‘വല്ല്യേട്ടന്‍’ സിനിമയില്‍ മനോജ് കെ. ജയന്റെ കഥാപാത്രത്തിന് പകരം ഗണേഷ് കുമാറിനെയായിരുന്നു തീരുമാനിച്ചിരുന്നതെന്ന് നിര്‍മാതാവ് ബൈജു അമ്പലക്കര. മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മമ്മൂട്ടിയെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമയായിരുന്നു ‘വല്ല്യേട്ടന്‍’. രഞ്ജിത്തായിരുന്നു സിനിമയുടെ തിരക്കഥയെഴുതിയത്. ശോഭന, സായ് കുമാര്‍, എന്‍.എഫ്. വര്‍ഗീസ്, സിദ്ദിഖ്, മനോജ് കെ.ജയന്‍ എന്നിവരായിരുന്നു ഇതിലെ മറ്റു പ്രധാന താരങ്ങള്‍.
‘വല്ല്യേട്ടന്‍ സിനിമയില്‍ മനോജ് കെ. ജയന്റെ കഥാപാത്രത്തിന് പകരം ഗണേഷ് കുമാറിനെയായിരുന്നു തീരുമാനിച്ചിരുന്നത്. ഗണേഷിന് അന്ന് രാഷ്ട്രീയമൊന്നും ഉണ്ടായിരുന്നില്ല. ആ സമയത്ത് അവന്‍ ഹീറോയായിട്ട് ഒന്നോ രണ്ടോ സിനിമകളില്‍ മാത്രമേ അഭിനയിച്ചിരുന്നുള്ളു. ബാക്കിയുള്ളതിലൊക്കെ സഹനടനായാണ് അഭിനയിച്ചിരുന്നത്.
ഈ സിനിമയില്‍ അഭിനയിക്കണമെന്ന് അവന് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. എനിക്കും ഗണേഷ് ഈ സിനിമയില്‍ വേണമെന്നുണ്ടായിരുന്നു. കാരണം അവന്‍ എന്റെ അടുത്ത സുഹൃത്തായിരുന്നു. മനോജിന്റെ കഥാപാത്രമായിരുന്നു അവന് വേണ്ടി തീരുമാനിച്ചതെന്ന് ഞാന്‍ അറിഞ്ഞിരുന്നു.
എന്നിട്ടും ഷാജിയോട് ഈ സിനിമയില്‍ ഗണേഷുമുണ്ടാകണമെന്ന് ഞാന്‍ ഇടയ്ക്ക് ഓര്‍മിപ്പിച്ചു. ആ കാലത്ത് ഷാജിയുടെ എല്ലാ സിനിമകളിലും ഗണേഷുമുണ്ടായിരുന്നു. ഇതിനകത്തും അവന്‍ ഉണ്ടാകുമെന്ന് ഷാജി എന്നോട് പറഞ്ഞു. അതോടെ ഞാന്‍ ഗണേഷിനോട് അവനും ഈ സിനിമയില്‍ ഉണ്ടാകുമെന്നും നല്ല വേഷമാണെന്നും പറഞ്ഞു.
മനോജും എന്റെ അടുത്ത സുഹൃത്തായിരുന്നു. മനോജിന് സിനിമയില്‍ മറ്റേതെങ്കിലും ഒരു വേഷമാകും ഉണ്ടാവുകയെന്നാണ് ഞാന്‍ കരുതിയത്. അങ്ങനെ എന്നെ ഇടയ്ക്കിടെ ഗണേഷ് വിളിച്ച് സിനിമയെ പറ്റി ചോദിച്ചു തുടങ്ങി. അപ്പോഴൊക്കെ ഞാന്‍ സിനിമ ഷൂട്ട് തുടങ്ങുന്നതെന്നാണെന്ന് അവനോട് പറയും. പക്ഷെ അവസാനം ഷൂട്ടിങ്ങ് തുടങ്ങിയിട്ടും ഷാജി ഗണേഷിനെ വിളിച്ചില്ല.
എനിക്കത് വിഷമമായി. ഷാജിയോട് ചോദിച്ചപ്പോള്‍ പത്ത് ദിവസം കഴിഞ്ഞാണ് ഗണേഷന്റെ ഭാഗം വരുന്നതെന്നാണ് അവന്‍ പറഞ്ഞത്. എന്നാല്‍ പത്തും ഇരുപതും ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഗണേഷനെ വിളിച്ചില്ല. ഷാജി കൈലാസിന്റെ അടുത്ത സുഹൃത്താണ് ഗണേഷ്. രണ്ടുപേരും അകന്ന ബന്ധുക്കളുമാണ്. ഇവര്‍ തമ്മില്‍ ഇതിനിടയില്‍ മാനസികമായി എന്തോ ചെറിയ സൗന്ദര്യപ്പിണക്കമുണ്ടായിരുന്നു.
അതുകൊണ്ടാണെന്ന് തോന്നുന്നു ഗണേഷിനെ ഒഴിവാക്കിയത്. പക്ഷെ ഇതിനിടയില്‍ ഞാന്‍ അനുഭവിച്ച മാനസിക വിഷമം ഭയങ്കരമായിരുന്നു. കാരണം ഗണേഷന്റെ അമ്മ എന്നെ വിളിച്ച് സംസാരിച്ചിരുന്നു. ബൈജുവിന്റെ അടുത്ത സുഹൃത്തല്ലേ ഗണേഷ്, പിന്നെന്താണ് അവന്‍ ആ സിനിമയില്‍ ഇല്ലാതിരുന്നതെന്ന് ചോദിച്ചു. ഷാജി കൈലാസ്-രഞ്ജിത്ത് ഒരുമിച്ച് ചെയ്യുന്ന സിനിമകള്‍ ഹിറ്റാകുന്ന സമയമായത് കൊണ്ട് തന്റെ മകന്‍ അതില്‍ അഭിനയിക്കണമെന്നാഗ്രഹം അവര്‍ക്കുണ്ടാകണം. മമ്മൂട്ടിയുടെ കൂടെ അങ്ങനെ ഒരു സിനിമ ചെയ്യണമെന്ന് ഗണേഷിനും ആഗ്രഹമുണ്ടായിരുന്നു. ആരാണെങ്കിലും അങ്ങനെ ആഗ്രഹിക്കും,’ ബൈജു അമ്പലക്കര പറഞ്ഞു.
Content Highlight: Baiju Ambalakkara Talks About Shaji Kailas And Ganesh Kumar