| Wednesday, 23rd March 2022, 10:35 pm

ടി-20യുടെ രാജാക്കന്‍മാര്‍ക്ക് പോലും കഴിയാത്തത് നേടി ബഹ്‌റൈന്റെ വനിതാ ക്രിക്കറ്റ് ടീം; പിറന്നത് ഒരു കൂട്ടം ലോകറെക്കോഡുകള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ക്രിക്കറ്റില്‍ പുതിയ ഇതിഹാസം കുറിച്ച് ബെഹ്‌റൈന്‍ വനിതാ ടി-20 ക്രിക്കറ്റ് ടീം. ടി-20 ക്രിക്കറ്റിന്റെ രാജാക്കന്‍മാര്‍ എന്നവകാശപ്പെടുന്ന പല ടീമുകള്‍ക്കും എത്തിപ്പിടിക്കാന്‍ പോലും സാധിക്കാത്ത റെക്കോഡുകളാണ് ഇവര്‍ സ്വന്തമാക്കിയത്.

ടി-20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടല്‍ പടുത്തുയര്‍ത്തിയാണ് ബെഹ്‌റൈന്‍ ചരിത്രത്തിന്റെ ഭാഗമായത്. 20 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 318 റണ്‍സാണ് ഇവര്‍ അടിച്ചുകൂട്ടിയത്.

ഉഗാണ്ടയുടെ 314 റണ്‍സ് എന്ന റെക്കോഡ് മറികടന്നാണ് ഇവര്‍ ഏറ്റവുമുയര്‍ന്ന ടീം ടോട്ടലില്‍ ഒന്നാമതെത്തിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ സൗദി ടീമിനെ കേവലം 49 റണ്‍സിന് ചുരുട്ടിക്കെട്ടി 269 റണ്‍സിനാണ് ബെഹ്‌റൈന്‍ വിജയം സ്വന്തമാക്കിയത്. വനിതാ ടി-20യിലെ ഏറ്റവും വലിയ രണ്ടാമത്തെ വിജയ മാര്‍ജിനാണിത്.

ബെഹ്‌റൈന്‍ നായിക ദീപിക രസാംഗികയയടക്കമുള്ള താരങ്ങളുടെ അണ്‍ബീറ്റണ്‍ പ്രകടനത്തിന്റെ മികവിലാണ് ബെഹ്‌റൈന്‍ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

66 പന്തില്‍ നിന്നും 161 റണ്‍സായിരുന്നു ദീപിക നേടിയത്. ഇതോടെ വനിതാ ടി-20 ക്രിക്കറ്റില്‍ 150ലധികം റണ്‍സ് നേടുന്ന ആദ്യ താരമാവാനും ദീപികയ്ക്ക് സാധിച്ചു.

അത്ഭുതപ്പെടുത്തുന്ന മറ്റൊരു ഫാക്ട് കൂടെ ഇവരുടെ ഇന്നിംഗ്‌സിലുണ്ട്. ബെഹ്‌റൈന്‍ നേടിയ 318 റണ്‍സില്‍ ഒറ്റ സിക്‌സര്‍ പോലും ഇല്ലായിരുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

സിക്‌സറുകളുടെ എണ്ണത്തില്‍ സംപൂജ്യരായിരുന്നുവെങ്കിലും ബൗണ്ടറികളുടെ കാര്യത്തില്‍ ഒരു പിശുക്കും ഇവര്‍ വരുത്തിയിട്ടില്ല. 50 ബൗണ്ടറിയടിച്ചാണ് ഇവര്‍ ഈ റെക്കോഡും സ്വന്തമാക്കിയിരിക്കുന്നത്.

മുമ്പ് ഒരിന്നിംഗ്‌സിലെ 34 ബൗണ്ടറികള്‍ എന്ന റെക്കോഡ് തകര്‍ത്താണ് ഇവര്‍ ഫോറിന്റെ എണ്ണത്തിലെ റെക്കോഡും തങ്ങളുടെ പേരില്‍ എഴുതി ചേര്‍ത്തത്.

Content Highlight: Bahrain women’s cricket team registers highest ever T20I total against Saudi Arabia
We use cookies to give you the best possible experience. Learn more