കണ്ണൂര്‍: രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി പരിസ്ഥിതി നാശത്തിന് ഇടയാക്കിയതായ് പരാതി. സിനിമയിലെ വന രംഗങ്ങള്‍ ചിത്രീകരിച്ച കണ്ണൂരിലെ കണ്ണവം വനമേഖലയില്‍ പരിസ്ഥിതി നാശമുണ്ടായതായ് പരാതി ഉയര്‍ന്നിരിക്കുന്നത്.
സിനിമയുടെ ചിത്രീകരണം വരുത്തിവച്ച പരിസ്ഥിതി നാശത്തില്‍ നിന്നും കണ്ണവം വനഭൂമി മോചിതമാകണമെങ്കില്‍ 70-80 വര്‍ഷം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വന്യജീവികള്‍ ഏറെയുണ്ടായിരുന്ന പ്രദേശത്ത് ഷൂട്ടിങ്ങിന് ശേഷം മൃഗങ്ങളുടെ സാന്നിധ്യം കുറഞ്ഞ് വരികയാണ്. ഷൂട്ടിങ്ങിനെ തുടര്‍ന്ന് അടിക്കാടുകള്‍ ഇല്ലാതായതോടെയാണ് ഈ അവസ്ഥ വന്നിരിക്കുന്നത്.
സിനിമാ ഷൂട്ടിങ് കഴിഞ്ഞ് ഒരു വര്‍ഷം തികഞ്ഞിട്ടും അടിക്കാടുകളുടെ സ്ഥാനത്ത് മണല്‍ പരപ്പ് മാത്രമാണ് നിലവിലുള്ളത്. അടിക്കാടുകള്‍ രൂപപ്പെടാന്‍ 70-80 വര്‍ഷം വേണമെന്നിരിക്കെ കനത്ത നാശത്തിനാണ് ഷൂട്ടിങ് വഴിതെളിച്ചത്. ഇപ്പോള്‍ ചിത്രീകരണം നടന്ന സ്ഥലത്ത് എത്തും മുമ്പ് തന്നെ ചൂടുകാറ്റ് അനുഭവപ്പെടുകയാണ് മൃഗങ്ങള്‍ ഇവിടം ഉപേക്ഷിക്കാനുള്ള കാരണവും ഇത് തന്നെയാണ്.
പത്തു ദിവസമാണ് ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം കണ്ണവം വനമേഖലയില്‍ നടന്നത്. ചിത്രീകരണത്തിന് മുമ്പ് ഏതാനും ദിവസങ്ങള്‍ കൂടി ഷൂട്ടിങ് സംഘത്തിന്റെ കയ്യില്‍ത്തന്നെയായിരുന്നു ഈ പ്രദേശം. നൂറിലേറെ പേരും വലിയ വാഹനങ്ങള്‍ അടക്കമുള്ള സംവിധാനങ്ങളും ഷൂട്ടിങ്ങിനായി ഇവിടെ എത്തിയിരുന്നു. ചിത്രീകരണത്തിനായി ഇവര്‍ ഉപയോഗിച്ച പ്ലാസ്റ്റിക് അനുബന്ധ വസ്തുക്കള്‍ കാട്ടില്‍ നാലിടത്തായി തീയിട്ടു നശിപ്പിക്കുകയുമായിരുന്നു.
നേരത്തെ കേന്ദ്ര സര്‍ക്കാറിന്റെ വനാവകാശ പരിരക്ഷയുള്ള കണ്ണവം വനത്തില്‍ വനനിയമങ്ങള്‍ ലംഘിച്ച് സിനിമാ ചിത്രീകരണം നടത്തിയതിനെതിരെ ആദിവാസികള്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഷൂട്ടിങ്ങിന് യാതൊരു വിധ തടസ്സങ്ങളും ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നുണ്ടായിരുന്നില്ല.