| Thursday, 1st August 2024, 9:56 pm

കോഴി വാങ്ങിവരുന്ന മമ്മൂക്കയോടൊപ്പം ഫൈറ്റ് സീന്‍; അന്ന് അദ്ദേഹത്തിന്റെ താടിയില്‍ ഇടിച്ചതും ഞാന്‍ പേടിച്ചു: ബൈജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയ്ത് 1999ല്‍ പുറത്തിറങ്ങിയ ചിത്രമാണ് എഴുപുന്ന തരകന്‍. മമ്മൂട്ടി, ജഗദീഷ്, മധു, നമ്രത ശിരോദ്കര്‍ എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മമ്മൂട്ടി എഴുപുന്ന സണ്ണി തരകനായി എത്തിയ ഈ സിനിമ പ്രതീക്ഷിച്ച അത്രയും വിജയം നേടിയിരുന്നില്ല.

എഴുപുന്ന തരകനില്‍ നടന്‍ ബൈജു എഴുപുന്നയും അഭിനയിച്ചിരുന്നു. മമ്മൂട്ടിയുമായി അദ്ദേഹത്തിന് ചിത്രത്തില്‍ ഫൈറ്റ് സീനുകളും ഉണ്ടായിരുന്നു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഈ സിനിമയിലെ തന്റെ ആദ്യ ഫൈറ്റ് സീനിന്റെ അനുഭവം പങ്കുവെക്കുകയാണ് ബൈജു.

‘ഫൈറ്റിന് ഇടയില്‍ ഞാന്‍ ടൈമിങ്ങ് തെറ്റിച്ച് അടിച്ച ഒരാളാണ് മമ്മൂക്ക. എഴുപുന്നതരകന്‍ എന്ന സിനിമയിലായിരുന്നു അത്. അതിലാണ് എനിക്ക് ആദ്യമായി മമ്മൂക്കയുടെ കൂടെ ഒരു കോമ്പിനേഷന്‍ സീന്‍ കിട്ടുന്നത്. സിനിമയില്‍ ഞാന്‍ അദ്ദേഹത്തിന്റെ ഓപ്പോസിറ്റ് വില്ലനായിട്ടാണ് അഭിനയിച്ചിരുന്നത്. മമ്മൂക്കയുടെ പേര് തരകന്‍ എന്നാണ്.

ഒരു സീനില്‍ ഞാനും സാദിഖും കൂടെ ജീപ്പില്‍ വരികയാണ്. ആ സമയത്ത് കോഴിയും വാങ്ങിച്ച് കൊണ്ട് മമ്മൂക്കയും ജഗഗീഷും വരുന്നുണ്ട്. അതില്‍ ഞങ്ങള്‍ പരസ്പരം ഓരോന്ന് പറഞ്ഞ് അവസാനം ഫൈറ്റ് നടക്കും. ഒരു പാലത്തിന് അടുത്ത് വെച്ചാണ് ഈ സീന്‍ എടുക്കുന്നത്. ആദ്യ ഷോട്ടില്‍ മമ്മൂക്കയുടെ താടിയില്‍ എന്റെ കാല്‍മുട്ട് ശരിക്കും കൊണ്ടു. മമ്മൂക്കയോടൊപ്പം എനിക്കുള്ള ആദ്യ കോമ്പിനേഷന്‍ സീനിലെ ആദ്യ ഫൈറ്റ് സീനായിരുന്നു അതെന്ന് ഓര്‍ക്കണം.

ആ സിനിമയില്‍ ഞങ്ങള്‍ ഒരുമിച്ച് പിന്നെയും നാല് ഫൈറ്റ് സീനുകള്‍ കൂടെ ഉണ്ടായിരുന്നു. നൂറ് ശതമാനവും എന്നെ ആ സിനിമയില്‍ നിന്ന് മാറ്റുമെന്ന് ഞാന്‍ ഉറപ്പിച്ചു. പക്ഷെ മമ്മൂക്ക അന്ന് ഒന്നും പറഞ്ഞില്ല. മര്യാദക്ക് നോക്കി ചെയ്തു കൂടെയെന്ന് പോലും അദ്ദേഹം പറഞ്ഞില്ലെന്നാണ് എന്റെ ഓര്‍മ. മാസ്റ്റര്‍ വന്നിട്ട് ‘ബൈജു, നോക്കി ചെയ്യൂ. ശ്രദ്ധിക്കണം’ എന്ന് പറഞ്ഞിരുന്നു,’ ബൈജു എഴുപുന്ന പറഞ്ഞു.


Content Highlight: Baiju Ezhupunna Talks About Fight Scene With Mammootty In Ezhupunna Tharakan Movie

We use cookies to give you the best possible experience. Learn more