മമ്മൂട്ടി ഒരു മതത്തെ പിടിച്ച് മുന്നോട്ട് പോകുന്ന വ്യക്തിയാണെങ്കില്‍ സി.ബി.ഐ ഡയറികുറിപ്പില്‍ ഒരു അയ്യര്‍ കഥാപാത്രത്തെ വെച്ച് സിനിമ ചെയ്താല്‍ മതിയെന്ന് പറയുമോയെന്ന് ചോദിക്കുകയാണ് പ്രൊഡ്യൂസര്‍ ബൈജു അമ്പലക്കര. മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇക്കയുടെ മുന്നില്‍ കഥ പറയാന്‍ പോയാല്‍ അദ്ദേഹം തന്നെയാണ് അത് കേള്‍ക്കാറുള്ളത്. മറ്റാരും കഥ കേള്‍ക്കുന്നതായി എനിക്ക് അറിയില്ല. നമ്മുടെ സിനിമ ചെയ്യുമ്പോഴൊക്കെ അദ്ദേഹം അങ്ങനെ തന്നയായിരുന്നു. അദ്ദേഹം ഒരിക്കലും ഒരു മതത്തെ പിടിച്ച് മുന്നോട്ട് പോകുന്ന വ്യക്തിയല്ല.
അങ്ങനെ ഒരു കാര്യത്തെ കുറിച്ച് ഞാന്‍ എവിടെയും കേട്ടിട്ടില്ല. അദ്ദേഹത്തിന് അങ്ങനെയുള്ള സ്വഭാവമല്ലെന്നാണ് എന്റെ അറിവ്. ഞാനും മമ്മൂക്കയുമായി വളരെ നല്ല അടുപ്പമുണ്ടായിരുന്നു. ഇപ്പോള്‍ ചിലപ്പോള്‍ കുറച്ച് ആളുകള്‍ അദ്ദേഹത്തിന്റെ കൂടെ കൂടികാണും. അതിനെ കുറിച്ചൊന്നും എനിക്ക് കൂടുതല്‍ അറിയില്ല.
മമ്മൂക്ക 99 ശതമാനവും ഹിന്ദു സംസ്‌കാരത്തിന്റെ സിനിമകളാണ് ചെയ്തിട്ടുള്ളത്. അത് എല്ലാവര്‍ക്കും അറിയുന്ന കാര്യവുമാണ്. അദ്ദേഹം മുസ്‌ലിം സംസ്‌കാരത്തിലുള്ള സിനിമകളില്‍ അഭിനയിക്കുന്നത് വളരെ കുറവാണ്. മറ്റൊരു തരത്തില്‍ നോക്കുകയാണെങ്കില്‍ അത്തരം കഥാപാത്രങ്ങള്‍ മോഹന്‍ലാലാണ് മമ്മൂക്കയേക്കാള്‍ കൂടുതല്‍ ചെയ്തിട്ടുണ്ട്.
മമ്മൂക്ക നായകനായി സി.ബി.ഐ ഡയറികുറിപ്പ് എന്ന ഒരു സിനിമ ഇറങ്ങിയിരുന്നു. ആ സിനിമയുടെ തുടര്‍ച്ചയായി മൊത്തം അഞ്ച് സിനിമകള്‍ വന്നിട്ടുണ്ട്. ആ സിനിമക്ക് എസ്.എന്‍. സ്വാമി കഥ എഴുതി കൊണ്ടിരിക്കുമ്പോള്‍ ഒരു മുസ്‌ലിം കഥാപാത്രമായിരുന്നു നായകന്‍. ഞാന്‍ എവിടെ നിന്നോ വായിച്ചു കേട്ട കാര്യമാണ് ഇത്.
പിന്നീട് മമ്മൂക്കയാണ് ആ സിനിമയില്‍ ഒരു മുസ്‌ലിം സി.ബി.ഐ ഉദ്യോഗസ്ഥന്‍ വേണ്ടെന്ന് പറഞ്ഞത്. അയ്യരായ ഉദ്യോഗസ്ഥനാകും നല്ലതെന്ന് പറഞ്ഞതോടെയാണ് ആ മാറ്റം ഉണ്ടാകുന്നത്. അദ്ദേഹം ഒരു മതത്തെ പിടിച്ച് മുന്നോട്ട് പോകുന്ന വ്യക്തിയാണെങ്കില്‍ അയ്യര്‍ കഥാപാത്രത്തെ വെച്ച് സിനിമ ചെയ്താല്‍ മതിയെന്ന് പറയുമോ,’ ബൈജു അമ്പലക്കര പറഞ്ഞു.
Content Highlight: Baiju Ambalakkara Talks About Mammootty