എതിരാളിയെ നേരിടാന്‍ ബാഹുബലിയും പല്‍വാള്‍ദേവനും, വില്ലന്മാരുടെ കൂടെ ചേര്‍ന്ന് കട്ടപ്പയും: മഹിഷ്മതിയുടെ ചരിത്രത്തില്‍ ആരുമറിയാതെ പോയ കഥ
Film News
എതിരാളിയെ നേരിടാന്‍ ബാഹുബലിയും പല്‍വാള്‍ദേവനും, വില്ലന്മാരുടെ കൂടെ ചേര്‍ന്ന് കട്ടപ്പയും: മഹിഷ്മതിയുടെ ചരിത്രത്തില്‍ ആരുമറിയാതെ പോയ കഥ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 2nd May 2024, 5:59 pm

ഇന്ത്യന്‍ സിനിമയുടെ നാഴികക്കല്ലെന്ന് പറയാന്‍ പറ്റുന്ന സിനിമയാണ് ബാഹുബലി. എസ്. എസ് രാജമൗലി സംവിധാനം ചെയ്ത് രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങിയ ബ്രഹ്‌മാണ്ഡ സിനിമയായിരുന്നു ബാഹുബലി. അഞ്ച് വര്‍ഷത്തെ പരിശ്രമത്തിനൊടുവിലായിരുന്നു രാജമൗലിയും സംഘവും ഇന്ത്യന്‍ സിനിമാ ചരിത്രത്തെ മാറ്റിയെഴുതിയ ഇതിഹാസ ചിത്രം അണിയിച്ചൊരുക്കിയത്. 1000 കോടി നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയായി മാറാനും ബാഹുബലിക്ക് സാധിച്ചു.

രണ്ട് ഭാഗങ്ങളിലായി ബാഹുബലിയുടെ കഥ അവസാനിച്ചുവെങ്കിലും ചിത്രത്തിന്റെ പ്രീക്വല്‍ സീരീസ് രൂപത്തില്‍ നെറ്റ്ഫ്‌ളിക്‌സിലൂടെ പുറത്തിറങ്ങുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ സീരീസ് പ്രതീക്ഷിച്ച രീതിയില്‍ വരാത്തതിനാല്‍ പ്രൊജക്ട് ഉപേക്ഷിച്ചിരുന്നു. എന്നാലിതാ ബാഹുബലി ആരാധകര്‍ക്ക് മറ്റൊരു സന്തോഷവാര്‍ത്ത വന്നിരിക്കുകയാണ്.

ബാഹുബലി ദ ക്രൗണ്‍ ഓഫ് ബ്ലഡ് എന്ന പേരില്‍ അനിമേഷന്‍ സീരീസ് പുറത്തിറങ്ങുമെന്നാണ് പുതിയ വാര്‍ത്ത. എസ്.എസ്.  രാജമൗലിയുടെ നേതൃത്വത്തിലാണ് സീരീസ് ഒരുങ്ങുന്നത്. ഹിറ്റ് അനിമേഷന്‍ ചിത്രമായ ദ ലെജന്‍ഡ് ഓഫ് ഹനുമാന്റെ സംവിധായകനാണ് ഈ സീരീസിന്റെയും സംവിധായകന്‍. സീരീസിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലാണ് സീരീസ് സ്ട്രീം ചെയ്യുക.


കാലകേയന്മാരെക്കാള്‍ ശക്തനായ രക്തദൂത് എന്ന വില്ലന്‍ മഹിഷ്മതിയെ അക്രമിക്കാന്‍ ഒരുങ്ങുന്നതും ബാഹുബലിയും പല്‍വാള്‍ദേവനും മഹിഷ്മതിയെ സംരക്ഷിക്കുന്നതുമാണ് സീരീസിന്റെ കഥ. ഈ യുദ്ധത്തില്‍ മഹിഷ്മതിയുടെ ശത്രുപക്ഷത്തേക്ക് കട്ടപ്പയും ചേരുന്നുണ്ടെന്ന് ട്രെയ്‌ലറില്‍ കാണിക്കുന്നുണ്ട്. ബാഹുബലിയുടെ രണ്ട് ഭാഗത്തെപ്പോലെ ശക്തമായ കഥയും കഥാസന്ദര്‍ഭങ്ങളും സീരീസിലും കാണാനികുമെന്നാണ് പ്രതീക്ഷ. മെയ് 17 മുതലാണ് സീരീസ് സംപ്രേക്ഷണം ആരംഭിക്കുക.

Content Highlight: Bahubali The Crown animation series trailer out