മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളുടെ മക്കളായ അഭിനേതാക്കളെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ബൈജു. ദുല്‍ഖര്‍ സല്‍മാന്‍ ഇന്ന് കാണുന്ന നിലയിലെത്തുമെന്ന് താന്‍ ഒരിക്കലും വിചാരിച്ചിട്ടില്ലെന്നും അഭിനയത്തോട് പാഷനുള്ള പയ്യനായി തോന്നിയിട്ടില്ലെന്നും ബൈജു പറഞ്ഞു. പൃഥ്വിരാജ് 70 ശതമാനം തെളിയിച്ച നടനാണെന്നും വിനീത് ശ്രീനിവാസന് ചില പരിമിതികളുണ്ടെന്നും ബൈജു പറഞ്ഞു. കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബൈജു.
‘ദുല്‍ഖര്‍ ഈ ഒരു നിലയില്‍ വരുമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചില്ല. കാരണം അഭിനയത്തിനോട് പാഷനുള്ള പയ്യനായി എനിക്ക് തോന്നിയിട്ടില്ല. സിനിമയിലേക്ക് ദുല്‍ഖറിന്റെ വരവ് പെട്ടെന്നായിരുന്നു. പക്ഷേ ദുല്‍ഖര്‍ ഇനിയും ഒരുപാട് പ്രൂവ് ചെയ്യാനുണ്ട്. അത് പറ്റും.
പൃഥ്വിരാജ് ഏതാണ്ട് 70 ശതമാനം പ്രൂവ് ചെയ്ത ആളാണ്. ഇനിയും കടക്കുവല്ലേ. 41 വയസേതാണ്ടല്ലേ ആയുള്ളൂ. ഇനിയും ഒരുപാട് കാലം അഭിനയിക്കണ്ടേ. എല്ലാം കൂടി 100 ശതമാനമായാല്‍ വേറെ എന്ത് കാണിക്കും പിന്നെ. അഭിനേതാവെന്ന നിലയിലും മിടുക്കനാണ്, മിടുമിടുക്കനാണ് പൃഥ്വിരാജ്.
വിനീത് ശ്രീനിവാസന്‍ വേറെ ഒരു പാറ്റേണാണ്. പിന്നെ വിനീതിന് ചില പരിമിതികളുണ്ട്. അയാള്‍ക്ക് അയാളുടേതായ ചില റോളുകളേ ചെയ്യാന്‍ പറ്റുകയുള്ളൂ. പൃഥ്വിരാജ് ചെയ്യുന്ന കടുവയിലെ റോള്‍ വിനീത് ശ്രീനിവാസന് ചെയ്യാന്‍ പറ്റില്ല. ഇവരാരും മോശക്കാരൊന്നുമല്ല. എല്ലാവരും നന്നായി അഭിനയിക്കുന്നവര്‍ തന്നെയാണ്.
ധ്യാന്‍ ഇപ്പോള്‍ ഒരുപാട് സിനിമകളില്‍ അഭിനയിക്കുന്നുണ്ടെങ്കിലും കുറച്ച് ഉഴപ്പിന്റെ ആളായി തോന്നിയിട്ടുണ്ട്. അവന്‍ കര്യങ്ങളെ വലിയ സീരിയസായി കാണുന്നില്ല. ഇന്റര്‍വ്യുകളിലൊക്കെ മിടുക്കനാണ്. ധ്യാനിന്റെ ഇന്റര്‍വ്യൂവിന് ഭയങ്കര മാര്‍ക്കറ്റാണ്. ശ്രീനിയേട്ടന്റെ വേറെ ഒരു ലൈനാണ്. പക്ഷേ കുറച്ചു കൂടെ നല്ല കഥാപാത്രങ്ങള്‍ ധ്യാന്‍ തെരഞ്ഞെടുക്കണമെന്നാണ് എന്റെ അഭിപ്രായം,’ ബൈജു പറഞ്ഞു.
Content Highlight: baiju about dulquer salmaan, prithviraj and other young actors