.
‘ഫൈറ്റ് സീനുകളുടെ ഇടയില്‍ അപകടങ്ങള്‍ ഉണ്ടാകാറുണ്ട്. ഇതുവരെ ചെയ്ത മുന്നൂറ് സിനിമകളില്‍ ഇരുന്നൂറ് സിനിമകള്‍ എടുത്താല്‍, അതിലൊക്കെ രണ്ടോ മൂന്നോ ഫൈറ്റുകള്‍ ഉണ്ടാകും. എല്ലാ സിനിമകളിലെയും രണ്ട് ഫൈറ്റുകള്‍ വെച്ച് കണക്കുകൂട്ടിയാല്‍ നാനൂറില്‍ അധികം ഫൈറ്റ് സീക്വന്‍സുകള്‍ ഞാന്‍ ചെയ്തിട്ടുണ്ടാകും. എല്ലാ മാസ്റ്റര്‍മാരുടെയും കൂടെ പോയി ഞാന്‍ ഫൈറ്റ് ചെയ്തിട്ടുണ്ട്. ഫൈറ്റിന്റെ ഇടയില്‍ ടൈമിങ്ങ് എന്നത് അങ്ങനെ കൃത്യമായി സെറ്റ് ചെയ്യാന്‍ പറ്റില്ല. എത്ര ടൈമിങ്ങ് നോക്കിയാല്‍ ചില സമയത്ത് നമ്മളുടെ കൈയ്യില്‍ നിന്ന് പോകും,’ ബൈജു എഴുപുന്ന പറഞ്ഞു.
Content Highlight: Baiju Ezhupunna Talks About Vijay And Kaavalan Movie