| Monday, 22nd July 2024, 11:17 am

ചിക്കന്‍ വാങ്ങാന്‍ പോയ ജോസില്‍ നിന്ന് വല്ലാത്ത മാറ്റം നടത്തിയ ബൈജു ഏഴുപുന്ന

അമര്‍നാഥ് എം.

20 വര്‍ഷത്തിലധികമായി മലയാളസിനിമയുടെ ഭാഗമായിട്ടുള്ള നടനാണ് ബൈജു ഏഴുപുന്ന. കരിയറിന്റെ ആദ്യ കാലങ്ങളില്‍ വില്ലന്റെ സഹായിയായി പേരില്ലാത്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചയാളാണ് ബൈജു ഏഴുപുന്ന. കരിയറില്‍ ശ്രദ്ധിക്കപ്പെടുന്ന റോള്‍ കിട്ടുന്നത് 2009ല്‍ പുറത്തിറങ്ങിയ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഇവിടം സ്വര്‍ഗമാണ് എന്ന ചിത്രത്തിലാണ്.

ലാലു അലക്‌സ് അവതരിപ്പിച്ച ആലുവ ചാണ്ടി എന്ന വില്ലന്റെ വലംകൈയായ ജോസ് എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. ട്രോളുകളിലൂടെ താരത്തിന്റെ ക്ലൈമാക്‌സ് സീനിലെ എക്‌സ്പ്രഷന്‍ ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പോക്കിരിരാജയില്‍ മമ്മൂട്ടിയുടെ വലംകൈയായ കഥാപാത്രമയും താരം ശ്രദ്ധിക്കപ്പെട്ടു. മലയാളസിനിമയുടെ ഗതി മാറ്റിയ ട്രാഫിക്കിലും ബൈജുവിന് മികച്ച വേഷമാണ് ലഭിച്ചത്.

പിന്നീട് താരത്തിന് ലഭിച്ച മികച്ച കഥാപാത്രം കുമ്പളങ്ങി നൈറ്റ്‌സിലാണ്. ഗ്രേസ് ആന്റണിയുടെ ചിറ്റപ്പനായി ഒരു സീനില്‍ മാത്രമേ താരം വന്നുള്ളുവെങ്കിലും ഓര്‍ത്തിരിക്കാന്‍ പറ്റുന്ന കഥാപാത്രമായിരുന്നു അത്. ഫഹദ് ഫാസില്‍ അവതരിപ്പിച്ച ഷമ്മി അപമാനിച്ചു വിടുമ്പോള്‍ അതിന്റെ സങ്കടം മുഴുവന്‍ ഒരു ചെറിയ ചിരിയിലൊതുക്കുന്ന ചിറ്റപ്പനായി മികച്ച പെര്‍ഫോമന്‍സ് ബൈജു ഏഴുപുന്ന കാഴ്ചവെച്ചു.

ഇപ്പോഴിതാ സൂരജ് ടോം സംവിധാനം ചെയ്ത വിശേഷത്തിലും മികച്ചൊരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ബൈജുവിന് സാധിച്ചു. നായകനായ ഷിജു ഭക്തന്റെ ചേട്ടന്‍ സുബുവായി മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. സ്വന്തം അനിയന്‍ എപ്പോഴെല്ലാം തളര്‍ന്ന് പോകുന്നുവോ അപ്പോഴെല്ലാം താങ്ങായി കൂടെ നില്‍ക്കുന്ന സുബുവേട്ടന്‍ ബൈജുവിന്റെ കൈയില്‍ ഭദ്രമായിരുന്നു.

വില്ലന്‍ കഥാപാത്രത്തില്‍ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെട്ട നടനില്‍ നിന്ന് ക്യാരക്ടര്‍ റോളുകളിലേക്ക് മാറിയ നടന്മാര്‍ മലയാളത്തില്‍ ഒരുപാടുണ്ട്. അക്കൂട്ടത്തിലേക്ക് തന്റെ പേരും എഴുതി ചേര്‍ത്തിരിക്കുകയാണ് ബൈജുവും. ചിക്കന്‍ വാങ്ങാന്‍ പോയ ജോസില്‍ നിന്ന് ഒരുപാട് ദൂരം മുന്നേറിയിരിക്കുകയാണ് ബൈജു ഏഴുപുന്ന എന്ന നടന്‍. ഇനിയും ഈ നടനില്‍ നിന്ന് മികച്ച കഥാപാത്രങ്ങള്‍ പ്രതീക്ഷിക്കാം.

Content Highlight: Baiju Ezhupunna’s performance in Vishesham movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more