ബഹ്‌റൈനില്‍ ഡിസംബര്‍ 19 മുതല്‍ കൊവിഡ് യെല്ലോ അലേര്‍ട്ട്; ജനങ്ങള്‍ ഉടന്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് നാഷണല്‍ മെഡിക്കല്‍ ടാസ്‌ക് ഫോഴ്‌സ്
World News
ബഹ്‌റൈനില്‍ ഡിസംബര്‍ 19 മുതല്‍ കൊവിഡ് യെല്ലോ അലേര്‍ട്ട്; ജനങ്ങള്‍ ഉടന്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് നാഷണല്‍ മെഡിക്കല്‍ ടാസ്‌ക് ഫോഴ്‌സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th December 2021, 5:54 pm

മനാമ: കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദം ലോകത്ത് അതിവേഗം പടരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളിലേക്ക് കടന്ന് ബഹ്‌റൈന്‍. ഈ വരുന്ന ഡിസംബര്‍ 19 മുതല്‍ കൊറോണ വൈറസ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിക്കാന്‍ രാജ്യം തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.

നിലവിലെ സാഹചര്യത്തില്‍ 2022 ജനുവരി 31 വരെയാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കൊവിഡ് പോസിറ്റീവായി ഐ.സി.യുകളില്‍ കിടക്കുന്നവരുടെ ശരാശരി എണ്ണം ഏഴ് ദിവസത്തേക്ക് 51നും 100നും ഇടയിലാകുമ്പോഴാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിക്കാറ്.

ജനങ്ങളുടെ ആരോഗ്യത്തിന് മുന്‍ഗണന കൊടുത്തുകൊണ്ടുള്ള ബഹ്‌റൈന്റെ നിലപാടിന്റെ ഭാഗമായാണ് പുതിയ നടപടികള്‍ സ്വീകരിച്ചിരിക്കുന്നതെന്ന് കൊവിഡ് പ്രതിരോധ ചുമതലയുള്ള നാഷണല്‍ മെഡിക്കല്‍ ടാസ്‌ക് ഫോഴ്‌സ് അറിയിച്ചു.

ജനങ്ങള്‍ എത്രയും പെട്ടെന്ന് കൊവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് രാജ്യത്തെ ആരോഗ്യ കേന്ദ്രങ്ങള്‍ വഴി സ്വീകരിക്കണമെന്നും ടാസ്‌ക് ഫോഴ്‌സ് അറിയിച്ചു.

യെല്ലോ അലേര്‍ട്ട് നിലവില്‍ വന്നുകഴിഞ്ഞാല്‍ വാക്‌സിനെടുത്ത ‘ഗ്രീന്‍ ഷീല്‍ഡ്’ ആളുകള്‍ക്ക് മാത്രമേ ഷോപ്പിങ് മാള്‍, റെസ്റ്ററന്റ്, കഫേ, ബാര്‍ബര്‍ ഷോപ് തുടങ്ങീ പൊതുഇടങ്ങളില്‍ പ്രവേശനമുണ്ടാകൂ. ഡിസംബര്‍ 19 മുതല്‍ ഇന്‍ഡോര്‍ ജിം, സ്‌പോര്‍ട്‌സ് ഹാള്‍ എന്നിവിടങ്ങളില്‍ പ്രവേശിക്കണമെങ്കിലും മുഴുവന്‍ വാക്‌സിന്‍ ഡോസുകളും എടുത്തിരിക്കണം.

”കൊവിഡിന്റെ ബൂസ്റ്റര്‍ ഷോട്ട് അടക്കമെടുത്ത അര്‍ഹരായവര്‍ക്ക് യെല്ലോ അലേര്‍ട്ടിന്റെ സമയത്തും ഗ്രീന്‍ അലേര്‍ട്ട് സമയത്തെ രീതികള്‍ പിന്തുടരാം,” ടാസ്‌ക് ഫോഴ്‌സ് കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Bahrain moves to covid yellow alert level from December 19 onward