| Tuesday, 29th March 2022, 10:32 am

അവന്റെ കഷ്ടകാലത്തിന് അതുമായി എന്റെ അടുത്തുവന്നു, റെയില്‍വേ ട്രാക്കിലൂടെ ഓടിച്ചിട്ട് തല്ലി ഞാന്‍; വ്യാജ സി.ഡിക്കാരെ 'കൈകാര്യം' ചെയ്തതിനെ കുറിച്ച് ബൈജു എഴുപുന്ന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വ്യാജ സി.ഡി വില്‍ക്കുന്നവരോട് തനിക്ക് ദേഷ്യമാണെന്നും അത്തരക്കാര്‍ ആരെങ്കിലും തന്റെ മുന്നില്‍ വന്ന് പെട്ടാല്‍ അവരെ കാര്യമായി തന്നെ കൈകാര്യം ചെയ്യാറുണ്ടെന്നും നടനും നിര്‍മാതാവുമായ ബൈജു എഴുപുന്ന. അത്തരത്തില്‍ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ബൈജു എഴുപുന്ന പറഞ്ഞു.

തമിഴില്‍ വിശാലാണെങ്കില്‍ മലയാളത്തില്‍ ബൈജു എഴുപുന്നയാണ്. വ്യാജ സി.ഡി വില്‍ക്കുന്നവരെ കണ്ടാല്‍ ഓടിച്ചിട്ട് അടിക്കുന്ന ആളാണെന്ന് കേട്ടിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് ഇതൊക്കെ എങ്ങനെ കണ്ടുപിടിച്ചെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

‘ഞാന്‍ നല്ല ഇടികൊടുത്തിട്ടുണ്ട്. ഒരു ദിവസം ഞാന്‍ തിയേറ്ററില്‍ നിന്ന് വരുന്നവഴി ഒരു റെയില്‍വേ ബ്ലോക്കില്‍ കിടക്കുകയാണ്. അപ്പോള്‍ ഒരു പയ്യന്‍ ഇങ്ങനെ വ്യാജ സി.ഡി വിറ്റുകൊണ്ടിരിക്കുകയാണ്. അവന്റെ കഷ്ടകാലത്തിന് അവന്‍ ഞാന്‍ ആരാണെന്ന് അറിയാതെ എന്റെ കാറിനടുത്തേക്ക് അത് കൊണ്ടുവന്നു തന്നു.

ഇത് ഏതാ പടമെന്ന് ഞാന്‍ ചോദിച്ചു. ചേട്ടാ ഇത് ആ തിയേറ്ററില്‍ കളിച്ചുകൊണ്ടിരിക്കുന്ന പടമാണ്. എന്തിനാണ് തിയേറ്ററിലൊക്കെ പോയി കാണുന്നതെന്ന് എന്നോട് ചോദിച്ചു. അവന് എന്നെ മനസിലായിട്ടില്ലെന്ന് തോന്നി. എത്ര എണ്ണം ഉണ്ട്, എന്റെ ഫ്രണ്ടസ് ഒക്കെ ഉണ്ടെന്ന് ഞാന്‍ പറഞ്ഞു. ചേട്ടന് എത്ര എണ്ണം വേണമെന്നായി അവന്‍.

ഇതോടെ ഞാന്‍ വണ്ടിയില്‍ നിന്ന് ഇറങ്ങി. അവനെ ട്രെയില്‍വേ ട്രാക്കിലൂടെ ഓടിച്ചിട്ടു. ഒടുവില്‍ അവനെ പിടിച്ച്, സംഭവം ഞാന്‍ കേസാക്കി.

പിന്നെ തിയേറ്ററില്‍ വന്ന് ഷൂട്ട് ചെയ്ത ആള്‍ക്കാരെ ഒരുപാട് പിടിച്ചിട്ടുണ്ട്. ഞാന്‍ ഒരു നിര്‍മാതാവ് കൂടി ആയതുകൊണ്ടാവാം, ഒരു സിനിമയെടുക്കുമ്പോഴുള്ള ബുദ്ധിമുട്ട് അറിയുന്നതുകൊണ്ടാവാം. എങ്ങനെയാണ് നമ്മള്‍ ആ പൈസ ഉണ്ടാക്കുന്നത് എന്ന് അറിയാം.

രണ്ടര മണിക്കൂര്‍ സിനിമ തിയേറ്ററില്‍ വന്ന് കഴിഞ്ഞാല്‍ ഒറ്റയടിക്ക് അത് തള്ളിക്കളയുമ്പോള്‍ എങ്ങനെയാണ് നമ്മള്‍ ആ പൈസ കൊണ്ടുവരുന്നത് എന്ന വിഷമം എനിക്ക് നന്നായിട്ട് അറിയാം. നമ്മുടെ സുഹൃത്തുക്കള്‍ക്ക് അറിയാം, ബൈജു എഴുപുന്ന പറഞ്ഞു.

തിയേറ്ററില്‍ വന്നിരുന്ന് സിനിമയുടെ ഇന്‍ട്രോ സീനും നായകന്റെ എന്‍ട്രിയുമൊക്കെ ഫോണില്‍ പകര്‍ത്തുന്നവരോട് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് ഒരിക്കലും അത് ചെയ്യാന്‍ പാടില്ലെന്നും ക്രൂരതയാണെന്നും അദ്ദേഹം പറഞ്ഞു. സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട സീനാണ് ഇന്‍ട്രോ. അത് എടുത്തിട്ട് കാണിച്ചുകൊടുക്കുന്നു എന്നത് പ്രേക്ഷകനെ വെല്ലുവിളിക്കുകയാണ്. ഭയങ്കര ക്രൂരതയാണ്. അത് അത് ചെയ്യാന്‍ പാടില്ല, ബൈജു എഴുപുന്ന പറഞ്ഞു.

Content Highlight: Baiju Ezhuppanna About Fake Movie CD Sellers

We use cookies to give you the best possible experience. Learn more