ഇറാഖിനെ നടുക്കി ഇരട്ട ചാവേർ സ്ഫോടനം; 32 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് ​ഗുരുതര പരിക്ക്
World News
ഇറാഖിനെ നടുക്കി ഇരട്ട ചാവേർ സ്ഫോടനം; 32 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് ​ഗുരുതര പരിക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st January 2021, 4:32 pm

ബാഗ്ദാദ്: ഇറാഖിനെ നടുക്കി വീണ്ടും ചാവേർ സ്ഫോടനം. തലസ്ഥാനന​ഗരമായ ബാഗ്ദാദി
ലെ തിരക്കുള്ള പ്രദേശത്താണ് സ്ഫോടനം നടന്നത്. ഇതിനോടകം 32 പേർ കൊല്ലപ്പെട്ടുവെന്ന് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു.

ടൈറാൻ സ്ക്വയറിന് സമീപമുള്ള തിരക്കുള്ള മാർക്കറ്റിലാണ് സ്ഫോടനം നടന്നതെന്ന് ബ്രി​ഗേഡിയർ ജനറൽ ഹസീം അൽ-അസാവി ഇറാഖി ന്യൂസ് ഏജൻസിയോട് പ്രതികരിച്ചു.

സ്ഫോടനത്തിൽ പത്തൊമ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. മരണസംഖ്യ ഇനിയും ഇരട്ടിയിലധികം ഉയർന്നേക്കാമെന്നാണ് സൂചനകൾ.

അപകടത്തിൽ പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകാനായി കൂടുതൽ മെഡിക്കൽ സൗകര്യങ്ങൾ തലസ്ഥാനത്ത് ക്രമീകരിക്കുകയാണ്.

ഇറാഖിൽ കഴിഞ്ഞ വർഷങ്ങളിലായി ചാവേർ സ്ഫോടനങ്ങൾ കുറവായിരുന്നു എന്നത് കൊണ്ട് തന്നെ സ്ഫോടനത്തെക്കുറിച്ച് ​ഗൗരവതരമായ അന്വേഷണം നടത്തുമെന്ന് സേന അറിയിച്ചു. ഇതുവരെ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

2019 ജൂണിലാണ് ചാവേർ ആക്രമണം ഇറാഖിൽ അവസാനമായി നടന്നത്.
അന്ന് നിരവധി പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇറാഖിലെ യു.എസ് സാന്നിധ്യത്തിനെതിരെ സായുധ പോരാട്ടങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്. യു.എസ് എംബസി ലക്ഷ്യം വെച്ചാണ് ഇത്തരം ആക്രമണങ്ങൾ നടന്നിട്ടുള്ളത്.

ഒക്ടോബറിൽ ഇറാന്റെ പിന്തുണയുള്ള സായുധ ​ഗ്രൂപ്പുകൾ അനൗപചാരികമായി ഉടമ്പടിയിൽ എത്തിച്ചേർന്നതിന് ശേഷമാണ് ആക്രമണത്തിന്റെ തോത് കുറഞ്ഞത്.

2017ൽ ഐ.എസ്.ഐ.എല്ലിനെ പരാജയപ്പെടുത്തിയതായി ഇറാഖ് പ്രഖ്യാപിച്ചിരുന്നു. അതേസമയം ​ഐ.എസ്.ഐ.എൽ ​ഗ്രൂപ്പുകൾ ഇപ്പോഴും രഹസ്യമായി ഇറാഖിൽ പ്രവർത്തിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Baghdad hit by twin suicide attack, over a dozen killed: Military