| Monday, 17th August 2020, 10:57 pm

'ഇത് ബഹ്‌റിന്‍ ജനതയുടെ സ്വഭാവമല്ല, ഇവിടെ എല്ലാവരും ഒരുമിച്ച് കഴിയുന്നു'; ഹിന്ദു വിഗ്രഹങ്ങള്‍ എറിഞ്ഞുടച്ച സ്ത്രീക്കെതിരെ ബഹ്‌റിനില്‍ നിന്നും രൂക്ഷ വമിര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മനാമ: കടയില്‍ വെച്ച ഹിന്ദു ആരാധനാ വിഗ്രഹങ്ങള്‍ എറിഞ്ഞുടച്ച സ്ത്രീക്കെതിരെ കര്‍ശന നടപടിയുമായി ബഹ്‌റിന്‍. പരസ്യമായി മതവിഗ്രഹങ്ങളെ അധിക്ഷേപിച്ചതിനും മനപ്പൂര്‍വം കേടുപാടുകള്‍ വരുത്തിയതിനും സ്ത്രീക്കെതിരെ കുറ്റം ചുമത്തി. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചതായും വിചാരണയ്ക്കായി പ്രത്യേക കോടതിയില്‍ ഹാജരാക്കുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.

സംഭവത്തില്‍ പ്രതിഷേധവുമായി ബഹ്‌റിന്‍ അധികൃതര്‍ രംഗത്തെത്തിയിയിരുന്നു.

ഈ സ്ത്രീ ചെയ്ത പ്രവൃത്തി അംഗീകരിക്കാന്‍ പറ്റുന്നതല്ലെന്നാണ് മുന്‍ ബഹ്‌റിന്‍ വിദേശ കാര്യ മന്ത്രിയും ബഹ്‌റിന്‍ രാജാവിന്റെ ഉപദേശകനുമായ ഖാലിദ് അല്‍ ഖലീഫ ട്വിറ്ററിലൂടെ പ്രതികരിച്ചത്.

‘ മത വിഗ്രഹങ്ങള്‍ തകര്‍ക്കുന്നത് ബഹ്‌റിന്‍ ജനതയുടെ സ്വഭാവമല്ല, ഇതൊരു കുറ്റകൃത്യമാണ്,’ ‘ഇവിടെ എല്ലാ മതങ്ങളും വിഭാഗങ്ങളും പരസ്പര സഹകരണത്തില്‍ കഴിയുന്നു,’ഖാലിദ് അല്‍ ഖലീഫ ട്വീറ്റ് ചെയ്തു.

ഇത്തരത്തിലുള്ള പ്രവൃത്തികള്‍ അംഗീകരിക്കാനാവില്ലെന്നും ഹമദ് രാജാവിന്റെ ഭരണത്തിന് കീഴിലുള്ള ബഹ്‌റിന്‍ പരസ്പര സഹകരണത്തിന്റെയും മതപരമായ സഹിഷ്ണുതാ മനോഭാവത്തിന്റെയും പേരിലാണ് അറിയപ്പെടുന്നതെന്നും ബഹ്‌റിന്‍ പാര്‍ലമെന്റിലെ വിദേശ കാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ സമിതി അംഗം അമ്മര്‍ ബനായ് പറഞ്ഞു.

വ്യാപാര സ്ഥാപനത്തില്‍ ഉണ്ടായിരുന്ന ഹിന്ദു ദൈവങ്ങളുടെ പ്രതിമകള്‍ ഒരു സത്രീ എറിഞ്ഞുടയ്ക്കുന്ന വീഡിയോകള്‍ കഴിഞ്ഞ ദിവസമാണ് വൈറലായത്. ഇതിന് പിന്നാലെയാണ് നടപടിയുമായി ബഹ്‌റൈന്‍ പൊലീസ് രംഗത്ത് എത്തിയത്. ഹിന്ദു ദൈവങ്ങളുടെ പ്രതിമകള്‍ എറിഞ്ഞുടച്ച് മതവിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്തുകയും മനപ്പൂര്‍വ്വം നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തതിനാണ് പൊലീസ് നിയമ നടപടി സ്വീകരിച്ചത്.

ജുഫൈറിലെ ഒരു കടയിലെത്തിയ രണ്ട് സ്ത്രീകളില്‍ ഒരാള്‍ ഹിന്ദു ദൈവങ്ങളുടെ പ്രതിമകള്‍ എറിഞ്ഞുടയ്ക്കുകയായിരുന്നു. തുടര്‍ന്ന് വീഡിയോ വ്യാപകമായി സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more