ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി) അധ്യക്ഷ മായാവതി. പ്രതിപക്ഷ പാര്‍ട്ടികളുടെ മുന്നണിയായ ഇന്ത്യാ സഖ്യത്തില്‍ ചേരാന്‍ താത്പര്യമില്ലെന്നും മായാവതി വ്യക്തമാക്കി.
2007ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ദളിത്, പിന്നാക്ക വിഭാഗക്കാര്‍, മുസ്‌ലിം സമുദായത്തില്‍ ഉള്‍പ്പെടുന്നവരുടെ വോട്ടും പിന്തുണയും നേടിക്കൊണ്ടാണ് ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിച്ചതെന്ന് മായാവതി ചൂണ്ടിക്കാട്ടി. ആയതിനാല്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മറ്റു പാര്‍ട്ടികളുടെ പിന്തുണ ഇല്ലാതെ തന്നെ ഒറ്റയ്ക്ക് മത്സരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനമെന്ന് ബി.എസ്.പി അധ്യക്ഷ അറിയിച്ചു.
കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ബി.എസ്.പിയെ ഇന്ത്യാ സഖ്യത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും സമാജ് വാദി പാര്‍ട്ടിയുടെ അധ്യക്ഷനായ അഖിലേഷ് യാദവ് അതില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ബി.എസ്.പിയെ സഖ്യത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മുന്നണി വിടുമെന്ന് അഖിലേഷ് അറിയിച്ചു. തുടര്‍ന്ന് സഖ്യത്തിനുള്ളില്‍ വിള്ളലുണ്ടാവാതിരിക്കാന്‍ ഈ ശ്രമത്തില്‍ നിന്ന് മറ്റു പാര്‍ട്ടികള്‍ പിന്മാറി.
അഖിലേഷ് യാദവിന്റെ നിലപാടിന് മറുപടിയെന്നോണമാണ് ബി.എസ്.പിയുടെ നിലവിലെ തീരുമാനം. കൂടാതെ ഇന്ത്യാ സഖ്യത്തില്‍ ചേരാന്‍ ബി.എസ്.പി യാതൊരു വിധത്തിലുള്ള അപേക്ഷയും നല്‍കിയിട്ടില്ലെന്നും മായാവതി വിമര്‍ശിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ തന്റെ പിന്‍ഗാമിയായി ഒരു ബന്ധുവിനെ പരിചയപെടുത്തിയതിലൂടെ മായാവതി രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുകയാണെന്ന രീതിയിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളെ മായാവതി ശക്തമായി എതിര്‍ക്കുകയും അവ തെറ്റായ പ്രചാരണങ്ങളാണെന്നും സജീവമായി രാഷ്ട്രീയത്തില്‍ തുടരുമെന്നും മായാവതി വ്യക്തമാക്കി.
Content Highlight: Bahujan Samaj Party to contest Lok Sabha elections alone