| Monday, 25th November 2024, 2:39 pm

വല്ല്യേട്ടനിലെ ആ ഷോട്ട് എടുത്തപ്പോഴേക്ക് മമ്മൂക്ക ഓടിച്ച ബെന്‍സിന് കേടുപാടുകള്‍ സംഭവിച്ചു, പിന്നീട്... ബൈജു അമ്പലക്കര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നാണ് 2000ത്തില്‍ റിലീസായ വല്ല്യേട്ടന്‍. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംംവിധാനം ചെയ്ത ചിത്രത്തില് മമ്മൂട്ടിയായിരുന്നു നായകന്‍. അറക്കല്‍ മാധവനുണ്ണിയായി മമ്മൂട്ടി നിറഞ്ഞാടിയ ചിത്രം ആ വര്‍ഷത്തെ പല കളക്ഷന്‍ റെക്കോഡുകളും തകര്‍ത്തെറിഞ്ഞിരുന്നു. ഇപ്പോഴിതാ 24 വര്‍ഷത്തിന് ശേഷം 4k വേര്‍ഷനില്‍ റീ റിലീസ് ചെയ്യാനൊരുങ്ങുകയാണ് വല്ല്യേട്ടന്‍.

ചിത്രത്തില്‍ മമ്മൂട്ടിയുടെ വാഹനമായ വെള്ള ബെന്‍സ് റിലീസ് സമയത്ത് തന്നെ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ റീ റിലീസിന്റെ സമയത്ത് വീണ്ടും ഇക്കയുടെ ശകടം ചര്‍ച്ചയാവുകയാണ്. ചിത്രത്തിന്റെ നിര്‍മാതവായ ബൈജു അമ്പലക്കരയുടെ സ്വന്തം വണ്ടിയാണ് വല്ല്യേട്ടനില്‍ ഷൂട്ടിനായി ഉപയോഗിച്ചത്. സിനിമ ഹിറ്റായതിന് പിന്നാലെ ആ വണ്ടി കേരളത്തില്‍ മാത്രം 26 എണ്ണം വിറ്റുപോയെന്ന് ബൈജു അമ്പലക്കര പറഞ്ഞു. അതിന് കോംപ്ലിമെന്റായി 16 തവണ ഫ്രീ സര്‍വീസ് നല്‍കിയെന്നും ബൈജു കൂട്ടിച്ചേര്‍ത്തു.

ചിത്രത്തിന്റെ ക്ലൈമാക്‌സിന് മുമ്പുള്ള ചെയ്‌സിങ് സീനില്‍ ആ വണ്ടി വളരെ റാഷായി ഓടിച്ചെന്നും ഒരു ചെറിയ തിട്ടയിലൂടെ ചാടിച്ചപ്പോള്‍ കാറിന്റെ ബംബറടക്കം തകര്‍ന്നെന്നും ബൈജു പറഞ്ഞു. ആ സമയത്ത് ബെന്‍സിന്റെ സര്‍വീസ് എല്ലായിടത്തും ഉണ്ടായിരുന്നില്ലെന്നും ഒടുവില്‍ ചെന്നൈയില്‍ കാറുകള്‍ റെന്റിന് കൊടുക്കുന്ന ഒരു സ്ഥലത്ത് നിന്ന് വണ്ടി ഏര്‍പ്പാടാക്കി ചെന്നൈയില്‍ വെച്ച് ബാക്കി പോര്‍ഷന്‍ ഷൂട്ട് ചെയ്‌തെന്നും ബൈജു കൂട്ടിച്ചേര്‍ത്തു. മീഡിയ വണ്ണിനോട് സംസാരിക്കുകയായിരുന്നു ബൈജു അമ്പലക്കര.

‘വല്ല്യേട്ടന്‍ റിലീസായി ഒരു മാസം കഴിഞ്ഞപ്പോഴേക്ക് അതിലെ മമ്മൂക്കയുടെ കാര്‍ പലരുടെയും ഡിസ്‌കഷനില്‍ വന്നു. അന്ന് ബെന്‍സിന് കേരളത്തിലധികം മാര്‍ക്കറ്റുണ്ടായിരുന്നില്ല. ഒരു ഷോറൂം എങ്ങാണ്ടേ ഉണ്ടായിരുന്നുള്ളൂ. ഈ പടം റിലീസായതിന് ശേഷം കേരളത്തില്‍ 26 ബെന്‍സാണ് ഒരു വര്‍ഷത്തിനിടയില്‍ വിറ്റുപോയത്. അതിന്റെ കോംപ്ലിമെന്റായി രാജശ്രീ മോട്ടേഴ്‌സ് എനിക്ക് 16 തവണ ഫ്രീ സര്‍വീസ് തന്നു.

പിന്നെ പറയാനുള്ളത് ആ പടത്തിന്റെ ക്ലൈമാക്‌സിനെക്കുറിച്ചാണ്. അതില്‍ സുധീഷിനെ സായ് കുമാറിന്റെ ആളുകള്‍ തട്ടിക്കൊണ്ടുപോയതറിഞ്ഞ് മമ്മൂക്ക കാറുമെടുത്ത് ഇറങ്ങുന്നുണ്ട്. പൊള്ളാച്ചിയിലെ ഉള്‍വഴികളില്‍ കൂടെയാണ് ആ ചെയ്‌സിങ് സീന്‍ എടുത്തത്.

അങ്ങനെ ഷൂട്ട് ചെയ്യുന്നതിനിടയില്‍ വണ്ടി ജമ്പ് ചെയ്യിക്കുന്ന ഒരു ഷോട്ടുണ്ട്. ആ ഷോട്ട് എടുത്തപ്പോഴേക്ക് വണ്ടിയുടെ ബംബറടക്കം നാശമായി. പിന്നെ ചെന്നൈയില്‍ ബെന്‍സൊക്കെ റെന്റിന് കൊടുക്കുന്ന ഒരു ടീമിനെ കോണ്ടാക്ട് ചെയ്ത് വണ്ടിയൊപ്പിച്ചു. ചെന്നൈയില്‍ വെച്ചാണ് ബാക്കി സീന്‍ ഷൂട്ട് ചെയ്തത്,’ ബൈജു അമ്പലക്കര പറയുന്നു.

Content Highlight: Baiju Ambalakkara shares the memories about Valliettan movie

We use cookies to give you the best possible experience. Learn more