| Monday, 29th January 2024, 8:42 pm

അയാള്‍ മോഹന്‍ലാലിനും മുകളിലെത്തേണ്ട നടന്‍; മമ്മൂട്ടി ആ നടനെ പറ്റി എന്നോട് പറഞ്ഞിരുന്നു: ബൈജു അമ്പലക്കര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റാംജി റാവു സ്പീക്കിങ് സിനിമക്ക് ശേഷം സായ് കുമാര്‍ ഒരുപാട് പടങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും കഥാപാത്രങ്ങള്‍ നോക്കാതെ അഭിനയിച്ചതാണ് അദ്ദേഹത്തിന് പറ്റിയ അബദ്ധമെന്ന് ചലച്ചിത്ര നിര്‍മാതാവ് ബൈജു അമ്പലക്കര.

മോഹന്‍ലാലിനും മുകളിലെത്തേണ്ട നടനായിരുന്നു സായ് കുമാറെന്നും മമ്മൂട്ടി തന്നോട് സായിയെ പറ്റി അയാള്‍ വളരെ റേഞ്ചുള്ള നടനാണെന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വാരിവലിച്ച് കുറേ സിനിമകളില്‍ അഭിനയിച്ചത് കാരണമാണ് സായ് കുമാര്‍ പരാജയപ്പെട്ടതെന്നും അത് കണ്‍ട്രോള്‍ ചെയ്യാന്‍ ആളില്ലാതെയായി പോയെന്നും അദ്ദേഹം പറയുന്നു. മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബൈജു അമ്പലക്കര.

‘സായിക്ക് സിനിമയില്ലെങ്കില്‍ നാടകമുണ്ട്. അയാള്‍ ഒരു കലാകാരനാണ്, വലിയ ഒരു കലാകാരന്റെ മകനുമാണ്. അദ്ദേഹത്തിന്റെ മുഖത്ത് ഒരിക്കലും ടെന്‍ഷന്‍ കാണാറില്ല. ‘റാംജി റാവു സ്പീക്കിങ്’ സിനിമ കാണാന്‍ തിയേറ്ററില്‍ പോയപ്പോള്‍ വളരെ ആസ്വദിച്ചായിരുന്നു ഞങ്ങള്‍ ആ സിനിമ മുഴുവന്‍ കണ്ടത്.

സിനിമ കണ്ട് തിയേറ്ററിന് പുറത്തിറങ്ങിയതും സായിയുടെ ചുറ്റും ആളുകള്‍ കൂടി. അതോടെ സായി അയാളുടെ കാറിലും ഞാന്‍ എന്റെ കാറിലുമായിട്ട് അവിടുന്ന് പോയി. പിന്നെ ആള്‍ക്ക് നില്‍ക്കാന്‍ പറ്റാതെ ഫോണ്‍കോളുകള്‍ കൊണ്ട് ബഹളമായി. അങ്ങനെയാണ് പിന്നീട് സായ് ഒരുപാട് പടങ്ങള്‍ ചെയ്യുന്നത്.

ഇടക്ക് അദ്ദേഹത്തിന് പറ്റിയ അബദ്ധം, സ്വന്തം ശരീരം നോക്കിയില്ലെന്നതാണ്. പിന്നെ പടങ്ങളില്‍ കഥാപാത്രങ്ങള്‍ നോക്കാതെ അഭിനയിക്കുകയും ചെയ്തു. ശരിക്കും മോഹന്‍ലാല്‍ സാറിനും മുകളില്‍ എത്തേണ്ട നടനായിരുന്നു സായ്.

സായിക്ക് വെറുതെയൊന്ന് ഡയലോഗ് വായിച്ചു കേള്‍പ്പിച്ചു കൊടുത്താല്‍ മതി. ആള്‍ പെര്‍ഫോം ചെയ്യുന്നത് കണ്ടാല്‍ നമ്മള്‍ തന്നെ അത്ഭുതപ്പെട്ടു പോകും. അത്രയും റേഞ്ചുള്ള നടനാണ്.

മമ്മൂക്ക എന്നോട് സായിയെ പറ്റി പറഞ്ഞിട്ടുണ്ട്, അവന്‍ വളരെ റേഞ്ചുള്ള നടനാണെന്ന്. സായി തന്റെ ശരീരമൊക്കെ നോക്കി നല്ല ഡയറക്ടര്‍മാരുടെ സിനിമകളില്‍ അഭിനയിച്ചിരുന്നെങ്കില്‍ സൂപ്പര്‍സ്റ്റാറായേനേ.

വാരിവലിച്ച് കുറെ സിനിമയില്‍ അഭിനയിച്ചത് കൊണ്ടാണ് പരാജയം പറ്റിയത്. അത് കണ്‍ട്രോള്‍ ചെയ്യാന്‍ ആളില്ലാതെയായി പോയി. മറ്റുള്ളവരൊക്കെ വളരെ നോക്കിയും കണ്ടുമാണ് ചെയ്യുന്നത്. സായി കഥാപാത്രങ്ങള്‍ ശ്രദ്ധിക്കാത്തത് കാരണം നായകപരിവേഷം മാറി വില്ലന്‍പരിവേഷമായി. ശരീരം ശ്രദ്ധിക്കാതെയായി,’ ബൈജു അമ്പലക്കര പറഞ്ഞു.


Content Highlight: Baiju Ambalakkara Talks About Sai Kumar

We use cookies to give you the best possible experience. Learn more