ബാഹുബലിക്കും ബജറംഗി ബയ്ജാനും ശേഷം കെ.വി വിജയേന്ദ്രപ്രസാദ് മലയാളത്തിലേക്ക്; സിനിമയൊരുക്കുന്നത് ഗിന്നസ് പുരസ്‌ക്കാര ജേതാവ് വിജീഷ് മണി
Malayalam Cinema
ബാഹുബലിക്കും ബജറംഗി ബയ്ജാനും ശേഷം കെ.വി വിജയേന്ദ്രപ്രസാദ് മലയാളത്തിലേക്ക്; സിനിമയൊരുക്കുന്നത് ഗിന്നസ് പുരസ്‌ക്കാര ജേതാവ് വിജീഷ് മണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 27th June 2019, 9:33 pm

ഹൈദരാബാദ്: ബാഹുബലി, ബജറംഗി ബയ്ജാന്‍, മഗധീര തുടങ്ങി നിരവധി ചിത്രങ്ങളുടെ തിരക്കഥാകൃത്ത് കെ.വി വിജയേന്ദ്രപ്രസാദ് മലയാള സിനിമയിലേക്ക്. രണ്ട് വട്ടം ഗിന്നസ് ബുക്ക് റെക്കോര്‍ഡ് ജേതാവായ സംവിധായകന്‍ വിജീഷ് മണിയൊരുക്കുന്ന ബിഗ്ബജറ്റ് ചിത്രത്തിലൂടെയാണ്
വിജയേന്ദ്രപ്രസാദ് മലയാളത്തില്‍ എത്തുന്നത്.

സംവിധായകന്‍ എസ്.എസ് രാജമൗലിയുടെ പിതാവ് കൂടിയായ കെ.വി വിജേയന്ദ്രപ്രസാദ് ഇരുപത്തിയഞ്ചില്‍ പരം സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയിട്ടുണ്ട്. ഈച്ച, മഗധീര, മണികര്‍ണിക ദ ക്വീന്‍ ഓഫ് ഝാന്‍സി , ബജ്‌റംഗി ഭായിജാന്‍ തുടങ്ങി നിരവധി സിനിമകളാണ് കെ.വി വിജേയന്ദ്രപ്രസാദ് തൂലിക ചലിപ്പിച്ചത്.

വിജീഷ് മണിയും വിജയേന്ദ്രപ്രസാദും സിനിമ സംബന്ധിച്ച് പ്രഖ്യാപനം ഹൈദരാബാദില്‍ നടത്തി.

മോഹന്‍ലാലിനെ നായകനാക്കി 19 മണിക്കൂറില്‍ ചിത്രീകരിച്ച ഭഗവാന്‍ സിനിമ നിര്‍മ്മിച്ചത്  വിജീഷ് മണിയായിരുന്നു. ശ്രീനാരായണ ഗുരുവിന്റെ ജീവിതം അടിസ്ഥാനമാക്കി അമ്പത്തിയൊന്ന് മണിക്കൂര്‍ രണ്ട് മിനിറ്റ് സമയം കൊണ്ട് തിരക്കഥയൊരുക്കി വിശ്വഗുരു എന്ന സിനിമയും ഇരുള എന്ന ആദിവാസി ഭാഷയില്‍ നേതാജി എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടുമാണ് വിജീഷ് ഗിന്നസ് റെക്കോര്‍ഡിന് അര്‍ഹനായത്.

വിജയേന്ദ്രപ്രസാദ് തിരക്കഥയൊരുക്കുന്ന ഈ ചിത്രം അടുത്ത സെപ്തംബറില്‍ ഷൂട്ടിംഗ് ആരംഭിക്കും. ചിത്രത്തിനെ കുറിച്ചുള്ള മറ്റുവിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

DoolNews Video