ഷോട്ടിന് മുമ്പ് ആ ട്രാക്ക് കേട്ട് ആസിഫിക്ക കരയുമായിരുന്നു: ബാഹുല്‍ രമേശ്
Entertainment
ഷോട്ടിന് മുമ്പ് ആ ട്രാക്ക് കേട്ട് ആസിഫിക്ക കരയുമായിരുന്നു: ബാഹുല്‍ രമേശ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 24th September 2024, 4:29 pm

മികച്ച അഭിപ്രായങ്ങള്‍ നേടി തിയേറ്ററുകളില്‍ മുന്നേറുകയാണ് കിഷ്‌കിന്ധാ കാണ്ഡം. കക്ഷി അമ്മിണിപിള്ളക്ക് ശേഷം ദിന്‍ജിത് അയ്യത്താന്‍ ചെയ്യുന്ന ചിത്രമാണിത്. ആസിഫ് അലിയാണ് നായകന്‍. ഇതിനോടകം 50 കോടിക്ക് മുകളില്‍ കിഷ്‌കിന്ധാ കാണ്ഡം നേടിക്കഴിഞ്ഞു.

പഴുതടച്ച തിരക്കഥയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റീവ്. കക്ഷി അമ്മിണിപിള്ള, മന്ദാരം, ഇന്നലെ വരെ എന്നീ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച ബാഹുല്‍ രമേശാണ് കിഷ്‌കിന്ധാ കാണ്ഡത്തിന്റെ തിരക്കഥ എഴുതിയത്. ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചതും ബാഹുല്‍ തന്നെയാണ്.

സിനിമയുടെ ഷൂട്ടിങ് സമയത്ത് ഇമോഷണല്‍ സീനുകള്‍ എടുക്കുന്നതിന് മുമ്പ് ഇന്റെര്‍സ്റ്റെല്ലര്‍ എന്ന സിനിമയിലെ ക്വാന്റിഫയല്‍ കണക്ഷന്‍ എന്ന പാട്ട് ആസിഫ് അലി കേള്‍ക്കുമായിരുന്നെന്നും അത് കേട്ട് കഴിഞ്ഞ് അദ്ദേഹത്തെ ഷോട്ടിന് വിളിക്കുമ്പോള്‍ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ടാകുമെന്നും ബഹുല്‍ പറയുന്നു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഓരോ സീനും എടുക്കുമ്പോള്‍ ആസിഫിക്കക്ക് കൊടുക്കുന്ന ബ്രീഫിങ്ങ് കുറവായിരുന്നു. ഇന്റെര്‍സ്റ്റെല്ലാറിന്റെ അകത്തെ ക്വാന്റിഫയല്‍ കണക്ഷന്‍ എന്ന് പറയുന്ന ഒരു മ്യൂസിക് സ്‌കോര്‍ ഞാന്‍ കട്ട് ചെയ്തിട്ട് ആസിഫിക്കക്ക് അയച്ച് കൊടുത്തു.

ഓരോ സീനിന്റെയും ബ്രീഫ് എന്താണെന്ന് വെച്ചാല്‍ പറഞ്ഞു തരണേയെന്ന് അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു. ഞാന്‍ പറഞ്ഞു, ഇക്കക്ക് അറിയുന്നതല്ലേ നമ്മള്‍ അന്ന് കഥ പറഞ്ഞതല്ലേ, സ്‌ക്രിപ്റ്റും വായിച്ചതല്ലേ, ഒരു മ്യൂസിക് സ്‌കോര്‍ മാത്രം അയച്ച് തരാം, ഒരു മൂഡ് പിടിക്കാന്‍ വേണമെങ്കില്‍ ആ പാട്ട് ഒന്ന് കേട്ടുനോക്ക്. വേണമെങ്കില്‍ മാത്രം എന്ന് പറഞ്ഞു.

ഞാന്‍ അടിച്ചേല്‍പ്പിക്കുന്നത് പോലെ തോന്നരുതല്ലോ. അങ്ങനെ പിന്നെ അദ്ദേഹം ആ പാട്ട് ഇടക്കിടക്ക് കേള്‍ക്കാന്‍ തുടങ്ങി. അവസാനം കെട്ടിപ്പിടിക്കുന്നു ഒരു സീനുണ്ടല്ലോ. ആ ഷോട്ട് എടുക്കുന്നതിന് മുന്‍പ് ആംഗിളും ലൈറ്റും ഷോട്ടൊക്കെ സെറ്റ് ചെയ്യുന്ന സമയത്ത് ആസിഫിക്ക കാരവാനില്‍ പോകാതെ പറമ്പില്‍ തന്നെ കുറച്ച് മാറി ഇയര്‍ ഫോണില്‍ ആ മ്യൂസിക് കേള്‍ക്കുകയായിരിക്കും. ഷോട്ട് റെഡി എന്ന് പറഞ്ഞു വിളിക്കാന്‍ പോകുമ്പോഴേക്കും ഇക്കേടെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ടാകും,’ ബാഹുല്‍ രമേശ് പറയുന്നു.

Content Highlight: Bahul Ramesh Talks About Asif  Ali Gets Emotional After Listening interstellar quantifiable connection