| Tuesday, 24th September 2024, 9:10 am

ഞാനില്ലാതെ നീ സിനിമ ചെയ്യുന്നത് എനിക്കൊന്ന് കാണണമെന്ന് ആസിഫിക്ക ആ സെറ്റില്‍ വെച്ച് എന്നോട് പറഞ്ഞു: ബാഹുല്‍ രമേശ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററുകള്‍ അതിഗംഭീര പ്രകടനവുമായി മുന്നേറുന്ന ചിത്രമാണ് കിഷ്‌കിന്ധാ കാണ്ഡം. ദിന്‍ജിത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ആസിഫ് അലി, വിജയരാഘവന്‍, അപര്‍ണ ബാലമുരളി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓണം റിലീസായെത്തിയ ചിത്രം ഇതിനോടകം 50 കോടി ക്ലബ്ബില്‍ ഇടം നേടി. ആസിഫ് സോളോ ഹീറോയായ ആദ്യ 50 കോടി ചിത്രമാണിത്.

കക്ഷി അമ്മിണിപിള്ളക്ക് ശേഷം ആസിഫും ദിന്‍ജിതും ഒന്നിച്ച ചിത്രം കൂടിയാണ് ഇത്. കക്ഷി അമ്മിണിപിള്ള, ഇന്നലെ വരെ, മോഹന്‍കുമാര്‍ ഫാന്‍സ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച ബാഹുല്‍ രമേശാണ് കിഷ്‌കിന്ധാ കാണ്ഡത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റീവുകളിലൊന്നാണ് ബാഹുലിന്റെ തിരക്കഥ.

ഷോര്‍ട് ഫിലിമുകളിലൂടെയാണ് ബാഹുല്‍ സിനിമാരംഗത്തേക്കെത്തിയത്. ആദ്യത്തെ ഷോര്‍ട് ഫിലിം ലോഞ്ച് ചെയ്തത് ആസിഫ് അലിയായിരുന്നുവെന്ന് പറയുകയാണ് ബോഹുല്‍ രമേശ്. കവി ഉദ്ദേശിച്ചത് എന്ന സിനിമയുടെ സെറ്റില്‍ പോയിട്ടാണ് ആസിഫിനെ ക്ഷണിച്ചതെന്ന് ബാഹുല്‍ പറഞ്ഞു.

ആ ചടങ്ങിന് ആസിഫ് എത്തി ആശംസകള്‍ തന്നുവെന്നും ഷോര്‍ട് ഫിലിം കണ്ട ശേഷം ഇനി സിനിമയില്‍ കാണാമെന്ന് പറഞ്ഞാണ് ആസിഫ് പോയതെന്ന് ബാഹുല്‍ കൂട്ടിച്ചേര്‍ത്തു. പിന്നീട് താന്‍ ക്യാമറ ചെയ്ത നാല് സിനിമയിലും ആസിഫ് ഉണ്ടായിരുന്നെന്നും മോഹന്‍ കുമാര്‍ ഫാന്‍സില്‍ ആസിഫ് അതിഥിവേഷത്തിലാണെത്തിയതെന്നും ബാഹുല്‍ പറഞ്ഞു. ആ സെറ്റിലെത്തിയ ആസിഫ് ഞാനില്ലാതെ നീ സിനിമ ചെയ്യുന്നത് കാണണമെന്ന് തമാശരൂപത്തില്‍ പറഞ്ഞെന്നും ബാഹുല്‍ പറഞ്ഞു. റിപ്പേര്‍ട്ടര്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു ബാഹുല്‍ രമേശ്.

‘ഞങ്ങള്‍ ചെയ്ത ആദ്യത്തെ ഷോര്‍ട് ഫിലിം ആസിഫിക്കയെക്കൊണ്ട് ലോഞ്ച് ചെയ്യിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ കവി ഉദ്ദേശിച്ചതിന്റെ സെറ്റില്‍ പോയി പുള്ളിയെ ക്ഷണിച്ചു. പുള്ളി വന്നാല്‍ സന്തോഷം എന്ന നിലയിലാണ് പോയത്. പുള്ളിയോട് ചോദിച്ചപ്പോള്‍ വരാമെന്ന് പറഞ്ഞു. ആ ചടങ്ങില്‍ ആസിഫിക്ക വന്ന് ആശംസകള്‍ പറഞ്ഞു, അതിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തു. അതിന് ശേഷം ആ ഷോര്‍ട് ഫിലിം പുള്ളിക്ക് കാണിച്ചുകൊടുത്തു.

എല്ലാം കഴിഞ്ഞ് പോകാന്‍ നേരം ‘ഇനി സിനിമയില്‍ കാണാം’ എന്ന് പറഞ്ഞാണ് ആസിഫിക്ക പോയത്. പിന്നീട് ഞാന്‍ വര്‍ക്ക് ചെയ്ത നാല് സിനിമകളിലും ആസിഫിക്കയുടെ സാന്നിധ്യമുണ്ടായിരുന്നു. മോഹന്‍ കുമാര്‍ ഫാന്‍സില്‍ ആദ്യം പുള്ളി ഉണ്ടായിരുന്നില്ല. പിന്നീട് കാമിയോ റോളില്‍ ആ പടത്തിലും വന്നു. ആ സെറ്റില്‍ വെച്ച് എന്നോട് ‘ഞാനില്ലാതെ നീ സിനിമ ചെയ്യുന്നത് എനിക്ക് കാണണം’ എന്ന് തമാശരൂപത്തില്‍ ആസിഫിക്ക പറഞ്ഞു. ഇപ്പോള്‍ കിഷ്‌കിന്ധാ കാണ്ഡത്തിലും പുള്ളിയുണ്ട്,’ ബാഹുല്‍ രമേശ് പറഞ്ഞു.

Content Highlight: Bahul Ramesh about Asif Ali’s comment in Mohankumar Fans movie set

We use cookies to give you the best possible experience. Learn more