| Monday, 30th October 2023, 10:06 pm

മോഹന്‍ലാല്‍ ഹിറ്റടിച്ചതോടെ അവര്‍ മമ്മൂട്ടിയെ ഒഴിവാക്കി; സുഹൃത്തുക്കളായതിനാല്‍ അവരുമായി എനിക്ക് ഉടക്കാന്‍ പറ്റില്ലായിരുന്നു: ബൈജു അമ്പലക്കര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയെ നായകനാക്കി താന്‍ ‘വല്ല്യേട്ടന്‍’ സിനിമ ചെയ്യാന്‍ തീരുമാനിച്ച കാര്യത്തെ കുറിച്ച് സംസാരിക്കുകയാണ് നിര്‍മാതാവ് ബൈജു അമ്പലക്കര. അതേസമയത്ത് ഷാജി കൈലാസും രഞ്ജിത്തും ചേര്‍ന്ന് ആ സിനിമക്ക് പകരം മോഹന്‍ലാലിനെ നായകനാക്കി മറ്റൊരു സിനിമ ചെയ്തതിനെ പറ്റിയും അദ്ദേഹം സംസാരിക്കുന്നുണ്ട്. മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തിലാണ് ബൈജു അമ്പലക്കര ഇത് പറഞ്ഞത്.

‘ഷാജി കൈലാസും രഞ്ജിത്തും രണ്‍ജി പണിക്കരുമൊക്കെയായി എനിക്ക് നല്ല ബന്ധമായിരുന്നു. ഒരു സിനിമ മാത്രം എടുത്ത് നില്‍ക്കുന്ന സമയമാണെങ്കില്‍ പോലും സായി കുമാര്‍ വഴി സിനിമയില്‍ ഒരുപാട് ബന്ധങ്ങള്‍ എനിക്കുണ്ടാക്കാന്‍ കഴിഞ്ഞിരുന്നു. ഷാജി കൈലാസ് ‘ഏകലവ്യന്‍’, ‘കമ്മീഷണര്‍’ പോലെയുള്ള ഒരുപാട് നല്ല സിനിമകള്‍ ചെയ്ത് നില്‍ക്കുന്ന സമയമായിരുന്നു അത്.

രണ്‍ജി പണിക്കര്‍-ഷാജി കൈലാസ് ടീമായിരുന്നു അതു ഹിറ്റാക്കിയത്. അന്ന് ആ സിനിമകള്‍ക്കൊക്കെ കഥ എഴുതിയത് രണ്‍ജി പണിക്കറായിരുന്നു. അങ്ങനെയിരിക്കെ രണ്‍ജി പണിക്കര്‍ ജോഷിയേട്ടന്റെ അടുത്തേക്ക് പോയി. അപ്പോള്‍ ഷാജിക്ക് നല്ല കഥ എഴുതാന്‍ ആളില്ലാതെയായി. അങ്ങനെയാണ് രഞ്ജിത്തിനെ കൊണ്ടു വരുന്നത്. അന്ന് രണ്ടുപേരും ചേര്‍ന്ന് ‘ആറാം തമ്പുരാന്‍’ സിനിമയെടുത്തു. അത് വലിയ ഹിറ്റായിരുന്നു.

ആ സമയത്താണ് ഞാന്‍ പുതിയ സിനിമ ചെയ്യാന്‍ തീരുമാനിക്കുന്നത്. ഷാജിയുമായി എനിക്ക് നല്ല സുഹൃത്ത് ബന്ധമായിരുന്നു. അന്ന് സിനിമാ വ്യവസായം സ്ഥിരമായി കൊണ്ടുനടക്കാന്‍ പറ്റിയ ഒന്നായിരുന്നില്ല. എങ്കിലും അന്ന് ഞാന്‍ സഹോദരനോട് നമുക്ക് ഒരു വലിയ ബിഗ് ബജറ്റ് സിനിമ ചെയ്യണമെന്ന് പറഞ്ഞു. ഷാജിയെ വെച്ചു സിനിമ ചെയ്യാമെന്ന് തീരുമാനിച്ചു. സഹോദരന് സിനിമയെ പറ്റി ഒരു ധാരണയില്ലായിരുന്നു. ഞാന്‍ നേരിട്ട് ചെന്ന് ഷാജിയോട് സംസാരിച്ചു.

ആറാം തമ്പുരാന്റെ സമയത്തായിരുന്നു മമ്മൂക്കയുടെ ‘ദി ട്രൂത്ത്’ എന്ന സിനിമ ഷൂട്ട് നടക്കുന്നത്. മമ്മൂക്കയെ ഞാന്‍ അപ്പോഴാണ് പരിചയപ്പെടുന്നത്. അന്ന് മമ്മൂക്കയെ നായകനാക്കി സിനിമ ചെയ്യാമെന്ന് ഞാന്‍ ഷാജിയോട് പറഞ്ഞു. അങ്ങനെ മമ്മൂക്കയെ തീരുമാനിച്ച് ഞാന്‍ കഥ എഴുതാന്‍ രഞ്ജിത്തിന് അഡ്വാന്‍സ് കൊടുത്തു. രഞ്ജിത്ത് ആ കഥ എഴുതാനുള്ള തയ്യാറെടുപ്പിലായി. മമ്മൂക്കക്ക് ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി അഞ്ചു ലക്ഷം രൂപയും കൊടുത്തു.

എനിക്ക് സിനിമയെന്ന് പറഞ്ഞ് അതിന് പിന്നാലെ നടക്കാന്‍ സമയമുണ്ടായിരുന്നില്ല. ഞാന്‍ ഇടക്ക് കഥയെന്തായെന്ന് രഞ്ജിത്തിനോട് ചോദിക്കുമ്പോള്‍ കഥ റെഡിയാക്കാമെന്ന് പറയുന്നതല്ലാതെ കാര്യങ്ങള്‍ നടക്കുന്നില്ലായിരുന്നു. അപ്പോള്‍ എനിക്കെന്തോ സംശയം തോന്നി. ട്രൂത്തിന്റെ ലൊക്കേഷനിലേക്ക് ഞാന്‍ വീണ്ടും പോയി. അവിടെ ചെന്ന് ഷാജിയെ കണ്ടു. ഷാജി നമുക്ക് ആ സിനിമ വൈകാതെ ചെയ്യാമെന്ന് പറഞ്ഞു.

പിന്നീടാണ് ഞാന്‍ രഹസ്യമായി ഒരു കാര്യമറിയുന്നത്. നമ്മുടെ സിനിമ മാറ്റിവെച്ചിട്ട് അവര്‍ മോഹന്‍ലാലിനെ നായകനാക്കി വേറെ ഒരു സിനിമ ചെയ്യാനുള്ള തീരുമാനത്തിലായിരുന്നു. അവര്‍ക്ക് എന്നോടുള്ളതിനേക്കാള്‍ നല്ല ബന്ധമാണ് മോഹന്‍ലാലുമായി. മാത്രമല്ല കുറച്ച് നാളിന് ശേഷമാണ് മോഹന്‍ലാലിന് ഒരു സിനിമ ഹിറ്റാകുന്നത്. അത് ‘ആറാം തമ്പുരാന്‍’ ആയിരുന്നു.

ഞാന്‍ അത് വെറുതെ പറയുന്നതാകുമെന്ന് കരുതി. അങ്ങനെയുണ്ടാകാന്‍ ചാന്‍സ് കുറവായിരുന്നു. ഷാജിയും രഞ്ജിത്തും അങ്ങനെ ചെയ്യില്ലെന്നാണ് ഞാന്‍ വിശ്വസിച്ചത്. എന്നാല്‍ ഒരിക്കല്‍ ഷാജി എന്നെ ലൊക്കേഷനിലേക്ക് വിളിച്ചു. തനിക്ക് വീണ്ടും നല്ലൊരു സബ്‌ജെക്ട് മോഹന്‍ലാലിനെ നായകനാക്കി ചെയ്യാന്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞു. അത് ചെയ്യണമെന്നും നല്ല സബ്‌ജെക്ടാണെന്നും രഞ്ജിത്ത് അതിനുള്ള കഥ എഴുതി കഴിഞ്ഞെന്നുമാണ് പറഞ്ഞത്.

ആ സിനിമയാണ് ‘നരസിംഹം’. ഞാന്‍ മമ്മൂക്കക്ക് അഡ്വാന്‍സ് കൊടുത്ത കാര്യം ഷാജിയോട് പറഞ്ഞു. എങ്കിലും സുഹൃത്തുക്കളായത് കൊണ്ട് അവരുമായി ഇതിന്റെ പേരില്‍ ഉടക്കാന്‍ പറ്റില്ലായിരുന്നു. അതുകൊണ്ട് അങ്ങനെ നടക്കട്ടെയെന്ന് പറഞ്ഞു. ആ സിനിമ ഷൂട്ടിങ് നടന്നു. റിലീസ് ആയപ്പോള്‍ അതും വന്‍ ഹിറ്റായി. അതിന് ശേഷമാണ് മമ്മൂട്ടിയെ വെച്ച് ‘വല്ല്യേട്ടന്‍’ സിനിമ ചെയ്യുന്നത്,’ ബൈജു അമ്പലക്കര പറയുന്നു.

Content Highlight: Baiju Ambalakkara Talks About Mammootty and Mohanlal

We use cookies to give you the best possible experience. Learn more