രണ്ടാം വിവാഹം കഴിക്കണമെങ്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് വേണം; ബദറുദ്ദീന്‍ എം.പിക്കെതിരെ വിവാദ പരാമര്‍ശവുമായി ഹിമന്ത ബിശ്വ ശര്‍മ
national news
രണ്ടാം വിവാഹം കഴിക്കണമെങ്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് വേണം; ബദറുദ്ദീന്‍ എം.പിക്കെതിരെ വിവാദ പരാമര്‍ശവുമായി ഹിമന്ത ബിശ്വ ശര്‍മ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 31st March 2024, 10:03 am

ദിസ്പൂര്‍: എ.ഐ.യു.ഡി.എഫ് നേതാവും എം.പിയുമായ ബദറുദ്ദീന്‍ അജ്മലിനെതിരെ വിവാദ പരാമര്‍ശവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ഏക സിവില്‍ കോഡിന്റെ അടിസ്ഥാനത്തിലാണ് വിവാദ പരാമര്‍ശം.

ബദറുദ്ദീന്‍ അജ്മലിന് വീണ്ടും വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ചെയ്യണമെന്നും ഏക സിവില്‍ കോഡ് നടപ്പാക്കിയതിന് ശേഷമാണെങ്കില്‍ അറസ്റ്റിലാവുമെന്നുമാണ് ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞത്.

ഉദല്‍ഗുരിയില്‍ നടന്ന തെരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ‘ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഏക സിവില്‍ കോഡ് നടപ്പാക്കും. അതിന് ശേഷം ബഹുഭാര്യത്വം നിയമവിരുദ്ധമാക്കും. ബദറുദ്ദീന്‍ എം.പി വീണ്ടും വിവാഹം കഴിച്ചാല്‍ അദ്ദേഹത്തെ ജയിലില്‍ അടക്കും,’, ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.

അദ്ദേഹം തന്നെ വിവാഹത്തിന് ക്ഷണിച്ചാല്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നും എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം യു.സി.സി നിലവില്‍ വന്നാല്‍ നിയമം എല്ലാവര്‍ക്കും ഒരുപോലെ ആയിരിക്കുമെന്നും ഹിമന്ത ബിശ്വ ശര്‍മ കൂട്ടിച്ചേര്‍ത്തു.

ഏക സിവില്‍ കോഡിനെതിരെ അടുത്തിടെ ബദറുദ്ദീന്‍ നടത്തിയ പരാമര്‍ശത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഏക സിവില്‍ കോഡ് നടപ്പിലാക്കുക വഴി രാജ്യത്തെ മുസ്‌ലിങ്ങളെ പ്രകോപിപ്പിക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.

വിവാഹം കഴിക്കണമെന്നുണ്ടെങ്കില്‍ ആര്‍ക്കും അത് തടയാന്‍ സാധിക്കില്ലെന്നും മതം അതിന് അനുവദിക്കുന്നുണ്ടെന്നും ബദറുദ്ദീന്‍ എം.പി പറഞ്ഞിരുന്നു. 2009 മുതല്‍ ദുബ്രി മണ്ഡലത്തില്‍ നിന്നുള്ള എം.പിയാണ് ബദറുദ്ദീന്‍ അജ്മല്‍.

വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കല്‍, സ്വത്തിന്റെ പിന്തുടര്‍ച്ചാവകാശം എന്നിവയെ നിയന്ത്രിക്കുന്ന മതപരമായ വ്യക്തിനിയമങ്ങള്‍ക്ക് പകരമുള്ള ഏകീകൃത സിവില്‍ നിയമം അസമില്‍ നടപ്പാക്കുമെന്നാണ് ഹിമന്ത ബിശ്വ ശര്‍മ അവകാശപ്പെടുന്നത്.

1935ലെ അസം മുസ്‌ലീം വിവാഹ, വിവാഹമോചന രജിസ്‌ട്രേഷന്‍ നിയമം റദ്ദാക്കാന്‍ അസം സര്‍ക്കാര്‍ കഴിഞ്ഞ മാസം അനുമതി നല്‍കിയിരുന്നു. ഉത്തരാഖണ്ഡിനും ഗുജറാത്തിനും ശേഷം യു.സി.സി നടപ്പാക്കുന്ന മൂന്നാമത്തെ സംസ്ഥാനമായി അസം മാറുമെന്നും ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞിരുന്നു.

Content Highlight: ‘Badruddin Ajmal should marry before elections’: Himanta Biswa Sarma on UCC