| Sunday, 23rd January 2022, 3:13 pm

കോണ്‍ഗ്രസിന് വോട്ട് ചെയതാല്‍ അത് പോക്കാ, അതുകൊണ്ട് എല്ലാവരും ബി.എസ്.പിക്ക് വോട്ട് ചെയ്യണം: മായാവതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി താനായേക്കുമെന്നുള്ള പ്രിയങ്ക ഗാന്ധി വദ്രയുടെ പ്രസ്താവനയെ പരിഹസിച്ച് ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി) ദേശീയ പ്രസിഡന്റ് മായാവതി.

പ്രിയങ്കയും കോണ്‍ഗ്രസും ബി.ജെ.പി വിരുദ്ധവോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ മാത്രമേ സഹായിക്കുകയുള്ളൂവെന്നും ജനങ്ങള്‍ ബി.എസ്.പിക്ക് വോട്ട് ചെയ്യണമെന്നും മായാവതി പറഞ്ഞു.

‘മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ കുറിച്ചുള്ള നിലപാട് മണിക്കൂറുകള്‍ക്കകം മാറ്റിയതോടെ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ അവസ്ഥ പരിതാപകരമാണ്. അതുകൊണ്ടുതന്നെ ജനങ്ങള്‍ അവരുടെ വിലപ്പെട്ട വോട്ടുകള്‍ കോണ്‍ഗ്രസിന് ചെയ്ത് പാഴാക്കരുത്. അത് കോണ്‍ഗ്രസ് ബി.ജെ.പി വിരുദ്ധവോട്ടുകളെ ഭിന്നിപ്പിക്കാന്‍ മാത്രമേ സഹായിക്കൂ, അതുകൊണ്ട് എല്ലാവരും ബി.എസ്.പിക്ക് തന്നെ വോട്ട് ചെയ്യണം,’ മായാവതി പറഞ്ഞു.

Situation of Congress miserable in UP, says Mayawati | Deccan Herald

കഴിഞ്ഞ ദിവസമായിരുന്നു ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി താനായേക്കുമെന്ന് തരത്തില്‍ പ്രിയങ്ക ഗാന്ധി പ്രസ്താവന നടത്തിയത്.

കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പുറത്തിറക്കവെയാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്.

ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി അഖിലേഷിന് കീഴിലും ബി.ജെ.പി യോഗി ആദിത്യനാഥിന് കീഴിലും പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമ്പോള്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരായിരിക്കുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘യു.പിയില്‍ കോണ്‍ഗ്രസിന്റെ മുഖമായി നിങ്ങള്‍ മറ്റാരെയെങ്കിലും കാണുന്നുണ്ടോ’ എന്നായിരുന്നു പ്രിയങ്കയുടെ മറുപടി.

എന്നാല്‍ കൃത്യമായ ഉത്തരത്തിനായി മാധ്യമപ്രവര്‍ത്തകര്‍ വീണ്ടും ചോദിച്ചപ്പോള്‍ ‘നിങ്ങള്‍ക്ക് എന്റ മുഖം കാണാനാവുന്നില്ലേ?’ എന്ന് മാധ്യമപ്രവര്‍ത്തകരോട് പ്രിയങ്ക തിരിച്ച് ചോദിക്കുകയായിരുന്നു.

ഇതുവരെ ഒരു തെരഞ്ഞെടുപ്പില്‍ പോലും മത്സരിക്കാതിരുന്ന പ്രിയങ്ക താനിപ്പോള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടക്കാന്‍ നൂറ് ശതമാനം സജ്ജമായി എന്നാണ് വ്യക്തമാക്കുന്നത്. എന്നാല്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ പ്രിയങ്ക ഇനിയും വ്യക്തത നല്‍കിയിട്ടില്ല.

ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയാവാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നോ ജയിക്കണമെന്നോ നിര്‍ബന്ധമില്ല. ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടാലും മുഖ്യമന്ത്രിയാകാന്‍ സാധിക്കും.

നിലവിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥും മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവും ഇത്തരത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ നിന്നുമാണ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ ഇത്തവണ രണ്ട് പേരും ഇലക്ഷനില്‍ മത്സരിക്കുന്നുണ്ട്.

സുരക്ഷിത മണ്ഡലമായ കര്‍ഹാലില്‍ നിന്നുമാണ് അഖിലേഷ് ഇത്തവണ പടനയിക്കുന്നത്. കര്‍ഹാലില്‍ മത്സരിക്കുന്ന സമയത്ത് തന്നെ മറ്റ് സീറ്റുകളില്‍ പ്രചരണവും ക്യാമ്പെയ്നും സംഘടിപ്പിക്കാന്‍ സാധിക്കുമെന്നും, തൊട്ടടുത്ത മണ്ഡലങ്ങളെ സ്വാധീനിക്കാനും സാധിക്കുമെന്നുമുള്ള തന്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് അഖിലേഷ് കര്‍ഹാല്‍ തന്നെ തെരഞ്ഞടുത്തിരിക്കുന്നതെന്നാണ് സൂചനകള്‍.

ഹിന്ദു വോട്ടുകളെ സ്വാധീനിക്കുന്നതിനും ജാതി രാഷ്ടീയമുയര്‍ത്തി വോട്ടുബാങ്കുകള്‍ കേന്ദ്രീകരിക്കുന്നതിനും അയോധ്യ, മഥുര തുടങ്ങിയ മണ്ഡലങ്ങളില്‍ നിന്നാവും യോഗി മത്സരിക്കുക എന്ന തരത്തിലായിരുന്നു ബി.ജെ.പി ക്യാമ്പുകള്‍ നേരത്തെ സൂചനകള്‍ നല്‍കിയത്. എന്നാല്‍, ഗൊരഖ്പൂരില്‍ നിന്നും മത്സരിക്കാനാണ് ബി.ജെ.പി നേതൃത്വം യോഗിയോടാവശ്യപ്പെട്ടത്.

കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക നേരത്തെ പുറത്തു വിട്ടിരുന്നു. 125 പേരുടെ പട്ടികയാണ് കോണ്‍ഗ്രസ് ആദ്യഘട്ടത്തില്‍ പുറത്തു വിട്ടത്.

ഉന്നാവോ പെണ്‍കുട്ടികളുടെ അമ്മയും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയുടെ ഭാഗമായിരുന്നു. പീഡനത്തിനിരയാക്കപ്പെട്ടവര്‍ക്കൊപ്പം കോണ്‍ഗ്രസ് ഉണ്ടാകുമെന്ന സന്ദേശമാണ് ഇതിലൂടെ കോണ്‍ഗ്രസ് നല്‍കുന്നതെന്നായിരുന്നു സ്ഥാനാര്‍ഥി പട്ടിക പുറത്തുകൊണ്ട് പറഞ്ഞത്.

ചരിത്രപരമായ നീക്കത്തിലൂടെ സംസ്ഥാനത്ത് ഒരു പുതിയ രാഷ്ട്രീയത്തിന് തുടക്കം കുറിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Bahujan Samaj Party chief Mayawati aimed a jibe at Congress’s Priyanka Gandhi Vadra  over her teaser regarding the party’s Chief Ministerial face

We use cookies to give you the best possible experience. Learn more