Entertainment
കാശ് കിട്ടണമെങ്കില്‍ നാടോടുമ്പോള്‍ നടുവെ ഓടണം; മമ്മൂക്ക ട്രെന്‍ഡ് അനുസരിച്ച് മാത്രമേ പോകുകയുള്ളൂ: ബൈജു അമ്പലക്കര
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jun 11, 03:39 am
Tuesday, 11th June 2024, 9:09 am

മമ്മൂട്ടി ട്രെന്‍ഡ് അനുസരിച്ച് മാത്രം അഭിനയിക്കുന്ന ആളാണെന്ന് പറയുകയാണ് പ്രൊഡ്യൂസര്‍ ബൈജു അമ്പലക്കര. തനിക്ക് പേരെടുക്കാനായി മമ്മൂട്ടി വെറുതെ വലിയ സിനിമയില്‍ അഭിനയിക്കുകയല്ല ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു. മാസ്റ്റര്‍ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബൈജു അമ്പലക്കര.

‘മമ്മൂക്കയോട് കഥ പറയാന്‍ പോകുമ്പോള്‍ അദ്ദേഹം തന്നെയാണ് കേള്‍ക്കുന്നത്. അദ്ദേഹം കൃത്യമായി കേട്ടിട്ട് അതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്താനുണ്ടെങ്കില്‍ ചെയ്യും. ഞങ്ങള്‍ ഒരു തവണ മമ്മൂക്കയുടെ അടുത്ത കഥ പറയാന്‍ പോയപ്പോള്‍ കൂടെ എന്റെ മകനും ഉണ്ടായിരുന്നു.

കഥ പറയുന്നതിന്റെ ഇടയില്‍ അവന്‍ ഇപ്പോഴുള്ള ട്രെന്‍ഡ് അനുസരിച്ചുള്ള എന്തോ കാര്യം പറഞ്ഞു. അത് കേട്ടതും മമ്മൂക്ക പറഞ്ഞത് ‘ബൈജു അത് മനസിലാക്ക്. ഇപ്പോഴത്തെ കുട്ടികളുടെ ട്രെന്‍ഡ് ഇങ്ങനെയാണ്’ എന്നാണ്.

ട്രെന്‍ഡ് അനുസരിച്ച് മാത്രമേ പോകുകയുള്ളൂ. അല്ലാതെ മമ്മൂക്ക ചുമ്മാ വലിയ സിനിമയില്‍ പോയി അഭിനയിക്കുകയല്ല ചെയ്യുന്നത്. അദ്ദേഹത്തിന് പേരെടുക്കാനായി അങ്ങനെയൊന്നും ചെയ്യില്ല. ഇന്നത്തെ ട്രെന്‍ഡാണ് നോക്കുന്നത്. അങ്ങനെയാകുമ്പോഴേ പണം കിട്ടുള്ളൂ. അല്ലെങ്കില്‍ പിന്നെ വല്ല അവാര്‍ഡ് പടവുമാകണം. കാശ് കിട്ടണമെങ്കില്‍ നാടോടുമ്പോള്‍ നടുവെ ഓടണം.

ഇപ്പോഴെത്തെ ട്രെന്‍ഡ് വളരെ വ്യത്യസ്തമാണ്. പാട്ടിനോട് താത്പര്യമില്ല, സിനിമയില്‍ പാട്ട് നിര്‍ബന്ധമില്ല. ആ രീതിക്ക് അനുസരിച്ച് മമ്മൂക്ക വഴങ്ങുകയാണ് ചെയ്യുന്നത്. വ്യത്യസ്തമായ സിനിമകളിലാണ് ഇപ്പോള്‍ അദ്ദേഹം അഭിനയിക്കുന്നത്. ഒരേപോലെയുള്ള സിനിമകളില്‍ മമ്മൂക്ക ഇപ്പോള്‍ അഭിനയിക്കുന്നില്ല,’ ബൈജു അമ്പലക്കര പറഞ്ഞു.


Content Highlight: Baiju Ambalakkara Says Mammootty Will Only Go With The Trend