| Sunday, 3rd June 2018, 4:08 pm

ബി.ജെ.പി ദളിതരേയും അംബേദ്ക്കറേയും അപമാനിക്കുന്നു; സ്വന്തം പാര്‍ട്ടിക്കെതിരെ വിമര്‍ശനവുമായി ബി.ജെ.പി എം.പി സാവിത്രി ഫൂലെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബഹ്‌റൈച് എം.പിയും ബി.ജെ.പി നേതാവുമായ സാവിത്രി ഭായ് ഫൂലെ. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന ബി.ജെ.പി ദളിതരേയും അംബേദ്ക്കറെയും അപമാനിക്കുകയാണെന്ന് സാവിത്രി ഭായ് ഫൂലെ പറഞ്ഞു.

അംബേദ്ക്കര്‍ പ്രതിമയെ കാവിവത്ക്കരിക്കുകയും രാജ്യത്തുടനീളമുള്ള അംബേദ്ക്കര്‍ പ്രതിമ നശിപ്പിക്കുകയുമാണ് ബി.ജെ.പിയെന്നും സാവിത്രി ഫൂലെ കുറ്റപ്പെടുത്തി.

പിന്നാക്കവിഭാഗങ്ങള്‍ക്കുള്ള സംവരണം നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ വലിയ വീഴ്ച വരുത്തിയെന്നും ബി.ജെ.പി എം.പി കുറ്റപ്പെടുത്തി. ലഖ്‌നൗവില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.


Dont Miss ദളിത് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ശാസ്ത്രജ്ഞനെ അറസ്റ്റു ചെയ്തു


അംബേദ്ക്കറുടെ പ്രതിമ ഇപ്പോള്‍ കാവിവത്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. പാലൊഴിച്ചാണ് ബി.ജെ.പിക്കാര്‍ അംബേദ്ക്കറിന്റെ പ്രതിമ വൃത്തിയാക്കുന്നത്. അത് അദ്ദേഹത്ത അപമാനിക്കുന്നതിന് തുല്യമാണ്. രാജ്യത്തുടനീളം അദ്ദേഹത്തിന്റെ പ്രതിമ തകര്‍ക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

ഏതാനും നാളുകള്‍ക്ക് മുന്‍പ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടപ്പോള്‍ ഇത്തരത്തില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒന്നും ഉണ്ടായില്ല.

എല്ലാവരുടേയും വികസനം ഉറപ്പുനല്‍കിയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. എന്നാല്‍ ദളിത് പിന്നാക്ക വിഭാഗക്കാര്‍ ഇപ്പോഴും ടാര്‍ഗറ്റ് ചെയ്യപ്പെടുകയാണ്. സര്‍ക്കാര്‍ ജോലികളിലും സ്വകാര്യ ജോലികളിലും ദളിത് പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം ആവശ്യപ്പെട്ട് വര്‍ഷങ്ങളായി പ്രതിഷേധങ്ങള്‍ നടക്കുന്നു. എന്നാല്‍ ബി.ജെ.പി സര്‍ക്കാര്‍ ഇതൊന്നും കണ്ടമട്ടില്ല.

പിന്നാക്ക ദളിത് വിഭാഗങ്ങള്‍ക്ക് സംവരണം ആവശ്യപ്പെട്ട് ലഖ്‌നൗവില്‍ ഞാന്‍ റാലി സംഘടിപ്പിച്ചിരുന്നു. എന്നിട്ടും അവരുടെ അവകാശങ്ങള്‍ അവര്‍ക്ക് ലഭിച്ചില്ലെങ്കില്‍ അതുലഭിക്കും വരെ പ്രതിഷേധവുമായി മുന്നോട്ടുപോകും- സാവിത്രി ഫൂലെ പറയുന്നു.

അതേസമയം സാവിത്രി ഫൂലെയുടെ ആരോപണം വ്യക്തിതാത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണെന്നും അവര്‍ പറയുന്ന കാര്യങ്ങളിലൊന്നും കഴമ്പില്ലെന്നുമായിരുന്നു യു.പി ബി.ജെ.പി വക്താവ് രാകേഷ് തൃപതിയുടെ വാക്കുകള്‍.

ഏറ്റവും കൂടുതല്‍ ദളിത് എം.എല്‍.എമാര്‍ ഉള്ള പാര്‍ട്ടിയാണ് ബി.ജെ.പി. ദളിതര്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും വേണ്ടി നിരവധി സ്‌കീമുകള്‍ കേന്ദ്ര സംസ്ഥാനസര്‍ക്കാരുകള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more