| Sunday, 22nd September 2024, 6:28 pm

സുഷിന്‍ ശ്യാം ചെയ്യേണ്ട സിനിമയായിരുന്നു കിഷ്‌കിന്ധാ കാണ്ഡം, പക്ഷേ...: റൈറ്റര്‍ ബാഹുല്‍ രമേശ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഓണം റിലീസുകള്‍ക്കിടയില്‍ അതിഗംഭീര പ്രതികരണവുമായി മുന്നേറുകയാണ് കിഷ്‌കിന്ധാ കാണ്ഡം. കക്ഷി അമ്മിണിപിള്ളക്ക് ശേഷം ആസിഫ് അലി- ദിന്‍ജിത് അയ്യത്താന്‍ കോമ്പോ ഒന്നിച്ച ചിത്രം കൂടിയാണിത്. ഓരോ ദിവസം കഴിയുന്തോറും ചിത്രം ഗംഭീര മുന്നേറ്റമാണ് നടത്തുന്നത്. വേള്‍ഡ്‌വൈഡായി ഇതിനോടകം 40 കോടിക്കടുത്ത് കിഷ്‌കിന്ധാ കാണ്ഡം നേടിക്കഴിഞ്ഞു.

ആസിഫിന് പുറമെ വിജയരാഘവന്‍, അപര്‍ണ ബാലമുരളി, ജഗദീഷ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പഴുതടച്ച തിരക്കഥയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റീവ്. കക്ഷി അമ്മിണിപിള്ള, മന്ദാരം, ഇന്നലെ വരെ എന്നീ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച ബാഹുല്‍ രമേശാണ് കിഷ്‌കിന്ധാ കാണ്ഡത്തിന്റെ തിരക്കഥ എഴുതിയത്.

ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചതും ബാഹുല്‍ തന്നെയാണ്. കഥ നടക്കുന്ന പശ്ചാത്തലത്തിലേക്ക് പ്രേക്ഷകനെ വലിച്ചിടുന്ന സംഗീതമാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. മുജീബ് മജീദാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചത്. ചിത്രത്തിന്റെ സംഗീതസംവിധാനത്തിലേക്ക് ആദ്യം പരിഗണിച്ചത് സുഷിന്‍ ശ്യാമിനെയായിരുന്നുവെന്ന് പറയുകയാണ് ബാഹുല്‍ രമേശ്.

ആദ്യം പുറത്തിറങ്ങിയ പോസ്റ്ററുകളില്‍ സുഷിന്റെ പേരായിരുന്നെന്നും ബാഹുല്‍ കൂട്ടിച്ചേര്‍ത്തു. സുഷിനും ഈ കഥ ഇഷ്ടമായെന്നും താന്‍ അദ്ദേഹത്തിന്റെ ഫാന്‍ബോയ് ആണെന്നും ബാഹുല്‍ പറഞ്ഞു. എന്നാല്‍ ആവേശം, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നീ സിനിമകളുടെ തിരക്ക് കാരണം സുഷിന് ഈ സിനിമ ചെയ്യാന്‍ പറ്റിയില്ലെന്നും പിന്നീടാണ് മുജീബ് ഈ സിനിമയിലേക്കെത്തിയതെന്നും ബാഹുല്‍ കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു ബാഹുല്‍.

‘ഈ പടത്തില്‍ വിജയരാഘവന്റെ ക്യാരക്ടര്‍ അരുണചലിലായിരുന്നെന്ന് പറയുന്ന സീനുണ്ട്. പട്ടാളക്കാരന്‍ എന്ന് പറഞ്ഞാല്‍ കാശ്മീരെന്നുള്ള സ്റ്റീരിയോടൈപ്പ് ബ്രേക്ക് ചെയ്യാന്‍ വേണ്ടിയായിരുന്നു അത്. അതുപോലെ ഈ പടത്തില്‍ ആദ്യം സുഷിനായിരുന്നു മ്യൂസിക് ചെയ്യാന്‍ പ്ലാനുണ്ടായിരുന്നത്. ഇനിഷ്യല്‍ പോസ്റ്ററുകളില്‍ സുഷിന്റെ പേരായിരുന്നു.

ഞാന്‍ പുള്ളിയുടെ ഫാന്‍ ബോയ് ആയതുകൊണ്ട് ആ സീനില്‍ പുള്ളിയുടെ വക സ്‌പെഷ്യല്‍ ഐറ്റം കിട്ടാന്‍ വേണ്ടി ഒരു നോര്‍ത്ത് ഈസ്റ്റ് ടച്ചുള്ള മ്യൂസിക് എന്ന് എഴുതിച്ചേര്‍ത്തു. പക്ഷേ മഞ്ഞുമ്മല്‍ ബോയ്‌സും ആവേശവും കാരണം സുഷിന് ഈ സിനിമയിലേക്ക് വരാന്‍ പറ്റിയില്ല. പിന്നീടാണ് മുജീബിലേക്കെത്തിയത്. പുള്ളി ആ സീനില്‍ ഇട്ട ബി.ജി.എം ഈ പടത്തിന്റെ മൂഡ് മൊത്തം മാറ്റി,’ ബാഹുല്‍ രമേശ് പറഞ്ഞു.

Content Highlight: Bahul Ramesh saying that Sushin Shyam was the first choice in Kishkindha Kandam

We use cookies to give you the best possible experience. Learn more