അത്തരം കഥാപാത്രങ്ങള്‍ മമ്മൂക്കയേക്കാള്‍ കൂടുതല്‍ ചെയ്തിട്ടുള്ളത് മോഹന്‍ലാലാണ്: ബൈജു അമ്പലക്കര
Entertainment
അത്തരം കഥാപാത്രങ്ങള്‍ മമ്മൂക്കയേക്കാള്‍ കൂടുതല്‍ ചെയ്തിട്ടുള്ളത് മോഹന്‍ലാലാണ്: ബൈജു അമ്പലക്കര
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 8th June 2024, 4:36 pm

ഇന്ന് ചിലര്‍ പറയുന്നത് പോലെ മമ്മൂട്ടി ഒരു മതത്തെ പിടിച്ച് മുന്നോട്ട് പോകുന്ന വ്യക്തിയല്ലെന്ന് പറയുകയാണ് പ്രൊഡ്യൂസര്‍ ബൈജു അമ്പലക്കര. താരത്തിന്റെ അടുത്ത് കഥ പറയാന്‍ പോയാല്‍ അദ്ദേഹം തന്നെയാണ് കഥ കേള്‍ക്കാറുള്ളതെന്നും മറ്റാരും കേള്‍ക്കുന്നതായി തനിക്ക് അറിയില്ലെന്നും ബൈജു പറയുന്നു. മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബൈജു അമ്പലക്കര.

‘മമ്മൂക്കയുടെ അടുത്ത് കഥ പറയാന്‍ പോയാല്‍ അദ്ദേഹം തന്നെയാണ് അത് കേള്‍ക്കാറുള്ളത്. വേറെയാരും കഥ കേള്‍ക്കുന്നതായി എനിക്ക് അറിയില്ല. നമ്മുടെ സിനിമ ചെയ്യുമ്പോഴൊക്കെ അങ്ങനെയായിരുന്നു. പിന്നെ അദ്ദേഹം ഒരു മതത്തെ പിടിച്ച് മുന്നോട്ട് പോകുന്ന വ്യക്തിയല്ല.

അങ്ങനെ ഒരു കാര്യത്തെ കുറിച്ച് ഞാന്‍ കേട്ടിട്ടില്ല. അദ്ദേഹത്തിന് അങ്ങനെയുള്ള സ്വഭാവമില്ലെന്നാണ് എന്റെ അറിവ്. ഞാനുമായിട്ട് മമ്മൂക്കക്ക് നല്ല അടുപ്പമുണ്ടായിരുന്നു. ഇപ്പോള്‍ കുറച്ച് ആളുകള്‍ അദ്ദേഹത്തിന്റെ കൂടെ കൂടികാണും. അതിനെ കുറിച്ചൊന്നും എനിക്ക് അറിയില്ല.

അദ്ദേഹം 99 ശതമാനവും ഹിന്ദു സംസ്‌കാരത്തിന്റെ സിനിമകളാണ് ചെയ്യുന്നത്. അത് നമുക്ക് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. മുസ്‌ലിം സംസ്‌കാരത്തിലുള്ള സിനിമകളില്‍ അഭിനയിക്കുന്നത് വളരെ കുറവാണ്. അത്തരം കഥാപാത്രങ്ങള്‍ മമ്മൂക്കയേക്കാള്‍ കൂടുതല്‍ മോഹന്‍ലാല്‍ ചെയ്തിട്ടുണ്ട്.

എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ സി.ബി.ഐ ഡയറികുറിപ്പ് എന്ന സിനിമ ഇറങ്ങിയിരുന്നു. അതിന്റെ തുടര്‍ച്ചയായി മൊത്തം അഞ്ച് സിനിമകള്‍ വന്നിട്ടുണ്ട്. ആ സിനിമക്ക് കഥ എഴുതി കൊണ്ടിരിക്കുമ്പോള്‍ ഒരു മുസ്‌ലിം കഥാപാത്രമായിരുന്നു നായകന്‍. ഞാന്‍ എവിടെ നിന്നോ കേട്ട കാര്യമാണ് ഇത്. എവിടെയേ വായിച്ച് കേട്ടതല്ലാതെ എനിക്ക് അറിയില്ല.

മമ്മൂക്കയാണ് ആ സിനിമയില്‍ ഒരു മുസ്‌ലിം സി.ബി.ഐ ഉദ്യോഗസ്ഥന്‍ വേണ്ടെന്ന് പറഞ്ഞത്. അയ്യരായ ഉദ്യോഗസ്ഥനാകും നല്ലതെന്ന് പറഞ്ഞതോടെയാണ് ആ മാറ്റം ഉണ്ടാകുന്നത്. അദ്ദേഹം ഒരു മതത്തെ പിടിച്ച് മുന്നോട്ട് പോകുന്ന വ്യക്തിയാണെങ്കില്‍ ഒരു അയ്യര്‍ കഥാപാത്രത്തെ വെച്ച് സിനിമ ചെയ്താല്‍ മതിയെന്ന് പറയുമോ,’ ബൈജു അമ്പലക്കര പറഞ്ഞു.


Content Highlight: Baiju Ambalakkara Talks About Mohanlal And Mammootty