നടന്‍ എന്നതിലുപരി നല്ലൊരു മനുഷ്യനും കൂടിയാണ് മമ്മൂട്ടി. പുറമേ ദേഷ്യക്കാരന്‍ എന്ന ഇമേജ് ഉണ്ടെങ്കിലും അടുപ്പമുള്ളവര്‍ക്ക് മമ്മൂക്കയെ പറ്റി നല്ലത് മാത്രമേ പറയാനുള്ളൂ. മലയാളത്തിലെ ഇപ്പോഴത്തെ ഒരുപാട് പ്രമുഖ സംവിധായകരേയും അഭിനേതാക്കളേയും മമ്മൂട്ടി സിനിമയിലേക്ക് കൈപിടിച്ചെത്തിച്ചിട്ടുണ്ട്.
മമ്മൂക്കയുമായുള്ള ബന്ധത്തെ പറ്റി പറയുകയാണ് ബൈജു ഏഴുപുന്ന. എഴുപുന്ന തരകന്‍, മാമാങ്കം, ഗാനഗന്ധര്‍വന്‍, പോക്കിരിരാജ തുടങ്ങി നിരവധി സിനിമകളില്‍ മമ്മൂട്ടിയോടൊപ്പം ബൈജു അഭിനയിച്ചിട്ടുണ്ട്. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടിയുമായുള്ള ബന്ധത്തെ പറ്റി ബൈജു മനസ് തുറന്നത്.
‘മമ്മൂക്കയുമായി ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട്. എഴുപുന്നതരകനില്‍ തുടങ്ങിയ ബന്ധമാണ്, ആ സിനിമയില്‍ ഞാന്‍ വില്ലനായിരുന്നു. മമ്മൂക്ക എന്ന പറഞ്ഞാല്‍ അതൊരു അവതാരം തന്നെയാണ്.
മമ്മൂക്കയുടെ കൂടെ കൊണ്ടു നടക്കുന്ന കുറച്ച് പേരുണ്ട്. അതില്‍ പെട്ട ഒരാളാണ് ഞാന്‍. മമ്മൂക്കയോടൊപ്പം ഒരുപാട് സ്ഥലങ്ങളില്‍ പോയിട്ടുണ്ട്. ദുബായിലും അബുദാബിയിലും ഒക്കെ എന്നെ കൊണ്ടുപോയിട്ടുണ്ട്,’ ബൈജു പറഞ്ഞു.
‘ഈ 70ാം പിറന്നാളിന് മമ്മൂട്ടി സ്റ്റേറ്റ്‌സിലായിരുന്നു. അന്ന് അവിടെ ആദ്യം പോയി കണ്ടത് ഞാനാണ്. എന്തിനാണ് ഇത്ര ദൂരം വന്നതെന്നൊക്കെ അന്ന് മമ്മൂക്ക ചോദിച്ചു. വീട്ടില്‍ നിന്നും ഭക്ഷണമൊക്കെ ഉണ്ടാക്കി മമ്മൂക്കയ്ക്ക് കൊടുക്കാറുണ്ട്. അങ്ങനെ നല്ല ഒരു ബന്ധമാണ് ഞങ്ങള്‍ തമ്മിലുണ്ട്. ഒരുപാട് സിനിമകള്‍ ഒന്നിച്ച് ചെയ്തിട്ടുണ്ട്.
ഒരാള്‍ക്ക് ഒരു വിഷമം ഉണ്ടായാല്‍ അത് മനസിലാക്കി അതിനൊരു പോംവഴി കാണുന്ന ആളാണ് മമ്മൂട്ടി. കാണുമ്പോള്‍ അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ തോന്നും. ഭയങ്കര ആത്മാര്‍ത്ഥത ആണ് മമ്മൂക്കയ്ക്ക്,’ ബൈജു കൂട്ടിച്ചേര്‍ത്തു.
ആറാട്ടാണ് ബൈജു അഭിനയിച്ചതില്‍ ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. ബി.ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ റാമ്പോ എന്ന കഥാപാത്രത്തെയാണ് ബൈജു അവതരിപ്പിച്ചത്.
Content Highlight: baiju ezhupunna about his relationship with mammootty