യു.പിയിലെ ബദറുദ്ദീന്‍ ഷാ ദര്‍ഗ മഹാഭാരതത്തിലെ അരക്കില്ലം; ഹിന്ദുക്കൾക്ക് നൽകാൻ കോടതി ഉത്തരവ്
national news
യു.പിയിലെ ബദറുദ്ദീന്‍ ഷാ ദര്‍ഗ മഹാഭാരതത്തിലെ അരക്കില്ലം; ഹിന്ദുക്കൾക്ക് നൽകാൻ കോടതി ഉത്തരവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th February 2024, 10:25 am

ബാഗ്പത്: ഉത്തര്‍പ്രദേശിലെ ബാഗ്പതില്‍ ദര്‍ഗയുടെ ഉടമസ്ഥാവകാശം വിട്ടുകിട്ടാന്‍ ആവശ്യപെട്ട് മുസ്‌ലിംപക്ഷം സമര്‍പ്പിച്ച പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഹരജി തള്ളി കോടതി. തിങ്കളാഴ്ച പുറപ്പെടുവിച്ച ഉത്തരവിലാണ് സിവില്‍ ജഡ്ജി മുസ്‌ലിം പക്ഷത്തിന്റെ ഹരജി റദ്ദാക്കിയത്.

ബാഗ്പതിലെ ബര്‍ണാവ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന സൂഫിവര്യന്‍ ബദറുദ്ദീന്‍ ഷായുടെ ശവകുടീരവും ശ്മശാനവും ഉള്ള സ്ഥലത്തെച്ചൊല്ലി ദീര്‍ഘകാലമായി തര്‍ക്കം നിലനിന്നിരുന്നു. ഈ ദര്‍ഗയാണ് ഹിന്ദു പക്ഷത്തിന് നല്‍കാന്‍ ബാഗ്പത് ജില്ലാ സെക്ഷന്‍സ് കോടതി ഉത്തരവിട്ടത്.

53 വര്‍ഷം മുമ്പ് 1970ല്‍ ഹിന്ദുവിഭാഗം കടന്നുകയറി പ്രാര്‍ത്ഥന നടത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ദര്‍ഗയുടെ കാര്യസ്ഥന്‍ കോടതിയെ സമീപിച്ചതോടെയാണ് തര്‍ക്കം ആരംഭിക്കുന്നത്.  അക്കാലത്തെ പ്രാദേശിക പുരോഹിതനായ കൃഷ്ണദത്ത് മഹാരാജിനെയായിരുന്നു കേസില്‍ പ്രതിയാക്കിയിരുന്നത്.

ഇത് ബദറുദ്ദീന്‍ ഷായുടെ ശവകുടീരമാണെന്ന് മുസ്‌ലിംങ്ങള്‍ പറയുമ്പോള്‍ മഹാഭാരതത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന ലക്ഷഗൃഹയുടെ (അരക്കില്ലം) അവശിഷ്ടമാണ് എന്നാണ് ഹിന്ദുക്കള്‍ അവകാശപ്പെട്ടിരുന്നത്.

പാണ്ഡവരെ ചുട്ടുകൊല്ലാന്‍ ദുര്യോധനന്‍ പണികഴിപ്പിച്ച കൊട്ടാരത്തെയാണ് മഹാഭാരതത്തില്‍ ലക്ഷഗൃഹം എന്ന് വിളിച്ചിരുന്നത്.

നിലവില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴിലാണ് ഈ ഭൂമി. എന്നാല്‍ കേസില്‍ തര്‍ക്കഭൂമി വഖഫ് സ്വത്താണോ അതോ ശ്മശാനമാണോ എന്ന് സ്ഥാപിക്കാന്‍ മുസ്‌ലിംപക്ഷത്തിന് കഴിഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.

ഹരജി തള്ളിയതിന് പിന്നാലെ തങ്ങള്‍ കേസുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് മുസ്‌ലിംപക്ഷത്തിന് വേണ്ടി വാദിക്കുന്ന അഭിഭാഷകന്‍ പറഞ്ഞു.

Content Highlight: Badruddin Shah Dargah in UP handed over to Hindus by court order; The petition of the Muslim groups was rejected