| Friday, 25th October 2019, 2:52 pm

ബി.എസ്.പിക്ക് ഉത്തര്‍പ്രദേശില്‍ തകര്‍ച്ച; ആ സ്ഥാനത്തേക്ക് കയറി വന്ന് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഉത്തര്‍പ്രദേശില്‍ ബി.എസ്.പിയുടെ അടിത്തറ തകരുന്നു എന്ന സൂചനകളാണ് ഇന്നലത്തെ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്നത്. ബി.എസ്.പിയുടെ കോട്ടയെന്ന് അറിയപ്പെടുന്ന ജലാല്‍പൂര്‍ സീറ്റ് നഷ്ടപ്പെടുക മാത്രമല്ല പല സീറ്റുകളിലും കോണ്‍ഗ്രസിന് പിന്നിലേക്ക് പോവുകയും ചെയ്തു.

ജലാല്‍പൂര്‍ സീറ്റ് നഷ്ടപ്പെട്ടത് ബി.എസ്.പി നേതൃത്വത്തിന് വലിയ ഞെട്ടലാണ് സമ്മാനിച്ചത്. രാംപൂര്‍, ലഖ്‌നൗ കാണ്ട്, ഗോവിന്ദ് നഗര്‍, പ്രതാപ്ഗര്‍, ഗാംഗോഹ്, സൈദ്പൂര്‍ എന്നീ സീറ്റുകളിലാണ് കോണ്‍ഗ്രസിന് പിന്നിലേക്ക് ബി.എസ്.പി പോയത്.

അരഡസന്‍ സീറ്റുകളിലധികം സീറ്റുകളില്‍ ബി.എസ്.പി സ്ഥാനാര്‍ത്ഥിയുടെ കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടു.ഈയൊരവസ്ഥ ബി.എസ്.പിക്ക് നേരത്തെ അനുഭവിക്കേണ്ടി വന്നിട്ടില്ല. ഇതാദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്.

ഗോവിന്ദ് നഗര്‍ സീറ്റില്‍ അഞ്ച് ശതമാനത്തില്‍ താഴെ വോട്ടുകളാണ് ബി.എസ്.പി സ്ഥാനാര്‍ത്ഥി ദേവി പ്രസാദ് നേടിയത്. 2017ല്‍ 16 ശതമാനം വോട്ട് നേടിയ മണ്ഡലമായിരുന്നു ഇത്.

രാംപൂര്‍ മണ്ഡലത്തില്‍ 2017ല്‍ 25 ശതമാനം വോട്ടാണ് ബി.എസ്.പി നേടിയത്. എന്നാല്‍ ഇക്കുറി അത് രണ്ട് ശതമാനത്തിലേക്ക് ഒതുങ്ങി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബി.എസ്.പി കയ്യാളിയിരുന്ന സ്ഥലത്തേക്ക് കോണ്‍ഗ്രസ് പതുക്കെ കടന്നുവരുന്നു എന്നാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ പറയുന്നത്. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ സോന്‍ഭദ്ര കൂട്ടക്കൊല, ബി.ജെ.പി നേതാവ് ചിന്മയാനന്ദിന്റെ ലൈംഗികാതിക്രമം എന്നീ വിഷയങ്ങളില്‍ കോണ്‍ഗ്രസ് പ്രക്ഷോഭം നടത്തിയിരുന്നു. ഇത് ജനങ്ങളുടെ മനസ്സില്‍ പതുക്കെ കോണ്‍ഗ്രസിന് ഇടം ഉണ്ടാക്കിയെടുക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

ഈ റിപ്പോര്‍ട്ടുകള്‍ ശരിയാണെന്ന്  വരുന്ന തരത്തിലാണ് കോണ്‍ഗ്രസിന്റെ പ്രകടനം. ലോക്സഭ തെരഞ്ഞെടുപ്പിലെ 6.25 വോട്ട് ശതമാനത്തില്‍ നിന്ന് 11.7 ശതമാനത്തിലേക്കാണ് കോണ്‍ഗ്രസ് വളര്‍ന്നത്. ഉത്തര്‍പ്രദേശിലെ പാര്‍ട്ടിയുടെ ചെറിയ നേട്ടത്തില്‍ താന്‍ സന്തോഷവതിയാണ്. തങ്ങളുടെ വോട്ട് ശതമാനം വര്‍ധിപ്പിച്ചെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.

യോഗി സര്‍ക്കാരിനെതിരെ പ്രിയങ്ക ഗാന്ധി നടത്തുന്ന പോരാട്ടം ജനങ്ങളുടെ ഹൃദയത്തെ വിജയിച്ചിരിക്കുന്നുവെന്ന് ഒരു മുന്‍ എം.പി പ്രതികരിച്ചു. 2022ല്‍ ബി.ജെ.പിയെ പ്രിയങ്ക ഫാക്ടര്‍ തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

2022ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രധാന ശക്തിയായി പോരാട്ടത്തില്‍ ഉണ്ടാവുമെന്നാണ് ഇപ്പോഴത്തെ കണക്കുകള്‍ പറയുന്നത്. പ്രിയങ്ക ഗാന്ധിയുടെ ഇടപെടല്‍ അതിന് സഹായിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more