| Saturday, 18th November 2023, 3:46 pm

സ്റ്റംപുകളും തെറിപ്പിക്കും 51ാം സെഞ്ച്വറിയും നേടും; സുരേഷ് റെയ്‌ന

സ്പോര്‍ട്സ് ഡെസ്‌ക്

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയ മെഗാ ഫൈനല്‍ നടക്കാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ ഫൈനലിനെ വരവേല്‍ക്കാന്‍ കാത്തിരിക്കുകയാണ്.

പാറ്റ് കമ്മിന്‍സിന്റെ നേതൃത്വത്തിലുള്ള ഓഫീസിനെ നേരിടാന്‍ രോഹിത്തും സംഘവും അവസാനഘട്ട പരിശീലനവും കഴിഞ്ഞിരിക്കുകയാണ്. ഇന്ത്യന്‍ മുന്‍നിര ബാറ്റര്‍മാരില്‍ ഏതൊരു ടീമും ഭയക്കുന്ന കിങ് വിരാട് കോഹ്‌ലി തന്റെ ലോകകപ്പ് കരിയറിലെ 51 സെഞ്ച്വറിയും ഫൈനലില്‍ നേടുമെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. നവംബര്‍ 15ന് വാംഖഡെയില്‍ നടന്ന ആദ്യ സെമിഫൈനല്‍ മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ സെഞ്ച്വറി നേടി വിരാട് കോഹ്‌ലി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ 49 ഏകദിന സെഞ്ച്വറി മറികടന്നിരുന്നു.

‘ വിരാട് കോഹ്‌ലി ഒരു വലിയ കളിക്കാരനാണ്. നിര്‍ണായക മത്സരത്തിലെല്ലാം അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സെമി ഫൈനലില്‍ അദ്ദേഹം 50ാം സെഞ്ച്വറി നേടി, ഇനി ഫൈനലില്‍ 51ാം സെഞ്ച്വറിയും അദ്ദേഹം നേടും. ഓസീസിനെതിരെ കളിക്കാനാണ് അദ്ദേഹത്തിന് കൂടുതല്‍ ഇഷ്ടം. അവര്‍ക്കെതിരെ എട്ട് ഏകദിനങ്ങളില്‍ അദ്ദേഹം റെക്കോഡ് ഇട്ടിട്ടുണ്ട്,’ സുരേഷ് റെയ്‌ന റെവ് സ്‌പോട്‌സിനോട് പറഞ്ഞു.

ഇന്ത്യന്‍ സ്റ്റാര്‍ ബൗളര്‍ മുഹമ്മദ് ഷമിയെക്കുറിച്ചും റെയ്‌ന സംസാരിച്ചു.

‘മുഹമ്മദ് ഷമി മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. അവന്‍ സ്റ്റംപുകളെ ആക്രമിച്ച് കീഴടക്കുന്നു. അവന് കൃത്യമായ സീം പൊസിഷന്‍ അറിയാം. ഒരു ഇടം കയ്യന്‍ ബാറ്റര്‍ വന്നാല്‍ അവന്‍ വിക്കറ്റിന് ചുറ്റും എറിഞ്ഞുകൊണ്ടിരിക്കും. ഷമിയുടെ വിജയത്തിന്റെ ക്രഡിറ്റ് രോഹിത് ശര്‍മക്ക് കൂടെ അവകാശമുണ്ട്. അദ്ദേഹത്തിന്റെ പേസ് ആക്രമണത്തിന് രോഹിത് മികച്ച ഫീല്‍ഡ് സെറ്റ് ചെയ്യുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകകപ്പിന്റെ തുടക്കത്തില്‍ തന്നെ ആദ്യ നാലു മത്സരങ്ങളില്‍ പുറത്തിരിക്കേണ്ടിവന്ന മാസ് പേസര്‍ ന്യൂസിലാന്‍ഡിനെതിരെ ധര്‍മ്മശാലയില്‍ നടന്ന ഇന്ത്യയുടെ അഞ്ചാം മത്സരത്തിലാണ് കളിക്കളത്തില്‍ ഇറങ്ങിയത്. ശേഷം ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ വിജയം ഉറപ്പിച്ചത് ഷമി നേടിയ ഏഴ് വിക്കറ്റിന്റെ ചരിത്ര നേട്ടത്തിലായിരുന്നു. ഇതോടെ ഒരു ലോകകപ്പില്‍ ഇന്ത്യയ്ക്കുവേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന ബൗളറായി മാറുകയാണ് ഷമി. 23 വിക്കറ്റുകളാണ് താരം ഈ ലോകകപ്പില്‍ നേടിയത്. ഏകദിന ലോകകപ്പില്‍ ഏറ്റവും വേഗത്തില്‍ കൂടുതല്‍ വിക്കറ്റുകള്‍ നേടുന്നതും ഷമി തന്നെ. 50 വിക്കറ്റുകള്‍ ആണ് ഷമിയുടെ അക്കൗണ്ടില്‍ ഉള്ളത്. അതുകൂടാതെ ഏകദിന ലോകകപ്പ് ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഫൈഫര്‍ നേടുന്ന താരവും ഷമിയാണ്. നാലു തവണയാണ് ഷമി ഫൈഫര്‍ നേടിയത്.

ഫൈനല്‍ മത്സരത്തില്‍ ഇന്ത്യന്‍ നിരയിലെ ബാറ്റര്‍മാരും ബൗളര്‍മാരും മികച്ച പ്രകടനം കാഴ്ചവെക്കുന്നത് കാത്തിരുന്ന് കാണേണ്ടതാണ്. 2003 ലോകകപ്പ് ഫൈനലില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ പരാജിതരായത് ഒരു ഇന്ത്യന്‍ ആരാധകരും മറന്നു കാണില്ല. 23 വര്‍ഷത്തെ കണക്ക് തീര്‍ക്കാന്‍ ഈ ഫൈനല്‍ ഇന്ത്യ എന്ത് വില കൊടുത്തും വിജയിക്കുമെന്ന് ഉറപ്പാണ്.

Content Highlight: Suresh Raina believes that Mohammad Shami and Virat Kohli will perform well

We use cookies to give you the best possible experience. Learn more