‘ശിവമല്ലി പൂ’ എന്ന വല്ല്യേട്ടനിലെ ഗാനം ഷൂട്ട് ചെയ്തത് ഷാജി കൈലാസ് അല്ലെന്ന് നിർമാതാവ് ബൈജു അമ്പലക്കര. സിനിമ ഓണത്തിന് റിലീസ് ചെയ്യേണ്ടതിനാൽ ബാക്കിയുള്ള എഡിറ്റിങ്ങിനും മിക്സിങ്ങിനും വേണ്ടി ഷാജി കൈലാസിന് മദ്രാസിലേക്ക് പോകേണ്ടതുകൊണ്ട് രഞ്ജിത്താണ് ആ പാട്ട് ഷൂട്ട് ചെയ്‌തെന്ന് ബൈജു അമ്പലക്കര പറഞ്ഞു.
രഞ്ജിത്ത് ആദ്യമായി സംവിധാനം ചെയ്തതും ആ പാട്ട് ആണെന്നും ബൈജു അമ്പലക്കര കൂട്ടിച്ചേർത്തു. മാസ്റ്റർ ബിന്നിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘വല്യേട്ടൻ എന്ന സിനിമയിലാണ് ആദ്യമായിട്ട് രഞ്ജി ഷൂട്ടിങ് തുടങ്ങുന്നത്. ‘ശിവമല്ലി പൂവ്’ എന്ന പാട്ട് മുഴുവൻ ഷൂട്ട് ചെയ്തത് രഞ്ജിയാണ്. ‘എൻ്റെ ഗുരു സിനിമ വല്യേട്ടൻ ആണ്, ഞാൻ കഥ എഴുതി ഷൂട്ട് ചെയ്യുന്ന സിനിമയും ഇതാണ്’ എന്ന് രഞ്ജി വിളിച്ചു പറഞ്ഞിരുന്നു.
ആ പാട്ട് സീൻ മുഴുവൻ എടുക്കുന്നത് പുള്ളിയാണ്. കാരണം നമുക്ക് ഓണത്തിന് ഈ പടം റിലീസ് ചെയ്യണം. ആഗസ്റ്റ് അവസാനമാണ് ഓണം. അപ്പോൾ ആഗസ്റ്റ് ആദ്യമായിരുന്നു. മദ്രാസിൽ പോയി ബാക്കിയുള്ള എഡിറ്റിങ്ങും മിക്സിങ്ങും ഒക്കെ ചെയ്തു കഴിഞ്ഞാൽ മാത്രമേ നമുക്ക് റിലീസ് ചെയ്യാൻ പറ്റുകയുള്ളൂ.
ഷാജിയുടെ അടുത്ത് രഞ്ജി പറഞ്ഞു ‘ഈ പാട്ട് ഞാൻ എടുക്കാം, നീ ധൈര്യമായിട്ട് പൊയ്ക്കോ’ എന്ന്. ഷാജിക്ക് സംശയമായിരുന്നു രഞ്ജിത് ക്ലിയർ ആയിട്ട് എടുക്കുമോ എന്ന്. പുള്ളി മനോഹരമായിട്ട് ആ പാട്ട് മുഴുവൻ എടുത്തു. ഞാൻ രഞ്ജിയുടെ കൂടെ സഹായത്തിന് നിന്നു. അങ്ങനെ ശിവമല്ലി പൂവ് എന്ന പാട്ട് മുഴുവൻ എടുത്തു.
ഷാജി മദ്രാസിൽ പോയി അവിടെ വർക്ക് നടത്തുക വീണ്ടും വരിക എന്ന രീതിയിലായിരുന്നു. പിന്നെ ക്ലൈമാക്സ് നമ്മൾ എടുക്കുന്നത് ചെന്നൈയിൽ വെച്ചിട്ടാണ്. ചെന്നൈയിലെ ശിവാജി ഗാർഡനിൽ വെച്ചാണ് ക്ലൈമാക്സ് ഷൂട്ട് ചെയ്തത്,’ ബൈജു അമ്പലക്കര പറഞ്ഞു.
Content Highlight: Baiju ambalakkara says that Ranjith has directed the song in Valyetan movie