മികച്ച അഭിപ്രായങ്ങള്‍ നേടി തിയേറ്ററുകളില്‍ മുന്നേറുകയാണ് കിഷ്‌കിന്ധാ കാണ്ഡം. കക്ഷി അമ്മിണിപിള്ളക്ക് ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ ചെയ്യുന്ന ചിത്രമാണിത്. ആസിഫ് അലിയാണ് നായകന്‍. ഇതിനോടകം 50 കോടിക്ക് മുകളില്‍ കിഷ്‌കിന്ധാ കാണ്ഡം നേടിക്കഴിഞ്ഞു.
പഴുതടച്ച തിരക്കഥയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റീവ്. കക്ഷി അമ്മിണിപിള്ള, മന്ദാരം, ഇന്നലെ വരെ എന്നീ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച ബാഹുല്‍ രമേശാണ് കിഷ്‌കിന്ധാ കാണ്ഡത്തിന്റെ തിരക്കഥ എഴുതിയത്. ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചതും ബാഹുല്‍ തന്നെയാണ്.
മുജീബ് മജീദാണ് ചിത്രത്തിന്റെ മ്യൂസിക് ഡയറക്ടർ. കിഷ്‌കിന്ധാ കാണ്ഡത്തിന്റെ പ്രധാന പോസിറ്റീവിൽ ഒന്നാണ് ചിത്രത്തിന്റെ മ്യൂസിക്. എന്നാൽ സിനിമയുടെ മ്യൂസിക് ഡയറക്ടറാവാൻ ആദ്യം സമീപിച്ചത് സുഷിൻ ശ്യാമിനെയാണെന്ന് പറയുകയാണ് തിരക്കഥാകൃത്ത് ബാഹുൽ രമേശ്. താൻ സുഷിന്റെ ആരാധകനാണെന്നും ചിത്രത്തിന്റെ കഥ സുഷിൻ വളരെ ഇഷ്ടപ്പെട്ടിരുന്നുവെന്നും ബാഹുൽ പറയുന്നു. സുഷിന്റെ മ്യൂസിക് എക്സ്പ്ലോർ ചെയ്യാൻ മാത്രമായി ഒരു ഡയലോഗ് താൻ സിനിമയിൽ എഴുതി ചേർത്തിട്ടുണ്ടെന്നും ബാഹുൽ രമേശ് പറഞ്ഞു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കിഷ്കിന്ധാ കാണ്ഡത്തിന് ആദ്യം സംഗീതം ചെയ്യാനിരുന്നത് സുഷിൻ ശ്യാം ആയിരുന്നു. സുഷിന്റെ അടുത്ത് ഞങ്ങൾ കഥയൊക്കെ പറഞ്ഞു. പുള്ളിക്ക് നല്ല ഇഷ്ടമായി. നമുക്കിത് ഉഷാറാക്കാം, അടിപൊളിയാക്കാം എന്ന് സുഷിൻ പറഞ്ഞു.
സുഷിനെ കിട്ടിയല്ലോ എന്നൊരു ചിന്തയായിരുന്നു ഞങ്ങൾക്ക്. സുഷിനെ പ്രൊജക്ടിൽ കിട്ടി. ഞാൻ സുഷിന്റെ വലിയൊരു ഫാൻ കൂടിയാണ്. സുഷിനെന്ന മ്യൂസിക് ഡയറക്ടറുടെ പൊട്ടൻഷ്യൽ ഒന്ന് പുഷ് ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു.
എന്തുകൊണ്ടോ പുള്ളി ചെയ്യുന്ന മ്യൂസിക് പീസിൽ ഇങ്ങനെയൊരു മ്യൂസിക് കേട്ടാൽ കൊള്ളാമെന്ന് എനിക്ക് തോന്നി. ഫാൻ എന്ന നിലയിൽ എനിക്കങ്ങനെ ഒരു ആഗ്രഹം തോന്നി.
സുഷിനെ കിട്ടിയത് കൊണ്ട് മാത്രം ഞാൻ കിഷ്കിന്ധ കാണ്ഡത്തിൽ ഒരു ഡയലോഗ് എഴുതി ചേർത്തു. ആദ്യമെഴുതിയ തിരക്കഥയിൽ ആ ഡയലോഗ് ഇല്ലായിരുന്നു. ആസിഫും അപർണയും സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ അച്ഛന്റെ റേഡിയോയിൽ നോർത്തീസ്റ്റ് ഫോക്ക് സോങ് കേൾക്കുന്ന ഒരു സീനുണ്ട്.
അപർണ അപ്പോൾ അതിനെ കുറിച്ച് സംസാരിക്കുന്നുണ്ട്. അപ്പോൾ ആസിഫ്, അച്ഛൻ അരുണാചലിൽ ആയിരുന്നുവെന്നൊക്കെ പറയുന്നുണ്ട്. ആ ഒരു സീനിൽ സുഷിന്റെ മ്യൂസിക് വന്നാൽ കൊള്ളാമെന്ന് തോന്നിയാണ് അങ്ങനെയൊരു ഡയലോഗ് പോലും ഞാൻ എഴുതിയത്,’ബാഹുൽ രമേശ് പറയുന്നു.
Content Highlight: Bahul Ramesh About Sushin Shyam