‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിന് ശേഷം ദിന്‍ജിത്ത് സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയാണ് ‘കിഷ്‌ക്കിന്ധാ കാണ്ഡം’. ഫാമിലി ത്രില്ലര്‍ ഡ്രാമയെന്ന ഴോണറില്‍ എത്തിയ ഈ സിനിമയില്‍ ആസിഫ് അലിയാണ് നായകനായത്.
ബാഹുല്‍ രമേശിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ഈ സിനിമക്ക് ഇപ്പോള്‍ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. എട്ട് ദിവസം കൊണ്ടാണ് ബാഹുല്‍ കിഷ്‌ക്കിന്ധാ കാണ്ഡത്തിന്റെ സ്‌ക്രിപ്റ്റ് എഴുതി തീര്‍ക്കുന്നത്. മാത്രമല്ല ഓരോ ലൂപ് ഹോളുകളും അടച്ചാണ് സിനിമ മുന്നോട്ട് പോകുന്നത്.
അത്തരമൊരു സ്‌ക്രിപ്റ്റ് എട്ട് ദിവസം കൊണ്ട് എങ്ങനെയാണ് എഴുതി തീര്‍ത്തത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ബാഹുല്‍ രമേശ്. റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നും പ്ലാന്‍ ചെയ്ത് നടന്നതല്ലെന്നും എങ്ങനെയോ പറ്റി പോയതാണെന്നുമാണ് ബാഹുല്‍ പറയുന്നത്.
‘ഒന്നും പ്ലാന്‍ ചെയ്ത് നടന്നതല്ല. അത് എങ്ങനെയോ പറ്റി പോയതാണ്. എട്ട് ദിവസം കൊണ്ട് എഴുതി തീര്‍ന്നു പോയതാണ്. സിനിമ അവസാനത്തേക്ക് ലൂപ് ഹോള്‍സ് അടച്ചടച്ച് പോയെന്ന് പലരും പറയുന്നത് കേട്ടു. സത്യത്തില്‍ ലൂപ് ഹോള്‍സ് അടച്ചടച്ച് പോയതല്ല. അത് തനിയെ അടഞ്ഞടഞ്ഞ് പോയതാകാം.
അതുമല്ലെങ്കില്‍ ആരും കാണാത്ത ലൂപ് ഹോള്‍സ് ഇപ്പോഴും ഉണ്ടാകാം. അതിനി ആളുകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ നമുക്ക് കാണാം. എല്ലാ ലൂപ് ഹോള്‍സും നിര്‍ബന്ധമായും അടച്ചിരിക്കണമെന്നോ ഏറ്റവും പെര്‍ഫക്ടായിരിക്കണമെന്നോ ഉള്ള ആഗ്രഹങ്ങളൊന്നും ആ കഥ എഴുതുമ്പോള്‍ മനസില്‍ ഉണ്ടായിരുന്നില്ല.
നമ്മളെ കൊണ്ട് പറ്റുന്നതല്ലേ നമുക്ക് ചെയ്യാനാകുള്ളൂ. അപ്പപ്പോള്‍ തോന്നിയ കാര്യങ്ങള്‍ എഴുതിവെച്ചതാണ്. അല്ലാതെ ഏറ്റവും പെര്‍ഫെക്റ്റിന് വേണ്ടി കാത്തിരുന്നാല്‍ ചിലപ്പോള്‍ നമ്മള്‍ കഥ എഴുതി പൂര്‍ത്തിയാക്കില്ല. എന്റെ കഴിവ് വെച്ചിട്ടും ലിമിറ്റേഷന്‍സ് വെച്ചിട്ടും അതേ വരികയുള്ളുവെന്ന് എനിക്ക് അറിയാമായിരുന്നു. അങ്ങനെയാണ് അത് എഴുതിവെക്കാമെന്നുള്ള ചിന്ത വരുന്നത്.
എട്ട് ദിവസം കൊണ്ട് അത് എഴുതി തീര്‍ക്കാന്‍ സാധിച്ചു. ആ സമയത്ത് ഒട്ടും ഡിസ്ട്രാക്റ്റ്ഡായില്ല. കൊവിഡ് എല്ലാവര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കിയ സാഹചര്യമായിരുന്നു. പക്ഷെ എനിക്ക് അത് ഗുണം ചെയ്തു. എന്നെ ഒന്നും ഡിസ്ട്രാക്റ്റ്ഡ് ചെയ്യാന്‍ ഉണ്ടായിരുന്നില്ല,’ ബാഹുല്‍ രമേശ് പറഞ്ഞു.
Content Highlight: Bahul Ramesh Talks About Kishkindha Kaandam