ജയറാമിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് ‘കിലുക്കാംപെട്ടി’. ആ സിനിമയുടെ ഷൂട്ടിങ്ങ് സമയത്തെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നിര്‍മാതാവായ ബൈജു അമ്പലക്കര. മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കിലുക്കാംപെട്ടിയില്‍ നായികയായി എത്തിയത് സുചിത്ര കൃഷ്ണമൂര്‍ത്തിയായിരുന്നു. പിന്നെയുള്ളത് ജയറാമും ഇന്നസെന്റും ജഗതിയും ബേബി ശാമിലിയുമൊക്കെയാണ്. ഞങ്ങള്‍ ആ സിനിമയുടെ റെക്കോഡിങ്ങിന്റെ ഭാഗമായി മദ്രാസിലേക്ക് പോയി. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ മാനേജര്‍ ആല്‍വിന്‍ ആന്റണിയായിരുന്നു. അദ്ദേഹം ഈ ആളുകളോടൊക്കെയും ഡേറ്റ് ചോദിച്ചു. ആ സമയമാണ് ഒരു പ്രശ്നം വന്നത്. അതായത് ഇവരുടെയൊക്കെ ഡേറ്റില്‍ ക്ലാഷ് വരുന്നുണ്ട്. ഇന്നസെന്റും ജഗതിയും ബേബി ശാമിലിയുമൊക്കെ അതേ സമയം കമലിന്റെ (സംവിധായകന്‍) ഒരു സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ഏതാണ് ആ സിനിമയെന്ന് അന്വേഷിച്ചപ്പോഴാണ് കമല്‍ഹാസന്റേതാണെന്ന് അറിയുന്നത്.
കമല്‍ഹാസന്‍ നായകനായി കമല്‍ സംവിധാനം ചെയ്യുന്ന സിനിമയായിരുന്നു. ആ സിനിമ തമിഴിലും മലയാളത്തിലുമായാണ് റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. നായിക ഡിംപിള്‍ കപാഡിയയാണ്. ആ സിനിമയില്‍ ലളിത ചേച്ചിയുമുണ്ടായിരുന്നു. ഇവരൊക്കെ ഈ രണ്ട് സിനിമകളിലുമായി ഡേറ്റ് നല്‍കി. കുറച്ച് ദിവസം നമ്മുടെ സിനിമക്കും കുറച്ച് ദിവസം ആ സിനിമയിലുമായിട്ടാണ് ഡേറ്റ് തന്നത്. അങ്ങനെ ഒരു ദിവസം ഇന്നസെന്റിനോടും ജഗതിയോടും കമലിന്റെ സിനിമയെ പറ്റി വെറുതെ ചോദിച്ചു. അവര്‍ ആ സബ്ജക്റ്റിനെ കുറിച്ചാണ് പറഞ്ഞത്. ആ സമയത്താണ് നമ്മുടെ അതേ കഥ തന്നെയാണ് അവരും ചെയ്യാന്‍ പോകുന്നതെന്ന് അറിയുന്നത്.
ഈ സിനിമയുടെ കഥ ‘ദ മേഡ്’ എന്ന ഒരു ഇംഗ്ലീഷ് സബ്ജക്റ്റില്‍ നിന്ന് എടുത്തതായിരുന്നു. കമല്‍ഹാസന്‍ അത് സിനിമയാക്കാന്‍ കമലിനെ സംവിധാനമേല്‍പ്പിക്കുകയായിരുന്നു. നമ്മളുടെ സിനിമ വളരെ ചെറുതായിരുന്നു. അതേസമയം അവരുടേത് വലിയ പടമാണ്. ഞാന്‍ കമലുമായി ഫോണില്‍ ഇതിനെ പറ്റി സംസാരിച്ചു. നിങ്ങള്‍ ആ കഥ ചെയ്യുന്നുണ്ടെങ്കില്‍ ചെയ്തോളു, ഞങ്ങളും ഇതുതന്നെ ചെയ്തോളാമെന്നാണ് കമല്‍ മറുപടി പറഞ്ഞത്. അപ്പോഴേക്കും കമല്‍ഹാസന്‍ ഈ വിഷയത്തെ കുറിച്ച് എങ്ങനെയോ അറിഞ്ഞു. ഒരേ കഥ ചെയ്താല്‍ ശരിയാകില്ലെന്നും ആ സിനിമ ചെയ്യേണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.
അവര്‍ക്ക് ആ സിനിമയുടെ മേല്‍ ഒരുപാട് പൈസ പോയിരുന്നു. ഞങ്ങള്‍ മുടക്കിയത് ലക്ഷങ്ങളാണെങ്കില്‍ അവര്‍ മുടക്കിയത് കോടികളാണ്. എന്നിട്ടും കമല്‍ഹാസന്‍ ആ സിനിമ വേണ്ടെന്ന് വെച്ചു. അത് ചെയ്യാന്‍ സമ്മതിച്ചില്ല. ആ സിനിമയുടെ ഷൂട്ടിങ്ങൊക്കെ തുടങ്ങിയിരുന്നെങ്കില്‍ രണ്ടുപേര്‍ക്കും വലിയ നഷ്ടടമായേനെ. നമുക്ക് ഈ പടം വേണ്ടെന്നുവെക്കാന്‍ പറ്റില്ലായിരുന്നു. ഇതെന്റെ ആദ്യ സിനിമയായിരുന്നു. കമല്‍ഹാസനാണെങ്കില്‍ അന്ന് ഇന്ത്യ മുഴുവന്‍ ഫേമസായി നില്‍ക്കുന്ന സമയവുമാണ്. തമിഴ്, ഹിന്ദി, കന്നഡ തുടങ്ങി അങ്ങനെ കുറെ ഭാഷകളില്‍ അഭിനയിക്കുന്ന സമയമായിരുന്നു അത്,’ ബൈജു അമ്പലക്കര പറയുന്നു.
Content Highlight: Baiju Ambalakkara Talks About Kamal Haasan