| Monday, 19th February 2024, 1:22 pm

മോദിയുടെ ഫോട്ടോ പതിച്ച അരിച്ചാക്കുകള്‍, രാജസ്ഥാനില്‍ മാത്രം ചിലവാകുക 13. 29 കോടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പ്രിന്റ് ചെയ്ത അരിച്ചാക്കുകള്‍ക്ക് രാജസ്ഥാനില്‍ മാത്രം ചിലവാകുന്നത് 13. 29 കോടി രൂപ.

അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യ ധാന്യ ചാക്കുകളില്‍ മോദിയുടെ ചിത്രം പ്രിന്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചിലവാകുന്ന തുക എത്രയാണെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് അജയ് ബോസ് എന്നയാള്‍ നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് തുക സംബന്ധിച്ച വിവരം വെളിപ്പെടുത്തിയത്.

മോദിയുടെ ചിത്രം പ്രിന്റ് ചെയ്ത ഒരു ചാക്കിന് 12.375 രൂപ പ്രകാരം 1,07,45,168 ചാക്കുകള്‍ പ്രിന്റ് ചെയ്യുന്നതിന് 13.29 കോടി രൂപ ചിലവുവരുമെന്നാണ് ജയ്പൂരിലെ എഫ്.സി.ഐ നല്‍കിയ മറുപടിയെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

2024 ജനുവരി 12 ന് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഇറക്കിയ സര്‍ക്കുലറിലാണ് മോദിയുടെ ചിത്രം പ്രിന്റു ചെയ്ത ലാമിനേറ്റഡ് ബാഗുകള്‍ക്കായുള്ള ടെന്‍ഡറുകള്‍ നല്‍കാന്‍ എഫ്.സി.ഐ 26 റീജ്യണല്‍ ഓഫീസുകളോട് ആവശ്യപ്പെട്ടത്.

തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തുടനീളം വിതരണം ചെയ്യുന്ന റേഷനരിയുടേയും ഭക്ഷ്യധാന്യങ്ങളുടേയും ചാക്കുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രിന്റ് ചെയ്ത ഫോട്ടോകള്‍ ഉള്‍പ്പെടുത്താന്‍ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ തീരുമാനിച്ചതായ വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇത്തരത്തില്‍ മോദി ചിത്രമുള്ള അരിച്ചാക്കുകള്‍ തയ്യാറാക്കുന്നത്. തുടര്‍ന്ന് മോദിയുടെ ചിത്രം ആലേഖനം ചെയ്ത ലാമിനേറ്റഡ് ബാഗുകള്‍ തയ്യാറാക്കുന്നതിനുള്ള ടെന്‍ഡറുകള്‍ വിളിക്കാന്‍ ആവശ്യപ്പെട്ട് എഫ്.സി.ഐ സര്‍ക്കുലര്‍ ഇറക്കി.

പി.എം.ജി.കെ.എ.വൈയുടെ കീഴില്‍, അന്ത്യോദയ അന്ന യോജന (എ.എ.വൈ), മുന്‍ഗണനാ കുടുംബങ്ങള്‍ (പി.എച്ച്.എച്ച്) എന്നിവരുള്‍പ്പെടെ 81.35 കോടി ഗുണഭോക്താക്കള്‍ക്കാണ് സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നത്.

2020-21, 2021-22 സാമ്പത്തിക വര്‍ഷങ്ങളില്‍ പി.എം.ജി.കെ.എ.വൈ പ്രകാരം 75 കോടിയിലധികം ആളുകള്‍ക്ക് സൗജന്യ ഭക്ഷ്യ ധാന്യം നല്‍കിയിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

രാജസ്ഥാന്‍ ആസ്ഥാനമായുള്ള സലാസര്‍ ടെക്‌നോടെക്‌സ് പ്രൈവറ്റ് ലിമിറ്റഡ്, രാജസ്ഥാന്‍ ഫ്‌ലെക്‌സിബിള്‍ പാക്കേജിംഗ് ലിമിറ്റഡ്, അലയന്‍സ് പോളിസാക്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ഗുജറാത്ത് ആസ്ഥാനമായുള്ള മോര്‍ ടെക്ഫാബ് പ്രൈവറ്റ് ലിമിറ്റഡ്, ഗുജറാത്ത് ബ്ലാസ്റ്റ് ഇന്‍ഡസ്ട്രീസ് എന്നീ അഞ്ച് കമ്പനികള്‍ക്കാണ് രാജസ്ഥാനിലെ ടെന്‍ഡറുകള്‍ നല്‍കിയിരിക്കുന്നത്.

രാജസ്ഥാന്‍ ഒരു ബാഗിന് 12.375 രൂപ നിരക്കില്‍ കരാര്‍ നല്‍കിയപ്പോള്‍ നാഗാലാന്‍ഡ് ഒരു കമ്പനിക്ക് മാത്രമാണ് കരാര്‍ നല്‍കിയത്. രാജസ്ഥാന്‍ ഫ്‌ലെക്‌സിബിള്‍ പാക്കേജിംഗ് ഒരു ബാഗിന് 9.30 രൂപ നിരക്കാണ് ഈടാക്കുന്നതെന്ന് ദിമാപൂരിലെ FCI യുടെ റീജിയണല്‍ ഓഫീസ് ആര്‍.ടി.ഐ മറുപടിയില്‍ പറഞ്ഞു.

‘2020 ല്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന വഴി ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തത് സാധാരണ ചാക്കുകളിലായിരുന്നു. കൊവിഡ് സമയങ്ങളിലൊക്കെ ഇത്തരത്തില്‍ തന്നെയാണ് ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ചത്. രാഷ്ട്രീയ നേതാക്കളുടെ ചിത്രമുള്‍പ്പെടുത്തി ബാഗുകള്‍ ബ്രാന്‍ഡ് ചെയ്യാന്‍ തുടങ്ങിയത് 2024 മുതലാണ്,’ ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ ദി ഹിന്ദുവിനോട് പറഞ്ഞത്. അതേസമയം മോദിയുടെ ചിത്രം ബ്രാന്‍ഡ് ചെയ്ത ബാഗുകള്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നതില്‍ നിന്ന് കേരളം പിന്മാറിയേക്കുമെന്നും ഈ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

രാജസ്ഥാനും നാഗാലാന്‍ഡും സപ്ലൈ ഓര്‍ഡറുകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ മഹാരാഷ്ട്രയില്‍ ഇപ്പോഴും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. ദല്‍ഹി എഫ്.സി.ഐയുടെ റീജ്യണല്‍ ഓഫീസും കണക്കുകള്‍ നല്‍കിയിട്ടില്ല, അദ്ദേഹം പറഞ്ഞു. അതേസമയം 1.14 കോടി ചാക്കുകള്‍ വിതരണം ചെയ്യുന്നതിനായി തമിഴ്നാട് ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്.

‘ഭക്ഷ്യധാന്യങ്ങള്‍ക്കാവശ്യമായ ലാമിനേറ്റഡ് റേഷന്‍ ബാഗുകള്‍ക്കുള്ള ടെന്‍ഡര്‍ നമ്പര്‍ GEM/2024/B/4481689 2024 ജനുവരി 13-ന് നടന്നിട്ടുണ്ട്. ഓര്‍ഡറുകള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല, എന്നാണ് തമിഴ്നാട്ടിലെ എഫ്സിഐയുടെ റീജിയണല്‍ ഓഫീസ് വിവരാവകാശനിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി നല്‍കിയത്.

അതേസമയം അരിചാക്കുകളിലും ഭക്ഷ്യധാന്യങ്ങളിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പതിക്കുന്നതിനെതിരെ വലിയ വിമര്‍ശനങ്ങള്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.

അരി ജനങ്ങളുടെ അവകാശമാണെന്നും അത് ഔദാര്യമല്ലെന്നുമാണ് ആളുകള്‍ അഭിപ്രായപ്പെടുന്നത്. രാജസ്ഥാനില്‍ മാത്രം ഒരു കോടിയിലേറെ രൂപ മോദിയുടെ ചിത്രം പ്രിന്റ് ചെയ്യുന്നതിന് ചിലവാകുമെങ്കില്‍ 28 സംസ്ഥാനങ്ങള്‍ക്കും, 7 കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കൂടി എത്ര തുക ഇതിനായി വിനിയോഗിക്കേണ്ടി വരുമെന്ന ചോദ്യമാണ് ഉയരുന്നത്.

റേഷന്‍ കടകള്‍ക്ക് മുമ്പില്‍ പ്രധാനമന്ത്രിയുടെ ചിത്രമുള്ള സെല്‍ഫി പോയിന്റുകള്‍ സ്ഥാപിക്കണമെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. കേരളവും പശ്ചിമബംഗാളുമുള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ അതിനെതിരെ രംഗത്തെത്തുകയും മോദിയുടെ ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇത് തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടിയുള്ളതാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുന്ന കാര്യം പരിശോധിക്കുമെന്നും കേരളം അറിയിച്ചിരുന്നു.

Content Highlight: Bags With Photos of Narendra Modi Food Grain Distribution Cost

Latest Stories

We use cookies to give you the best possible experience. Learn more