| Monday, 20th February 2023, 9:25 am

മമ്മൂട്ടിയെക്കാള്‍ ഇളപ്പമാണ് മോഹന്‍ലാല്‍, എന്നാല്‍ ഇപ്പോഴത്തെ മമ്മൂട്ടി ചിത്രങ്ങള്‍ക്ക് ഒരു ഓജസും തേജസുമുണ്ട്: ഭദ്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമകളില്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള സ്വാതന്ത്ര്യം മോഹന്‍ലാലിനുണ്ടെന്ന് സംവിധായകന് ഭദ്രന്‍. എന്നാല്‍ അദ്ദേഹം അങ്ങനെ ചെയ്യുന്നില്ലെന്നും എന്നുവെച്ച് മോഹന്‍ലാലിന്റെ അഭിനയം പോയി എന്ന് പറയുന്നതില്‍ കാര്യമില്ലെന്നും ഭദ്രന്‍ പറഞ്ഞു. മറുവശത്ത് മമ്മൂട്ടി നല്ല സിനിമകള്‍ ചെയ്യാന്‍ ശ്രമം നടത്തുന്നുണ്ടെന്നും വ്യത്യസ്തമായി സഞ്ചരിച്ചാലേ നിലനില്‍പ്പുള്ളൂ എന്ന് അദ്ദേഹത്തിന് അറിയാമെന്നും ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ ഭദ്രന്‍ പറഞ്ഞു.

‘അന്നത്തെ മോഹന്‍ലാലും ഇന്നത്തെ മോഹന്‍ലാലും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. ഒരു ഉദാഹരണം പറയാം. നമ്മള്‍ സ്‌നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന, രാജ്യം മുഴുവന്‍ ആദരിക്കപ്പെടുന്ന വലിയ പാട്ടുകാരനാണ് യേശുദാസ്. ദാസേട്ടന്റെ ചില പാട്ടുകള്‍ മൈല്‍ സ്റ്റോണുകളാണ്. ചിലത് സാധാരണമാണ്. അതില്‍ വലിയ ഗ്രേറ്റ്‌നെസ് കാണില്ല. പക്ഷേ നമുക്ക് ഗ്രേറ്റ് അല്ല എന്ന് തോന്നുന്ന പാട്ടുകള്‍ പാടിയിട്ടുള്ള യേശുദാസിനെ നമ്മള്‍ വില കുറച്ച് കാണുന്നുണ്ടോ? അദ്ദേഹത്തിലേക്ക് ചെന്ന പാട്ടുകളുടെ കുഴപ്പമല്ലേ അത്. ആ പാട്ടിന്റെ കണ്ടന്റിന്റെ കുഴപ്പമല്ലേ. അല്ലെങ്കില്‍ അതിന്റെ കോമ്പോസിഷന്റെ കുഴപ്പമല്ലേ.

പക്ഷേ രണ്ട് പേര്‍ക്കും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്തുകൊണ്ട് ദാസേട്ടന്‍ തെരഞ്ഞെടുത്തില്ല. ഒരുപക്ഷേ ദാസേട്ടനെ കൊണ്ട് വലിയ പാട്ടുകള്‍ പാടിച്ച മ്യൂസിക് ഡയറക്ടറാവാം ഇങ്ങനെ ഒരു പാട്ടുണ്ടെന്ന് പറഞ്ഞ് പിന്നേയും വരുന്നത്. ആ പാട്ട് പൂര്‍ണമായും കമ്പോസറുടെ താല്‍പര്യമാവണമെന്നില്ല. ആ സിനിമക്ക് ഒരു സംവിധായകനുണ്ട്. അയാള്‍ക്ക് ആ ട്യൂണ്‍ മതിയായിരിക്കും. അവിടെ തന്നെ മ്യൂസിക് ഡയറക്ടര്‍ റെസ്ട്രിക്റ്റഡായി.

മോഹന്‍ലാലിന്റെ മുമ്പിലേക്ക് വരുന്ന കഥകള്‍ അദ്ദേഹത്തിന് വേണ്ടെന്ന് വെക്കാം. ഈ കണ്ടന്റ് എന്നെ ഇമ്പ്രസ് ചെയ്തില്ലെന്ന് ഒരു തീരുമാനമെടുക്കാന്‍ ലാലിന് പറ്റും. എന്തുകൊണ്ട് ലാല്‍ അത് ചെയ്യുന്നില്ല എന്നതാണ് ചോദ്യം. അതുകൊണ്ട് മോഹന്‍ലാലിന്റെ പഴയ അഭിനയം പോയി, ഇപ്പോള്‍ എന്ത് അഭിനയമാണ്, മരകട്ടി പോലത്തെ മോഹന്‍ലാല്‍ ഒന്നും ചെയ്യുന്നില്ല എന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണിരിക്കുന്നത്.

മമ്മൂട്ടിയെക്കാള്‍ ഇളപ്പമാണ് മോഹല്‍ലാല്‍. പക്ഷേ ഇക്കാലത്ത് നടന്നുകൊണ്ടിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളില്‍ കുറച്ചുകൂടി ഓജസും തേജസുമുണ്ട്. അതൊരു ശ്രമമല്ലേ. കുറച്ച് കൂടി കണ്ടന്റിലേക്ക് ശ്രദ്ധിക്കാന്‍ തുടങ്ങുമ്പോള്‍ ഈ കണ്ടന്റിലേക്ക് എനിക്ക് എന്തെങ്കിലും ചെയ്യാനുണ്ടോ എന്നൊരു ഉള്‍ക്കാഴ്ചയിലേക്ക് അയാള്‍ പോകുന്നുണ്ടാവാം. മമ്മൂട്ടി ചെയ്യുന്ന എല്ലാ സിനിമയും വൗ എത്ര മികച്ചതാണ് എന്ന രീതിയിലല്ല ഞാന്‍ പറയുന്നത്. എങ്കിലും പ്രായം കൂടുന്നതിനനുസരിച്ച് ഞാന്‍ ഇവിടെ നിലനില്‍ക്കണം, എന്തെങ്കിലും വ്യത്യസ്തമായ രീതിയില്‍ സഞ്ചരിച്ചാലേ നിലനില്‍പ്പുള്ളൂ എന്ന ചിന്ത അയാളിലുണ്ട്,’ ഭദ്രന്‍ പറഞ്ഞു.

Content Highlight: badran talks about the selection of mammootty and mohanlal

We use cookies to give you the best possible experience. Learn more