| Saturday, 21st September 2024, 11:37 am

ബോയിങ് ബോയിങിലെ ആ ഡയലോഗ് പോലെയാണ് കിഷ്‌കിന്ധാ കാണ്ഡത്തിലെ ട്വിസ്റ്റുകൾ ഞാൻ എഴുതിയത്: ബാഹുൽ രമേശ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഓണം റിലീസുകള്‍ക്കിടയില്‍ അത്ഭുതവിജയം സ്വന്തമാക്കിയിരിക്കുകയാണ് ആസിഫ് അലി നായകനായ കിഷ്‌കിന്ധാ കാണ്ഡം. ചിത്രത്തിന് വന്‍ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കക്ഷി അമ്മിണിപിള്ളക്ക് ശേഷം ദിന്‍ജിത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിജയരാഘവനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇരുവരുടെയും പ്രകടനാണ് സിനിമയുടെ പ്രധാന ഹൈലൈറ്റ്.

പ്രേക്ഷകന് യാതൊരു പിടിയും തരാത്ത സ്‌ക്രിപ്റ്റാണ് ചിത്രത്തിന്റേത്. അവസാന 20 മിനിറ്റില്‍ ചിത്രം മറ്റൊരു തലത്തിലേക്ക് ഉയരുന്നുണ്ട്. മന്ദാരം, കക്ഷി അമ്മിണിപിള്ള, ഇന്നലെ വരെ, മോഹന്‍കുമാര്‍ ഫാന്‍സ് എന്നീ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച ബാഹുല്‍ രമേശാണ് കിഷ്‌കിന്ധാ കാണ്ഡത്തിന്റെ തിരക്കഥാകൃത്ത്. മലയാളത്തില്‍ അടുത്തിടെ വന്ന ഏറ്റവും മികച്ച സ്‌ക്രിപ്‌റ്റെന്നാണ് ചിത്രം കണ്ട പലരും അഭിപ്രായപ്പെട്ടത്. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് എഴുതിയതിനെ കുറിച്ച് പറയുകയാണ് ബാഹുൽ രമേശ്.

ഒരു സിനിമയുടെ ആദ്യം ഷോ കഴിഞ്ഞാൽ തന്നെ ചിത്രത്തിന്റെ പ്രധാന ട്വിസ്റ്റ് സ്പോയ്ലർ ആവുമെന്നും അങ്ങനെ സംഭവിക്കാതിരിക്കാനാണ് ഒന്നിലധികം ട്വിസ്റ്റുകൾ ചിത്രത്തിൽ ഉൾപെടുത്തിയതെന്നും ബാഹുൽ രമേശ് പറയുന്നു. ബോയിങ് ബോയിങ് എന്ന സിനിമയിൽ ഒരു ബോംബ് ദാ രണ്ടാമത്തെ ബോംബ് എന്ന് പറയുന്ന ഡയലോഗ് പോലെ താൻ ചേർത്തുകൊടുത്തതാണ് ഓരോ ട്വിസ്റ്റുകളുമെന്നും ബാഹുൽ പറയുന്നു. ദി ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പടത്തിന്റെ ഫസ്റ്റ് ഷോ കഴിഞ്ഞാൽ ട്വിസ്റ്റൊക്കെ സ്പോയ്ലർ ആവുമെന്ന് നമുക്കറിയാമല്ലോ. ഇതാണ് ഇതിന്റെ മൊമെന്റ് എന്ന് പ്രേക്ഷകർക്ക് കിട്ടും. ഒറ്റ വാക്കിലൂടെ അത് സ്പോയിൽ ചെയ്യാൻ പറ്റും. അത് നമ്മുടെ നിയന്ത്രണത്തിലുള്ള കാര്യമല്ല. നമുക്കൊരിക്കലും അതിനെ കൺട്രോൾ ചെയ്യാൻ കഴിയില്ല.

ഞാനപ്പോൾ ആലോചിച്ചുനോക്കി, ഒരു ട്വിസ്റ്റ് പൊട്ടി കഴിഞ്ഞാൽ മറ്റൊന്ന് കൂടെയുള്ളത് നല്ലതല്ലേ. അങ്ങനെ ഒരു സാധനം കൂടിയിരിക്കട്ടെയെന്ന് കരുതിയാണ് ഒരു ട്വിസ്റ്റ് കൂടെ ചേർത്തത്. ഇനി ഈ രണ്ടെണ്ണവും ആരെങ്കിലും പൊട്ടിച്ചാലോയെന്ന് കരുതിയാണ് മൂന്നാമത് ഒന്നുകൂടെ ചേർത്തത്. അത് പോയാൽ നാലാമത് ഒന്നുകൂടെ നിന്നോട്ടെയെന്ന് കരുതി.

ബോയിങ് ബോയിങ് സിനിമയിൽ, ഒരു ബോംബ് രണ്ട് ബോംബ് എന്ന് പറയുന്ന പോലെ ചുമ്മാ ഇട്ടു നോക്കിയ പരിപാടികൾ ആയിരുന്നു ആ ട്വിസ്റ്റെല്ലാം. എഴുതിക്കൊണ്ടിരിക്കുമ്പോൾ ഇതിവിടം കൊണ്ട് നിർത്തരുതെന്ന് എനിക്കും തോന്നിയിരുന്നു. കുറച്ചുകൂടി മുന്നോട്ട് പോവാമെന്ന് തീരുമാനിച്ചാണ് കിഷ്കിന്ധാ കാണ്ഡത്തിന്റെ കഥ എഴുതിയത്,’ബാഹുൽ രമേശ് പറയുന്നു.

Content Highlight: Bahul Ramesh Talk About Twist’s In Kishkindha Kandam Movie

We use cookies to give you the best possible experience. Learn more