Film News
ബിജു മേനോന്‍ വിചാരിച്ചാല്‍ അതൊക്കെ ചെയ്യാന്‍ പറ്റും, പക്ഷേ അവന്‍ ഉഴപ്പാണ്: ബൈജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 05, 06:21 pm
Sunday, 5th March 2023, 11:51 pm

ഡബ്ബ് ചെയ്യുന്നത് തനിക്ക് വലിയ പ്രയാസമായി തോന്നിയിട്ടില്ലെന്ന് നടന്‍ ബൈജു. പല ജില്ലകളിലായി തനിക്ക് സുഹൃത്തുക്കളുണ്ടെന്നും പ്രാദേശിക ഭാഷകള്‍ സിനിമയില്‍ പറയേണ്ടി വരുമ്പോള്‍ അവരുടെ സഹായം തേടാറുണ്ടെന്നും ബൈജു പറഞ്ഞു. ഓര്‍ഡിനറിയിലെ ബിജു മേനോന്റെ ഡബ്ബിങ് തനിക്ക് വളരെയധികം ഇഷ്ടപ്പെട്ടുവെന്നും കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ബൈജു പറഞ്ഞു.

‘എനിക്ക് തൃശ്ശൂരും കൊല്ലത്തും കോട്ടയത്തും പാലക്കാടുമെല്ലാം കുറച്ച് കൂട്ടുകാരുണ്ട്. ഡയലോഗ് റെന്‍ഡര്‍ ചെയ്യുന്നത് എങ്ങനെയാണെന്ന് ഇവര്‍ സംസാരിക്കുമ്പോള്‍ ഞാന്‍ ശ്രദ്ധിക്കും. അതിങ്ങനെ മനസില്‍ വെച്ചേക്കും. പിന്നെ ഏതെങ്കിലും സിനിമയില്‍ ഇങ്ങനെയുള്ള കഥാപാത്രങ്ങള്‍ വന്നാല്‍ ഞാന്‍ അവരെ തന്നെ വിളിച്ച് ചോദിക്കും. അവര്‍ പറഞ്ഞുതരുന്നത് പോലെ ഡബ്ബ് ചെയ്യും. എല്ലാം പഠിച്ച് തികഞ്ഞുകൊണ്ട് ആര്‍ക്കെങ്കിലും വരാന്‍ പറ്റുമോ. അത് ഒരു ചലഞ്ചായി എടുക്കും, രസമാണ്.

ഓര്‍ഡിനറിയില്‍ ബിജു മേനോന്‍ പാലക്കാടന്‍ ഭാഷ പറഞ്ഞത് എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. കലക്കനായി പറഞ്ഞിട്ടുണ്ട്. അവന്‍ വിചാരിച്ചാല്‍ അവന് ഇതൊക്കെ പറയാന്‍ പറ്റും. പക്ഷേ അവന്‍ ഉഴപ്പാണ്. എല്ലാം അവന് പറയാന്‍ പറ്റും.

ഡബ്ബിങ് എനിക്ക് വലിയ ബുദ്ധിമുട്ടായി തോന്നിയിട്ടില്ല. ഞാന്‍ ആദ്യമേ ചെയ്തുതുടങ്ങിയത് ഡബ്ബിങ്ങായതുകൊണ്ട് അത് വലിയ പ്രയാസമായി തോന്നിയിട്ടില്ല. പക്ഷേ പലര്‍ക്കും അഭിനയിക്കുന്നതിനെക്കാള്‍ പ്രയാസം ഡബ്ബിങ്ങാണെന്ന് പറയും. ഇതൊന്നും നമ്മുടെ മിടുക്കല്ല, രക്തത്തില്‍ കിട്ടിയ കുറച്ച് കഴിവുകളാണ്. താനെ കിട്ടിയതാണ്, അല്ലാതെ സ്വായത്തമാക്കിയതല്ല. പിന്നെ കുറെയൊക്കെ കണ്ടീഷന്‍ ചെയ്‌തെടുക്കാം,’ ബൈജു പറഞ്ഞു.

മലയാളത്തിലെ യുവതാരങ്ങളെ പറ്റിയും ബൈജു സംസാരിച്ചിരുന്നു. ‘ദുല്‍ഖര്‍ ഈ ഒരു നിലയില്‍ വരുമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചില്ല. കാരണം അഭിനയത്തിനോട് പാഷനുള്ള പയ്യനായി എനിക്ക് തോന്നിയിട്ടില്ല. സിനിമയിലേക്ക് ദുല്‍ഖറിന്റെ വരവ് പെട്ടെന്നായിരുന്നു. പക്ഷേ ദുല്‍ഖര്‍ ഇനിയും ഒരുപാട് പ്രൂവ് ചെയ്യാനുണ്ട്. അത് പറ്റും.

പൃഥ്വിരാജ് ഏതാണ്ട് 70 ശതമാനം പ്രൂവ് ചെയ്ത ആളാണ്. ഇനിയും കടക്കുവല്ലേ. 41 വയസേതാണ്ടല്ലേ ആയുള്ളൂ. അഭിനേതാവെന്ന നിലയിലും മിടുമിടുക്കനാണ് പൃഥ്വിരാജ്. വിനീത് ശ്രീനിവാസന്‍ വേറെ ഒരു പാറ്റേണാണ്. പിന്നെ വിനീതിന് ചില പരിമിതികളുണ്ട്. അയാള്‍ക്ക് അയാളുടേതായ ചില റോളുകളേ ചെയ്യാന്‍ പറ്റുകയുള്ളൂ.

ധ്യാന്‍ ഇപ്പോള്‍ ഒരുപാട് സിനിമകളില്‍ അഭിനയിക്കുന്നുണ്ടെങ്കിലും കുറച്ച് ഉഴപ്പിന്റെ ആളായി തോന്നിയിട്ടുണ്ട്. അവന്‍ കര്യങ്ങളെ വലിയ സീരിയസായി കാണുന്നില്ല. ഇന്റര്‍വ്യുകളിലൊക്കെ മിടുക്കനാണ്. ധ്യാനിന്റെ ഇന്റര്‍വ്യൂവിന് ഭയങ്കര മാര്‍ക്കറ്റാണ്. ശ്രീനിയേട്ടന്റെ വേറെ ഒരു ലൈനാണ്. പക്ഷേ കുറച്ചു കൂടെ നല്ല കഥാപാത്രങ്ങള്‍ ധ്യാന്‍ തെരഞ്ഞെടുക്കണമെന്നാണ് എന്റെ അഭിപ്രായം,’ ബൈജു പറഞ്ഞു.

Content Highlight: baiju about biju menon’s dubbing