മനാമ: ചെങ്കടലിലെ ഹൂത്തി ആക്രമണങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടുള്ള ടാസ്‌ക്ഫോഴ്സില്‍ പങ്കാളികളാകാനുള്ള ബഹ്‌റൈന്‍ സര്‍ക്കാരിന്റെ നീക്കത്തെ വിമര്‍ശിച്ച ബഹ്റൈന്‍ പ്രതിപക്ഷ നേതാവ് അറസ്റ്റില്‍.
ചെങ്കടലിലൂടെ യാത്ര ചെയ്യുന്ന കപ്പലുകളെ ഹൂത്തികളുടെ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കുവാന്‍ എന്ന പേരിലാണ് യു.എസ് അന്താരാഷ്ട്ര തലത്തില്‍ പുതിയ സേനയ്ക്ക് രൂപം നല്‍കിയത്. ഓപ്പറേഷന്‍ പ്രോസ്‌പെരിറ്റി ഗാര്‍ഡിയന്‍ എന്ന പേരിലാണ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചത്.
ഹൂത്തികളുടെ ആക്രമണത്തെ തടയാനുള്ള ടാസ്‌ക് ഫോഴ്‌സ് ഗ്രൂപ്പില്‍ ചേരാനുള്ള ബഹ്റൈന്‍ സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ചുകൊണ്ട് ബഹ്‌റൈനിലെ ഇടത് നേതാവ് കൂടിയായ ഇബ്രാഹിം ഷെരീഫ് സോഷ്യല്‍ മീഡിയയില്‍ നിരവധി പോസ്റ്റുകള്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
‘ഫലസ്തീന്‍ ജനതയെ പൂര്‍ണമായി പിന്തുണയ്ക്കാനുള്ള ബഹ്‌റൈന്‍ ജനതയുടെ താത്പര്യത്തിന് ഒരു വിലയും കല്‍പ്പിക്കാതെ എന്തിന് വേണ്ടിയാണ് ബഹ്‌റൈന്‍ സര്‍ക്കാര്‍ ചെങ്കടലില്‍ യെമന്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിനെതിരായ അമേരിക്കന്‍ സഖ്യത്തിന് പിന്തുണ നല്‍കുന്നത്?
ഗസയില്‍ കൂട്ടക്കുരുതിയ്ക്ക് ഇരയാകുന്ന ഫലസ്തീന്‍ ജനതയെ ശക്തമായി പിന്തുണയ്ക്കുകയാണോ നമ്മള്‍ ചെയ്യേണ്ടത് അതോ ഈ തീരുമാനം ഉണ്ടാക്കാന്‍ പോകുന്ന അപകടങ്ങളെയാണോ?’ എന്നായിരുന്നു ഇബ്രാഹിം ഷെരീഫ് ട്വീറ്റ് ചെയ്തത്.
അതേസമയം ഷെരീഫിന്റെ അറസ്റ്റില്‍ യുഎസ് സര്‍ക്കാരിന് നേരിട്ട് ബന്ധമുണ്ടെന്ന് ബഹ്‌റൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റൈറ്റ്‌സ് ആന്‍ഡ് ഡെമോക്രസി ഡയറക്ടര്‍ സയ്യിദ് അഹമ്മദ് അല്‍വാദേയ് പ്രസ്താവനയില്‍ പറഞ്ഞു.
”അദ്ദേഹത്തെ നിരുപാധികമായി വിട്ടയയ്ക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ്. അദ്ദേഹത്തെ എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. അത് സാധ്യമാകുന്നില്ലെങ്കില്‍ അതൊരു പരാജയം കൂടിയാണ്, ‘ അദ്ദേഹം പറഞ്ഞു.