ദില്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത് 2019ല്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് ‘ഒ.പി 160/18 കക്ഷി:അമ്മിണിപ്പിള്ള’. ആസിഫ് അലി വക്കീല്‍ വേഷത്തിലെത്തിയ ചിത്രം ആദ്യം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ കക്ഷി: അമ്മിണിപ്പിള്ളയിലെ ഗാനങ്ങളെല്ലാം സൂപ്പര്‍ഹിറ്റ് ആയിരുന്നു.
കക്ഷി: അമ്മിണിപ്പിള്ള എന്ന ചിത്രത്തിലെ ഹിറ്റ് ഗാനമായ ഉയ്യാരം പയ്യാരം എന്ന പാട്ടിനെക്കുറിച്ചും അതിന്റെ മ്യൂസിക് ഡയറക്ടര്‍ സാമുവല്‍ എബിയെ കുറിച്ചും സംസാരിക്കുകയാണ് തിരക്കഥാകൃത്തും ഛായാഗ്രാഹകനുമായ ബാഹുല്‍ രമേശ്.
അന്ന് അധികം ആഘോഷിക്കപ്പെടാതെ പോയ എന്നാല്‍ ആഘോഷിക്കേണ്ട ഒരു സംഗീത സംവിധായകനാണ് സാമുവല്‍ എബി എന്ന് തോന്നിയിട്ടുണ്ടെന്ന് ബാഹുല്‍ പറഞ്ഞു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്‍മെന്റ്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബാഹുല്‍.
‘അന്ന് അധികം ആഘോഷിക്കപ്പെടാതെ പോയ എന്നാല്‍ ആഘോഷിക്കേണ്ട ഒരു സംഗീത സംവിധായകനാണ് സാമുവല്‍ എബി എന്ന് തോന്നിയിട്ടുണ്ട്. ഉയ്യാരം പയ്യാരം എന്ന പാട്ട് ചെയ്തത് സാമുവല്‍ എബി എന്ന് പറയുന്ന ഒരു കക്ഷിയാണ്.
നമ്മള്‍ സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചിട്ട് മൂന്നോ നാലോ ദിവസത്തിന് ശേഷം ഈ പാട്ടിന്റെ ഷൂട്ട് തുടങ്ങാന്‍ വേണ്ടി ഇരിക്കുകയായിരുന്നു. ആ സീന്‍ ആണെങ്കില്‍ പാട്ട് വെച്ചിട്ട് മാത്രം ചെയ്യാന്‍ പറ്റുന്ന ഒന്നായിരുന്നു. അതിന്റെ പാട്ടാണെങ്കില്‍ അത് വരെ കിട്ടിയിട്ടും ഇല്ലായിരുന്നു. മ്യൂസിക് ഡയറക്ടര്‍ അതുവരെ കൊടുത്ത പാട്ടുകളൊന്നും സംവിധായകനോ മറ്റുള്ളവര്‍ക്കോ ഓക്കേ ആകുന്ന രീതിയിലോ ഒരു സംതൃപ്തി നല്‍കുന്ന രീതിയിലോ ഉള്ളതായിരുന്നില്ല.
ഒരു പോയിന്റ് കഴിഞ്ഞപ്പോള്‍ രണ്ട് ദിവസം കൂടിയേ ഉള്ളു ഇനി എന്ത് ചെയ്യും, പാട്ടില്ല എന്ന ഘട്ടം വന്നു. അപ്പോള്‍ ആ സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയിരുന്ന ഷാഫിക്കയാണ് പറഞ്ഞത് നമ്മുടെ കയ്യില്‍ ഒരാളുണ്ടെന്ന്. സാമുവല്‍ എബി വന്ന് ഈ പാട്ട് ആദ്യം ചെയ്ത് കേള്‍പ്പിച്ചപ്പോള്‍ തന്നെ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. അപ്പോള്‍ തന്നെ സാമുവല്‍ മതിയെന്ന് അവര്‍ പറഞ്ഞു,’ ബാഹുല്‍ രമേശ് പറയുന്നു.
Content Highlight: Bahul Ramesh Talks About Kakshi: Amminippilla Movie And Music Director Samuel Aby