| Monday, 29th January 2024, 10:30 pm

സായിയോട് അവര്‍ ആരാണെന്ന് ചോദിച്ചപ്പോള്‍ മോഹന്‍ലാലിനെ സിനിമയില്‍ കൊണ്ടുവന്നയാളുടെ അസിസ്റ്റന്റ്‌സാണെന്ന് പറഞ്ഞു: ബൈജു അമ്പലക്കര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് സായ് കുമാര്‍. താരം റാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തില്‍ അഭിനയിച്ചതിനെ കുറിച്ച് പറയുകയാണ് ചലച്ചിത്ര നിര്‍മാതാവ് ബൈജു അമ്പലക്കര. മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സായ് ഒരിക്കല്‍ എന്നോട് അയാള്‍ക്കൊരു സിനിമയില്‍ അവസരം ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ ആരുടെ സിനിമയാണ് അതെന്ന് ചോദിച്ചു. സിദ്ദീഖ്-ലാലിന്റെ സിനിമയാണെന്ന് സായ് മറുപടി പറഞ്ഞു. അന്ന് ഈ സിദ്ദീഖ്-ലാല്‍ ആരാണെന്ന് ആര്‍ക്കും തന്നെ അറിയില്ലായിരുന്നു.

ആരാണ് ഈ സിദ്ദീഖ്-ലാലെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ഫാസില്‍ സാറിന്റെ അസിസ്റ്റന്റുമാരാണെന്ന് പറഞ്ഞു. ഫാസില്‍ സാറെന്ന് പറയുമ്പോള്‍ വലിയ ഡയറക്ടറാണ്. മോഹന്‍ലാല്‍ സാറിനെ പോലും സിനിമയില്‍ കൊണ്ടുവന്നയാളാണ്.

അദ്ദേഹത്തിന്റെ അസിസ്റ്റന്റുമാരാണെന്ന് കേട്ടപ്പോള്‍ എനിക്ക് വലിയ സന്തോഷം തോന്നി. സായിയോട് ഈ സിനിമ നന്നായിരിക്കുമെന്ന് ഞാന്‍ പറഞ്ഞു.

സിനിമയില്‍ ഹ്യൂമറാണെന്ന് കേട്ടപ്പോള്‍ കൂടെ അഭിനയിക്കാന്‍ ആരൊക്കെയുണ്ടെന്ന് ചോദിച്ചു. മുകേഷും ഇന്നസെന്റും ഉണ്ടെന്നായിരുന്നു മറുപടി. അന്ന് ഒരു ഓള്‍ ദ ബെസ്റ്റ് പറഞ്ഞ് ഞങ്ങള്‍ പിരിഞ്ഞു. പിന്നെ ഷൂട്ടിങ്ങിനിടയില്‍ സായി സിനിമയെ പറ്റി പറയാറുണ്ട്.

എനിക്കാണെങ്കില്‍ സിനിമാഭ്രാന്ത് മനസിലങ്ങനെ കിടക്കുകയാണ്. അന്നാണെങ്കില്‍ നമുക്ക് അത്രയെളുപ്പം ആരെയും കോള്‍ ചെയ്യാന്‍ പറ്റില്ല. മൊബൈല്‍ ഒന്നുമില്ല. ലൈന്‍ഫോണില്‍ വല്ലപ്പോഴും കിട്ടിയാല്‍ കിട്ടിയെന്ന അവസ്ഥയാണ്. ഞാന്‍ ഇടക്കിടെ സായിയെ വിളിക്കും.

അങ്ങനെ പടം റിലീസാകുന്ന ദിവസമടുത്തു. റിലീസാകുന്നതിന്റെ തലേന്ന് ഞങ്ങള്‍ പരസ്പരം കണ്ടു. പിറ്റേന്ന് ഒരുമിച്ച് പടം കാണാന്‍ തീരുമാനിച്ചു. അന്ന് ഞങ്ങള്‍ ഒരുമിച്ചിരുന്ന് സിനിമ കണ്ടു. പടം നല്ല ഹിറ്റ്. ഇത്രയും കോമഡി നിറഞ്ഞ പടം ഞാന്‍ ആദ്യമായിട്ടായിരുന്നു കാണുന്നത്.

മാറ്റിനിക്ക് അന്ന് ആളുണ്ടായിരുന്നില്ല. കുറച്ച് പേരെ ഉണ്ടായിരുന്നുള്ളു. ഫസ്റ്റ് ഷോക്ക് നിറയെ ആളുകള്‍ ആയിരുന്നു. ഞങ്ങള്‍ പോയത് ഫസ്റ്റ് ഷോക്കായിരുന്നു. അപ്പോഴാണ് ഞാന്‍ അറിയുന്നത് സിനിമയുടെ പേര് ‘റാംജി റാവു സ്പീക്കിങ്’ ആണെന്ന്,’ ബൈജു അമ്പലക്കര പറഞ്ഞു.


Content Highlight: Baiju Ambalakkara Talks About Siddique Lal

We use cookies to give you the best possible experience. Learn more