| Wednesday, 8th November 2023, 10:54 pm

അവരുടെ വഴക്ക് കാരണം വല്ല്യേട്ടൻ സിനിമയുടെ രണ്ടാം ഭാഗം ഇല്ലാതായി: ബൈജു അമ്പലക്കര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വല്ല്യേട്ടൻ സിനിമയുടെ രണ്ടാം ഭാഗം ഇറക്കാൻ ഭയങ്കര ആഗ്രഹമായിരുന്നെന്ന് നിർമാതാവ് ബൈജു അമ്പലക്കര. എന്നാൽ വല്ല്യേട്ടൻ സിനിമ കഴിഞ്ഞപ്പോഴേക്കും രഞ്ജിത്തും ഷാജി കൈലാസും തമ്മിൽ മാനസികമായി തെറ്റിയെന്നും ബൈജു അമ്പലക്കര പറഞ്ഞു. വല്ല്യേട്ടൻ രണ്ടാം ഭാഗം ഇറക്കാൻ വേണ്ടി താൻ ഒരുപാട് ശ്രമിച്ചിരുന്നെന്നും എന്നാൽ അവസാനം അത് കഴിയില്ലെന്ന് മനസിലായെന്നും ബൈജു അമ്പലക്കര പറയുന്നുണ്ട്. മാസ്റ്റർ ബിന്നിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വല്ല്യേട്ടന്റെ സെക്കൻഡ് പാർട്ട് ആയിരുന്നു എൻ്റെ ഉദ്ദേശം. അത് അന്ന് തൊട്ടേ എന്റെ ഡ്രീം ആയിരുന്നു. വല്ല്യേട്ടൻ എന്ന സിനിമ കഴിഞ്ഞപ്പോഴേക്കും ഷാജി കൈലാസും രഞ്ജിത്തും തമ്മിൽ മാനസികമായി തെറ്റി. രഞ്ജിത്ത് ഇനി സിനിമ ചെയ്യുന്നില്ല എന്ന് തീരുമാനമെടുത്തു. അതാരൊക്കെയോ തമ്മിലടിപ്പിച്ച് ഇല്ലാത്ത കെട്ടുകഥകൾ ഉണ്ടാക്കി രഞ്ജിത്തിനെ അതിൽ നിന്നും മാറ്റിയതാണ്. ഷാജി ഇന്നസെൻറ് ആണ്.

രാവണപ്രഭു എന്ന സിനിമ ദേവാസുരം സിനിമയുടെ സെക്കൻഡ് പാർട്ട് ആണ്. ആ സിനിമ ഷാജി കൈലാസിനെ കൊണ്ട് ഡയറക്റ്റ് ചെയ്യിപ്പിച്ചിട്ട് രഞ്ജിത്തിനെ കൊണ്ട് സ്ക്രിപ്റ്റ് എഴുതിക്കണം എന്നായിരുന്നു അവരുടെ ധാരണ. അപ്പോഴേക്കും ഷാജിയും രഞ്ജിയും തമ്മിൽ തെറ്റിയത് കൊണ്ട് ‘ഞാൻ തന്നെ ഡയറക്ട് ചെയ്യാം’ എന്ന് രഞ്ജിത്ത് മോഹൻലാലിനോട് പറഞ്ഞു. എന്നെ രഞ്ജി വിളിച്ചുപറഞ്ഞു ‘ഞാൻ ആ പടം സ്വന്തമായിട്ട് ചെയ്യാൻ പോവുകയാണ്’ എന്ന്. ഞാൻ പറഞ്ഞു ഓൾ ദ ബെസ്റ്റ് ആദ്യമായിട്ട് ഡയറക്ട് ചെയ്യുന്നതല്ലേ എന്ന്.

വല്ല്യേട്ടന്റെ സെക്കൻഡ് പാർട്ട് എടുക്കാൻ എനിക്ക് വലിയ താത്പര്യമായിരുന്നു. മമ്മൂക്കക്കും എല്ലാവർക്കും ഇൻട്രസ്റ്റ് ആയിരുന്നു. ഓരോ വർഷവും ഞാൻ രഞ്ജിയെയും ഷാജിയെയും വിളിക്കും. 24 വർഷം കഴിഞ്ഞതിന് ശേഷവും ഇപ്പോഴും ചാനലിൽ ഓടിക്കൊണ്ടിരിക്കുന്ന സിനിമ ഈ വല്യേട്ടൻ മാത്രമേയുള്ളൂ ഞാൻ കണ്ടത്. ഇങ്ങനെ ഇത്ര ഹിറ്റായ സിനിമ അവരെഴുതിയാൽ മാത്രമേ സെക്കൻഡ് പാർട്ട് നല്ല രീതിയിൽ വരികയുള്ളു. രഞ്ജിത്തിനല്ലേ അതിന്റെ മൊത്തം കാര്യം അറിയുകയുള്ളൂ.

ഈ അടുത്ത കാലത്താണ് എഴുതാമെന്ന് രഞ്ജി സമ്മതിച്ചത്. അങ്ങനെ ചെയ്യാമെന്ന് പറഞ്ഞിരുന്ന സമയത്താണ് ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ ആകുന്നത്. ചെയർമാൻ ആയപ്പോൾ എനിക്ക് മനസ്സിലായി ഇത് പ്രശ്നമാവും എന്ന്. ഇദ്ദേഹത്തിന് സമയം കിട്ടുകയില്ല. പിന്നെ രഞ്ജി എന്നോട് പറഞ്ഞു എനിക്ക് സമയം കിട്ടുന്നില്ല ‘നീ ഒരാളെ സംഘടിപ്പിച്ചിട്ട് അയാളെ വെച്ച് എഴുതിപ്പിക്ക് , ഞാൻ അയാളുടെ കൂടെ ഇരുന്ന് എഴുതിപ്പിച്ചിട്ട് ഭംഗിയാക്കി എടുക്കാം’ എന്ന്.

ഞാൻ പറഞ്ഞു അതായാലും മതി. അങ്ങനെ പറഞ്ഞതിനുശേഷം ഞാൻ ഒരാളെ കണ്ടെത്തി. നടൻ വിജയ്‌കുമാർ എഴുതാൻ പറ്റിയ ഒരാളുണ്ടെന്ന് പറഞ്ഞ് അയാളെക്കൊണ്ട് എഴുതിപ്പിച്ചു. അത് രഞ്ജിയെ കാണിച്ചപ്പോൾ അത് ഒരു കാരണവശാലും നടക്കില്ല എന്ന് പറഞ്ഞു. വല്ല്യേട്ടൻ എന്ന വലിയൊരു സിനിമയുടെ സെക്കൻഡ് പാർട്ട് എടുക്കുമ്പോൾ അതിന്റെ മുകളിൽ നിൽക്കണം. എന്നോട് ഇത് കണ്ടതിനുശേഷം ‘നിന്റെ ഫാമിലിക്ക് കൂടെ നാണക്കേട് ഉണ്ടാക്കണോ’ എന്ന് ചോദിച്ചു.

പിന്നെ എം.ടിയുടെ അസിസ്റ്റൻറ് ആയിരുന്ന ഒരാളെ വിജയകുമാർ കൊണ്ടുവന്നു. പുള്ളിയും കുറെ ഭാഗം എഴുതി. ‘ആ കഥ കൊള്ളാം, വല്യേട്ടനുമായിട്ട് യാതൊരു ബന്ധവും വരുന്നില്ല, അത് മമ്മൂട്ടിയുടെ വേറെ ഒരു സിനിമയാക്കാമെന്നും രഞ്ജി പറഞ്ഞു.

മമ്മൂക്കയുടെ അടുത്ത് ചെന്നിട്ട് ഇങ്ങനെ തുടങ്ങിയിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന് വളരെ സന്തോഷമായി. രഞ്ജി എഴുതുമോ എന്നാണദ്ദേഹം ചോദിച്ചത്. ‘അദ്ദേഹം നല്ല ഉഴപ്പാണ്, നീ എന്തായാലും എഴുതിപ്പിക്ക്. സബ്ജക്ട് നീ കൊണ്ട് വാ എന്നിട്ട് നമുക്ക് കാര്യങ്ങൾ തീരുമാനിക്കാം’ എന്ന് മമ്മൂക്ക പറഞ്ഞു. ആ കഥയും ഇഷ്ടപ്പെട്ടില്ല ഇത് ശരിയാവില്ല എന്ന് രഞ്ജി പറഞ്ഞപ്പോൾ എനിക്ക് മനസ്സിലായി ഇത് നടക്കില്ല എന്ന്,’ ബൈജു അമ്പലക്കര പറഞ്ഞു.

Content Highlight: Baiju Amabalakkara about ‘Valyettan’ movie’s second part canceled

We use cookies to give you the best possible experience. Learn more