| Friday, 27th September 2024, 10:28 am

ആ ഹിറ്റ് പാട്ട് ചെയ്തിട്ടും ശ്രദ്ധിക്കാതെ പോയ സംഗീത സംവിധായകനാണ് അദ്ദേഹം: ബാഹുല്‍ രമേശ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2019ല്‍ ആസിഫ് അലി നായകനായ കക്ഷി: അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംഗീത സംവിധായകനാണ് സാമുവല്‍ എബി. വിനീത് ശ്രീനിവാസന്‍ നായകനായ മനോഹരം ആയിരുന്നു അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രം.

കക്ഷി: അമ്മിണിപ്പിള്ള എന്ന ചിത്രത്തിലെ ഹിറ്റ് ഗാനമായ ഉയ്യാരം പയ്യാരം എന്ന പാട്ടിനെക്കുറിച്ചും അതിന്റെ മ്യൂസിക് ഡയറക്ടര്‍ സാമുവല്‍ എബിയെ കുറിച്ചും സംസാരിക്കുകയാണ് തിരക്കഥാകൃത്തും ഛായാഗ്രാഹകനുമായ ബാഹുല്‍ രമേശ്. ഗാനരംഗത്തിന്റെ ഷൂട്ടിങ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴും കല്യാണ സീനിനുള്ള പാട്ട് ശരിയായില്ലെന്നും മ്യൂസിക് ഡയറക്ടര്‍ കൊടുക്കുന്ന പാട്ടുകളൊന്നും തന്നെ സംവിധായകനും മറ്റും ഇഷ്ടപ്പെട്ടില്ലെന്നും ബാഹുല്‍ പറയുന്നു.

അവസാനം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കൊണ്ട് വന്ന സംഗീത സംവിധായകനായ സാമുവല്‍ എബിയാണ് ആ ഗാനം ചെയ്തതെന്ന് ബാഹുല്‍ പറയുന്നു. അന്ന് അധികം ആഘോഷിക്കപ്പെടാതെ പോയ എന്നാല്‍ ആഘോഷിക്കപ്പെടേണ്ട ഒരു സംഗീത സംവിധായകനാണ് സാമുവല്‍ എബിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബാഹുല്‍.

‘അന്ന് അധികം ആഘോഷിക്കപ്പെടാതെ പോയ എന്നാല്‍ ആഘോഷിക്കേണ്ട ഒരു സംഗീത സംവിധായകനാണ് സാമുവല്‍ എബി എന്ന് തോന്നിയിട്ടുണ്ട്. ഉയ്യാരം പയ്യാരം എന്ന പാട്ട് ചെയ്തത് സാമുവല്‍ എബി എന്ന് പറയുന്ന ഒരു കക്ഷിയാണ്.

നമ്മള്‍ സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചിട്ട് മൂന്നോ നാലോ ദിവസത്തിന് ശേഷം ഈ പാട്ടിന്റെ ഷൂട്ട് തുടങ്ങാന്‍ വേണ്ടി ഇരിക്കുകയായിരുന്നു. ആ സീന്‍ ആണെങ്കില്‍ പാട്ട് വെച്ചിട്ട് മാത്രം ചെയ്യാന്‍ പറ്റുന്ന ഒന്നായിരുന്നു. അതിന്റെ പാട്ടാണെങ്കില്‍ അത് വരെ കിട്ടിയിട്ടും ഇല്ലായിരുന്നു. മ്യൂസിക് ഡയറക്ടര്‍ അതുവരെ കൊടുത്ത പാട്ടുകളൊന്നും സംവിധായകനോ മറ്റുള്ളവര്‍ക്കോ ഓക്കേ ആകുന്ന രീതിയിലോ ഒരു സംതൃപ്തി നല്‍കുന്ന രീതിയിലോ ഉള്ളതായിരുന്നില്ല.

ഒരു പോയിന്റ് കഴിഞ്ഞപ്പോള്‍ രണ്ട് ദിവസം കൂടിയേ ഉള്ളു ഇനി എന്ത് ചെയ്യും, പാട്ടില്ല എന്ന ഘട്ടം വന്നു. അപ്പോള്‍ ആ സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയിരുന്ന ഷാഫിക്കയാണ് പറഞ്ഞത് നമ്മുടെ കയ്യില്‍ ഒരാളുണ്ടെന്ന്. സാമുവല്‍ എബി വന്ന് ഈ പാട്ട് ആദ്യം ചെയ്ത് കേള്‍പ്പിച്ചപ്പോള്‍ തന്നെ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. അപ്പോള്‍ തന്നെ സാമുവല്‍ മതിയെന്ന് അവര്‍ പറഞ്ഞു,’ ബാഹുല്‍ രമേശ് പറയുന്നു.

Content Highlight: Bahul Ramesh Talks About Music Director Samuel Aby

We use cookies to give you the best possible experience. Learn more