| Wednesday, 8th November 2023, 8:27 pm

'വല്ല്യേട്ടൻ' ലോകത്താരും തൊടാതിരിക്കാൻ വേണ്ടി സ്റ്റേ വാങ്ങിച്ചു: ബൈജു അമ്പലക്കര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സ്‌ഫടികം സിനിമക്ക് ശേഷം വല്ല്യേട്ടൻ 4Kയിൽ റിലീസ് ചെയ്യുമെന്ന് നിർമാതാവ് ബൈജു അമ്പലക്കര. സ്‌ഫടികം 4Kയിൽ ഇറക്കി ഹിറ്റായത് കണ്ടപ്പോൾ തനിക്ക് അത് വളരെയധികം ഇഷ്ടമായെന്നും ബൈജു അമ്പലക്കര പറഞ്ഞു. പടം എങ്ങനെ ചെയ്‌തെന്ന് മനസിലാക്കാൻ താനും തിയേറ്ററിൽ പോയി പടം കണ്ടെന്നും അവിടെ ചെന്നപ്പോൾ കൂടുതലും സ്റ്റുഡന്റ്സാണ് ഉണ്ടായിരുന്നതെന്നും അവർക്ക് പടം 4Kയിൽ കണ്ടപ്പോൾ ഇഷ്ടമായെന്നും അദ്ദേഹം പറയുന്നുണ്ട്.

വല്ല്യേട്ടൻ 4Kയിലേക്ക് ചെയ്യാനുള്ള തീരുമാനത്തിലാണെന്നും എന്നാൽ പടത്തിന്റെ പല ഭാഗങ്ങളും യൂട്യൂബിലും മറ്റും മോഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും ബൈജു അമ്പലക്കര പറഞ്ഞു. വല്ല്യേട്ടൻ എന്ന സിനിമ ലോകത്ത് ആരും തൊടാതിരിക്കാൻ വേണ്ടി സ്റ്റേ വാങ്ങിച്ച് വെച്ചിട്ടുണ്ടെന്നും ബൈജു അമ്പലക്കര കൂട്ടിച്ചേർത്തു. മാസ്റ്റർ ബിന്നിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സ്‌ഫടികം എന്ന പടം 4K ഇറക്കി വളരെ ഹിറ്റായി. അതെനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. ഞാനും പോയി പടം കണ്ടു. ഇപ്പോഴത്തെ ന്യൂജനറേഷൻ ഈ പടം കണ്ടിട്ടില്ല. ടി.വിയിൽ കണ്ടിട്ടുണ്ടാകും. 4k അറ്റ്മോസ്ഫിയറിൽ വന്നപ്പോൾ അത് മനോഹരമായിരിക്കുന്നു. ഞാൻ ചെല്ലുമ്പോൾ മുഴുവനും സ്റ്റുഡൻസ് ആണ്. അവർ ആർപ്പുവിളിച്ച് ചിരിക്കുകയും കൈയ്യടിക്കുകയും ഒക്കെ ചെയ്യുന്നു. കാര്യങ്ങളൊക്കെ മനസ്സിലാക്കാൻ വേണ്ടി ഞാൻ പകുതിയേ ഇരുന്നു കണ്ടിട്ടുള്ളൂ.

വല്ല്യേട്ടൻ എന്ന സിനിമ 4Kയിലേക്ക് ചെയ്യാൻ വേണ്ടിയിട്ടുള്ള തീരുമാനത്തിലെത്തിയിരിക്കുകയാണ്. അതിന്റെ പണി ഉടനെ തുടങ്ങണം. അത് തുടങ്ങാൻ തന്നെ കാരണം അതിനകത്ത് കുറച്ച് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. സിനിമയുടെ പല ഭാഗങ്ങളും യൂട്യൂബിലും മറ്റും മോഷണം ചെയ്യപ്പെട്ടിട്ടുണ്ട്. ഞാനറിയാതെ വ്യാജ ഒപ്പ് ഇട്ടുകൊടുത്തിട്ടൊക്കെയുണ്ട്.

മൊത്തത്തിൽ ഞാൻ കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിച്ചിട്ടുണ്ട്. വല്ല്യേട്ടൻ എന്ന സിനിമ ലോകത്ത് ആരും തൊടാതിരിക്കാൻ വേണ്ടി സ്റ്റേ വാങ്ങിച്ചു. ഇനി ഒന്ന് രണ്ട് പരിപാടികളുണ്ട്. അതിൻ്റെ 4K ചെയ്യാൻ പോവുകയാണ്. എത്രയും നീണ്ടുപോകുന്നു അത്രയും നല്ലതാണ്. ന്യൂജനറേഷൻ വളർന്നുകൊണ്ടിരിക്കുകയല്ലേ! അവർക്ക് വേണ്ടിയാണ് നമ്മൾ പടം ചെയ്യുന്നത്.

4K അറ്റ്മോസ്ഫിയറിൽ ഞാനും ഷാജി കൈലാസും കൂടി എറണാകുളത്ത് സവിത തീയേറ്ററിൽ ഇട്ട് ഒന്ന് കണ്ടു നോക്കി. എന്തൊരു മനോഹരമായിരിക്കുന്നു. മമ്മൂക്കയുടെ സൗന്ദര്യം എത്ര മനോഹരമായിട്ടാണ് അതിൽ കാണിച്ചിരിക്കുന്നത്,’ ബൈജു അമ്പലക്കര പറഞ്ഞു.

Content Highlight:Baiju Ambalakara says that Valyetan is going to release in 4k atmosphere

We use cookies to give you the best possible experience. Learn more