| Thursday, 19th September 2024, 1:44 pm

കിഷ്‌കിന്ധാ കാണ്ഡത്തിന്റെ സ്‌ക്രിപ്റ്റ് പകുതിയായപ്പോള്‍ ആദ്യം അദ്ദേഹത്തിനാണ് വായിക്കാന്‍ കൊടുത്തത്: റൈറ്റര്‍ ബാഹുല്‍ രമേശ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഓണം റിലീസുകള്‍ക്കിടയില്‍ അത്ഭുതവിജയം സ്വന്തമാക്കിയിരിക്കുകയാണ് ആസിഫ് അലി നായകനായ കിഷ്‌കിന്ധാ കാണ്ഡം. വളരെ കുറച്ച് സ്‌ക്രീനുകളില്‍ റിലീസായ ചിത്രത്തിന് വന്‍ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കക്ഷി അമ്മിണിപിള്ളക്ക് ശേഷം ദിന്‍ജിത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിജയരാഘവനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇരുവരുടെയും പ്രകടനാണ് സിനിമയുടെ പ്രധാന ഹൈലൈറ്റ്.

പ്രേക്ഷകന് യാതൊരു പിടിയും തരാത്ത സ്‌ക്രിപ്റ്റാണ് ചിത്രത്തിന്റേത്. അവസാന 20 മിനിറ്റില്‍ ചിത്രം മറ്റൊരു തലത്തിലേക്ക് ഉയരുന്നുണ്ട്. മന്ദാരം, കക്ഷി അമ്മിണിപിള്ള, ഇന്നലെ വരെ, മോഹന്‍കുമാര്‍ ഫാന്‍സ് എന്നീ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച ബാഹുല്‍ രമേശാണ് കിഷ്‌കിന്ധാ കാണ്ഡത്തിന്റെ തിരക്കഥാകൃത്ത്. മലയാളത്തില്‍ അടുത്തിടെ വന്ന ഏറ്റവും മികച്ച സ്‌ക്രിപ്‌റ്റെന്നാണ് ചിത്രം കണ്ട പലരും അഭിപ്രായപ്പെട്ടത്. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് എഴുതിയപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് ബാഹുല്‍.

ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് പകുതിയായപ്പോള്‍ ആദ്യം തന്റെ അച്ഛന് വായിക്കാന്‍ കൊടുത്തെന്ന് ബാഹുല്‍ പറഞ്ഞു. ഒരുപാട് സിനിമകള്‍ കാണുന്നയാളാണ് അച്ഛനെന്നും ആദ്യ പകുതിയുടെ അഭിപ്രായം അറിയാന്‍ വേണ്ടിയാണ് വായിക്കാന്‍ കൊടുത്തതെന്ന് ബാഹുല്‍ കൂട്ടിച്ചേര്‍ത്തു. സെക്കന്‍ഡ് ഹാഫ് എങ്ങനെ പൂര്‍ത്തിയാക്കണമെന്ന് ആ സമയത്ത് യാതൊരു ഐഡിയയും ഇല്ലായിരുന്നുവെന്നും അച്ഛന്‍ പറഞ്ഞ ഒരു ട്വിസ്റ്റും ചേര്‍ത്തില്ലെന്നും ബാഹുല്‍ പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു ബാഹുല്‍.

‘ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ സിനിഫൈല്‍ എന്റെ അച്ഛനാണ്. പുള്ളി എല്ലാ ഭാഷയിലുമുള്ള സിനിമകളും കാണും. കിഷ്‌കിന്ധാ കാണ്ഡത്തിന്റെ സ്‌ക്രിപ്റ്റ് പകുതിയായപ്പോള്‍ ഞാന്‍ അത് പുള്ളിക്ക് വായിക്കാന്‍ കൊടുത്തു. ആ സമയത്ത് ഈ കഥ എങ്ങനെ കൊണ്ടുപോയി നിര്‍ത്തണമെന്ന് ഒരു ഐഡിയയുമില്ലായിരുന്നു. പുള്ളി പറയുന്ന സജഷന്‍സ് എന്തൊക്കെയാണെന്ന് കേട്ടു. അതിന് ശേഷം എങ്ങനെയാകും ഈ കഥ അവസാനിക്കുക എന്ന് ചുമ്മാ ചോദിച്ചു.

ഒരുപാട് സിനിമകള്‍ കണ്ട എക്‌സ്പീരിയന്‍സുള്ളതുകൊണ്ട് പുള്ളി കുറേ പോസിബിലിറ്റീസ് പറഞ്ഞു. ആ കാര്യങ്ങളൊന്നും ഞാന്‍ സ്‌ക്രിപ്റ്റില്‍ ചേര്‍ത്തില്ല. കാരണം, മുമ്പ് കണ്ട സിനിമകളുമായി യാതൊരു സിമിലാരിറ്റിയും ഈ കഥക്ക് ഉണ്ടാകരുത് എന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് ഈ പടത്തിന്റെ സെക്കന്‍ഡ് ഫാഫ് കംപ്ലീറ്റ് ചെയ്തത്,’ ബാഹുല്‍ രമേശ് പറഞ്ഞു.

Content Highlight: Bahul Ramesh about the writing process of Kishkindha Kaandam

Latest Stories

We use cookies to give you the best possible experience. Learn more