തിരുവനന്തപുരം: വഖഫ് ബോര്‍ഡ് അധ്യക്ഷനായി എം.കെ സക്കീറിനെ നിയമിക്കുന്നതിനെതിരെ സമസ്ത മുഷാവറ അംഗം ബഹാവുദ്ദീന്‍ നദ്‌വി. ഇസ്‌ലാമിക നിയമ സംഹിതകളും പ്രമാണങ്ങളും സംബന്ധിച്ച് വഖഫ് നിയമങ്ങളെക്കുറിച്ച് കൃത്യമായ പരിജ്ഞാനമുള്ളവരെയായിരിക്കണം വഖഫ് ചുമതലകള്‍ ഏല്പിക്കപ്പെടേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ മതനിരാസ വക്താക്കളും ദൈവത്തെ തള്ളിപ്പറയുന്നവരുമായവരെ അധ്യക്ഷനായി നിയമിക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ പ്രത്യേകം താല്‍പര്യം കാണിക്കുന്നതിനു പിന്നിലെ അജണ്ട വ്യക്തമാണെന്നും നദ്‌വി ഫേസ്ബുക്കില്‍ കുറിച്ചു.
‘ഇസ്‌ലാമിക നിയമ സംഹിതകളും പ്രമാണങ്ങളും സംബന്ധിച്ച് പൊതുവെയും വഖഫ് നിയമങ്ങളെക്കുറിച്ച് സവിശേഷമായും കൃത്യമായ പരിജ്ഞാനമുള്ളവരെയായിരിക്കണം വഖഫ് ചുമതലകള്‍ ഏല്‍പിക്കപ്പെടേണ്ടത്. മത വിഷയങ്ങളില്‍ അവഗാഹവും കാഴ്ചപ്പാടും ഇസ്‌ലാമിക ജീവിത രീതികളുമുള്ള വ്യക്തികള്‍ വഹിച്ചിരുന്ന കേരളത്തിലെ വഖഫ് ചെയര്‍മാന്‍ പദവിയില്‍, മതനിരാസ വക്താക്കളും ദൈവത്തെ തള്ളിപ്പറയുന്നവരുമായവരെ നിയമിക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ പ്രത്യേകം താത്പര്യം കാണിക്കുന്നതിനു പിന്നിലെ അജണ്ട വ്യക്തമാണ്.
ഇസ്‌ലാമിക കര്‍മശാസ്ത്ര വിധി പ്രകാരം വഖഫുമായി ബന്ധപ്പെട്ട ചുമതല നിര്‍വഹിക്കുന്നവര്‍ മതവിശ്വാസികളും ഇസ്‌ലാമിക നിയമങ്ങളോട് നീതി പുലര്‍ത്തുന്നവരും ആകണമെന്നു കണിശമായി നിഷ്‌കര്‍ഷിക്കുന്നുണ്ട്. എന്നാല്‍, ഏറെ സൂക്ഷ്മത പുലര്‍ത്തേണ്ട ഒരു പദവിയില്‍ മതബോധമോ സംസ്‌കാരമോ ഇല്ലാത്ത ഒരാളെ നിയമിക്കുക വഴി ഒരു സമുദായത്തെ തന്നെ അപഹസിക്കുന്ന സമീപനമാണ് ഇടതുസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.
മുസ്‌ലിങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇത്തരം സമീപനം സ്വീകരിക്കുന്ന സര്‍ക്കാര്‍ മതമൂല്യങ്ങളെ നിശ്ശേഷം ഉച്ചാടനം ചെയ്യാനുള്ള തീവ്ര യജ്ഞത്തിലാണെന്നും ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
‘മതത്തെ അവഹേളിക്കുന്ന വ്യക്തിയെ പ്രസ്തുത സ്ഥാനത്ത് പ്രതിഷ്ഠിച്ചതോടെ ഇടതുപക്ഷത്തിന്റെ നേരത്തെയുള്ള പ്രഖ്യാപിത നിലപാടില്‍ മാറ്റമില്ലെന്ന കാര്യം സുതാര്യം വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു. മുസ്‌ലിങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇത്തരം സമീപനം സ്വീകരിക്കുന്ന സര്‍ക്കാര്‍, മതമൂല്യങ്ങളെ നിശ്ശേഷം ഉച്ചാടനം ചെയ്യാനുള്ള തീവ്ര യജ്ഞത്തിലാണെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകില്ല. നീതി രഹിതമായ അധര്‍മങ്ങള്‍ വഴി ഒരു സമുദായത്തെ വഞ്ചിക്കുകയും അര്‍ഹമായ ആനുകൂല്യങ്ങള്‍ പോലും അവര്‍ക്ക് ഹനിക്കപ്പെടുകയും ചെയ്യുന്ന ഇത്തരം ദുഷ്പ്രവണത ഏറെ പ്രതിഷേധാര്‍ഹമാണ്,നദ്‌വി പറഞ്ഞു.
Content Highlights: bahuaddin nadwi against waqaf board chairman appoinment